മഞ്ഞുമൂടിയ കൂനിച്ചിമല, അമ്പൂരിയിലെ മിനി പൊൻമുടി; ഇവിടുത്തെ ട്രെക്കിംഗ് ഒന്നൊന്നര അനുഭവം തന്നെ
യാത്രകൾ തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ നൽകുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്, അങ്ങനെയുള്ളപ്പോൾ അതുപോലെ മനോഹരമായ ഇടങ്ങളിലേക്ക് വേണ്ടേ നാം പോവാനും. എപ്പോഴെങ്കിലും നിങ്ങൾ അങ്ങനെ ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അധികമാരും അറിയാതെ ഒരു അടിപൊളി ലൊക്കേഷൻ നിങ്ങളെ പരിചയപെടുത്തി തരാം.
അത് മറ്റെവിടെയുമല്ല നമ്മുടെ സ്വന്തം തലസ്ഥാന നഗരിയിൽ തിരുവനന്തപുരം ജില്ലയിലാണ്. എല്ലാവർക്കും അറിയാവുന്ന തിരുവനന്തപുരത്തെ പൊൻമുടിയുടെ ജൂനിയർ എന്ന് വേണമെങ്കിൽ വിളിക്കാൻ കഴിയുന്ന ഈ സ്ഥലത്തിന്റെ പേര് കൂനിച്ചിമല എന്നാണ്. അക്ഷരാർത്ഥത്തിൽ ഒരു ഹിഡൻ സ്‌പോട്ട് തന്നെയായിരുന്നു കുറച്ചുകാലം മുൻപ് വരെ ഇവിടം.

അടുത്തകാലത്തായാണ് റീൽസിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഒക്കെയായി ഈ സ്ഥലത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായത്. അതിന് ശേഷം ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് കൂനിച്ചിമല സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി മാതാ മലയെന്നും ഇതിനെ വിളിക്കാറുണ്ട്.
നട്ടുച്ചയ്ക്ക് പോലും കോട മഞ്ഞു പുതച്ചു കിടക്കുന്ന കൂനിച്ചിമലയുടെ കാഴ്‌ച എത്ര പറഞ്ഞറിയിച്ചാലും മതിയാവില്ല. അമ്പൂരി എന്ന് കേട്ടാൽ തിരുവനന്തപുരത്തുകാർക്ക് ട്രെക്കിംഗ് തന്നെയായിരുന്നു ഏറ്റവും ആദ്യം ഓർമ്മ വരിക. അതേ അമ്പൂരിയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രെക്കിംഗ് ലൊക്കേഷനുകളിൽ ഒന്നായി കൂനിച്ചിമല മാറുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണാനുള്ളത്.
തിരുവനന്തപുരത്തിന്റെ മിനി പൊന്മുടി എന്നും ഈ മല അറിയപ്പെട്ടു തുടങ്ങി. ധാരാളം ട്രെക്കിംഗ് സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്, സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ട്രെക്കിംഗ് പാക്കേജ് ഉൾപ്പെടെ ഇവിടെ ലഭ്യമാണ് താനും. വെള്ളറട കുരിശുമല സംഗമ വേദിയിൽ നിന്നാണ് കൂനിച്ചിമലയിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്, 45 മിനിറ്റോളം നീളുന്ന ഈ യാത്രയിൽ അരുവിയും വെള്ളച്ചാട്ടവും ഈ ഒക്കെ കണ്ടു തന്നെ മുന്നോട്ട് പോവാം.
മല മുകളിൽ നിന്നാൽ നെട്ട ചിറ്റാർ ഡാം, അമ്പൂരി എന്നിവ കാണാവുന്നതാണ്. നെയ്യാറിലേക്ക് യാത്ര നടത്തുന്നവർക്ക് പോവാൻ പറ്റിയ ഒരു കിടിലൻ സ്പോട്ട് തന്നെയാണ് കൂനിച്ചിമല. അല്ലാതെയും ഇവിടേക്ക് ധാരാളം പേർ എത്തുന്നുണ്ട്. ട്രെക്കിംഗ് ഇഷ്‌ടപ്പെടുന്ന ആളുകളെ സംബന്ധിച്ച് കൂനിച്ചിമല യാത്ര ഒരിക്കലും നിരാശപ്പെടുത്തുന്ന അനുഭവമാകില്ല എന്നുറപ്പാണ്.
ഇനി അമ്പൂരിയിൽ എത്തിയാൽ നിങ്ങളെ കാത്ത് കാഴ്‌ചകൾ വേറെയും ഒരുപാടുണ്ട് എന്ന് ഓർക്കണം. അമ്പൂരിയിലെ പ്രധാന കേന്ദ്രങ്ങളായ ദ്രവ്യപ്പാറ, മായം, നെല്ലിക്കാമല, ഞണ്ടുപാറ, പുരവിമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിങ്ങൾക്ക് പോകാവുന്നതാണ്. അമ്പൂരിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന കാളിമലയും അടിപൊളി സ്പോട്ടാണ്.












Click it and Unblock the Notifications