കുട്ടനാടും കുമ്പളങ്ങിയും ഒക്കെ മാറിനിൽക്കും; കുമരകത്തെ കാഴ്‌ചകൾ അപൂർവം, ഒപ്പം നല്ല നാടൻ ഭക്ഷണവും
കേരളത്തിന്റെ സമ്പന്നമായ ഉൾനാടൻ ജലാശയങ്ങളുടെ പ്രൗഢി ടൂറിസം മേഖലയ്ക്ക് നൽകുന്ന മൈലേജ് ചെറുതൊന്നുമല്ല. സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം ഇത്തരം കായലുകളും തടാകങ്ങളും ഒക്കെ ടൂറിസത്തിന്റെ നട്ടെല്ലായി മാറുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. എന്നാൽ ഇക്കാര്യത്തിൽ ഒരുപരിധി വരെ മധ്യകേരളം ഒരുപടി മുകളിലാണ്.
പ്രത്യേകിച്ച് എറണാകുളത്തിന് ശേഷം തെക്കൻ കേരളത്തിലെ കൊല്ലം വരെ നീണ്ടുകിടക്കുന്ന വിശാലമായ സാധ്യതകൾ ഈ മേഖലയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ് നൽകുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു പെട്ടെന്നുള്ള തിരഞ്ഞെടുക്കൽ തികച്ചും അസാധ്യമാണ്. കുട്ടനാടും കൊച്ചിയും കുമ്പളങ്ങിയും ശാസ്‌താംകോട്ടയും ഒക്കെ നിറഞ്ഞു നിൽക്കുകയാണ് നമ്മുടെ ടൂറിസം ഭൂപടത്തിൽ.

എന്നാൽ അതിൽ തങ്കലിപികളിൽ കുറിച്ചൊരു പേര് കൂടിയുണ്ട് അങ്ങ് കോട്ടയം ജില്ലയിൽ. പേര് പറയാതെ തന്നെ ജില്ല പറയുമ്പോൾ ഭൂരിഭാഗം പേർക്കും സ്ഥലം ഏതെന്ന് മനസിലാവും, അതാണ് കുമരകം എന്ന സ്ഥലം ഉണ്ടാക്കിയെടുത്ത സ്ഥാനം. കോട്ടയം ജില്ലയുടെ സ്വകാര്യ അഹങ്കാരം എന്ന് വേണമെങ്കിൽ ഈ സ്ഥലത്തെ നമുക്ക് വിശേഷിപ്പിക്കാം.
കുട്ടനാട് മേഖലയുടെ ഭാഗമായ വേമ്പനാട് കായലിലെ ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുമരകം ഗ്രാമം. 14 ഏക്കറിൽ പരന്നുകിടക്കുന്ന ഇവിടുത്തെ പക്ഷിസങ്കേതം ദേശാടനപക്ഷികളുടെ പറുദീസയാണ്, ഒപ്പം പക്ഷിശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട ഇടവും. ധാരാളം ദേശാടന പക്ഷികൾ കൂട്ടത്തോടെ വിരുന്നെത്തുന്ന ഈ പ്രദേശം എല്ലാ സന്ദർശകരെയും ഒരുപോലെ ആകർഷിക്കുകയും ചെയ്യുന്നു.
കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഉൾനാടൻ ജലാശയ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ കുമരകം ഇവിടെയെത്തുന്നവർക്ക് മറ്റ് വിനോദ പരിപാടികൾ കൂടി വാഗ്‌ദാനം ചെയ്യുന്ന കേന്ദ്രമാണ്. ഇവിടെ ബോട്ടിങ്ങിനും മത്സ്യബന്ധനത്തിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, എങ്ങനെ കായലിൽ നിന്ന് മീൻ പിടിക്കാമെന്നത് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യും.
ചെറുവള്ളങ്ങളിലെ യാത്ര അതീവ രസകരമാണ്. എന്തെന്നാൽ നമ്മുടെ തഴുകി പോകുന്ന കാറ്റിന്റെ തണുപ്പിൽ സ്വയം മറക്കാൻ ഈ സ്ഥലം ഉറപ്പായും സഞ്ചരികളെ സഹായിക്കും. കൂടാതെ കുമരകത്തെ മറ്റൊരു ആകർഷണമായ നാടൻ ഭക്ഷണങ്ങൾ നിങ്ങൾ ഉറപ്പായും പരീക്ഷിക്കേണ്ടതുണ്ട്. കായലിൽ നിന്ന് കിട്ടുന്ന മീനുകളുടെ എണ്ണമറ്റ വിഭവങ്ങൾ ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കായൽ റിസോർട്ടായ വാട്ടർസ്‌കേപ്‌സിൽ തെങ്ങിൻ തോപ്പുകൾക്കിടയിൽ കായലുകളുടെ മനോഹര ദൃശ്യം പ്രദാനം ചെയ്യുന്ന ധാരാളം കോട്ടേജുകൾ ഉണ്ട് താമസ സൗകര്യത്തിനായി. സ്വകാര്യ റിസോർട്ടുകളും ധാരാളമായി ഇവിടെ പ്രവർത്തിക്കുന്നു.












Click it and Unblock the Notifications