കുറുവ ദ്വീപ് ഒളിപ്പിച്ച അത്ഭുതങ്ങൾ; ചങ്ങാടത്തിലൊരു യാത്രയായാലോ? കബനിയുടെ സൗന്ദര്യവും അറിയാം
വയനാടിന്റെ ഭംഗി ആസ്വദിക്കാൻ ധാരാളം പേർ എത്തുന്ന കാലമാണിത്. മുൻപ് മലബാറുകാരുടെ മാത്രം കേന്ദ്രമായിരുന്നു ഇവിടം കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും ആളുകൾ എത്തുന്ന ഇടമായി മാറിയിരിക്കുന്നു. ഏത് കാലാവസ്ഥയിലും, ഏത് കാലത്തും ആളുകളെ ആകർഷിക്കുന്ന ഒരു മാസ്‌മരികത ഈ സ്ഥലത്തിനുണ്ട് എന്നതാണ് പ്രത്യേകത.
വയനാട്ടിൽ ഏറ്റവുമധികം ആളുകൾ എത്തുന്ന ഇടങ്ങളാണ് ബാണാസുരസാഗർ അണക്കെട്ടും, എടക്കൽ ഗുഹയും, ചെമ്പ്ര കൊടുമുടിയും, മുത്തങ്ങയും ഒക്കെ. എന്നാൽ അതിലും കൂടുതൽ ആളുകൾ എത്തുന്ന വയനാട്ടിലെ ഏറ്റവും ഹോട്ട് ഡെസ്‌റ്റിനേഷൻ എന്ന് വിളിക്കാവുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് കുറുവ ദ്വീപുകൾ. അത്രയധികം അത്ഭുതങ്ങൾ ഒളിപ്പിച്ച ഇടം കൂടിയാണിത്.

മാനന്തവാടിയിൽ നിന്ന് 15 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 58 കിലോമീറ്ററും കൽപ്പറ്റയിൽ നിന്ന് 40 കിലോമീറ്ററും അകലെയായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയിൽ നിന്ന് കുറുവ ദ്വീപിലേക്ക് ഇടവിട്ട നേരങ്ങളിൽ ബസ് സർവീസുകളുമുണ്ട്.
കബനി നദിയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ് എന്നറിയപ്പെടുന്നത്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടെ ഉള്ളൊരു വ്യത്യസ്‌തമായ യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിൽ ഒന്ന്. ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണിവിടം.
ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ടെന്നതാണ് പ്രത്യേകത. വയനാട്ടിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്‌തമായ കാഴ്‌ചകളും, ഭൂപ്രകൃതിയും നിങ്ങൾക്കിവിടെ കാണാൻ കഴിയും. വേഴാമ്പലുകള്‍, വിവിധ തരാം തത്തകള്‍, അനേകം ചിത്രശലഭങ്ങള്‍ എന്നിവയുടെ പ്രധാന ആവാസ മേഖല ആണിവിടം.
ഈ ദ്വീപ് അനേകം അരുവികളാൽ ചുറ്റപ്പെട്ടിരിക്കുന്നു, അതുകൊണ്ട് തന്നെ ദ്വീപിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് നിങ്ങൾക്ക് ഈ അരുവികളിലൂടെ ഒരു ബോട്ട് സവാരിയോ ചങ്ങാട യാത്രയോ നടത്താം. ഇതിനുള്ള ബോട്ടുകളും ചങ്ങാടങ്ങളും കേരള ടൂറിസം വകുപ്പാണ് നൽകുന്നത്. ഈ യാത്ര ഉറപ്പായും ഒരു പ്രത്യേക അനുഭവമായിരിക്കും എന്നുറപ്പാണ്.
ഈ അതിമനോഹരമായ ദ്വീപിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ വെറുതെ നടക്കുക എന്നതാണ്. ഇക്കോ ടൂറിസം പരിപാലിക്കുന്ന ഇടമായതിനാൽ ഇവിടെ ആഘോഷങ്ങൾക്കും മറ്റ് പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് കുറുവ ദ്വീപ് തുറന്നിരിക്കുന്നത്. മഴക്കാലത്ത് (ജൂൺ മുതൽ സെപ്റ്റംബർ വരെ) ദ്വീപ് അടച്ചിരിക്കും.












Click it and Unblock the Notifications