മൺസൂൺ പൊളിക്കാൻ കുട്ടനാട്ടിലേക്ക് വിട്ടാലോ; ഹൗസ് ബോട്ട് യാത്രയും നാടൻ രുചികളും, അടിച്ചുകേറി വാ
മലയാളികളുടെ എക്കാലത്തെയും ഹോട്ട് ലൊക്കേഷൻ എന്ന് വിളിക്കാവുന്ന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ. കായൽ പ്രദേശങ്ങളുടെ അതിപ്രസരമുള്ള ആലപ്പുഴയിലേക്കുള്ള യാത്ര പലപ്പോഴും പുത്തൻ അനുഭവമായിരിക്കും പലർക്കും നൽകുക. എന്തെന്നാൽ പ്രധാനമായും മറ്റ് ഭൂപ്രകൃതിയിൽ നിന്ന് വളരെ വ്യത്യസ്‌തത പുലർത്തുന്ന ആലപ്പുഴയിലെ ഗ്രാമങ്ങൾ എന്നും മനോഹരമായ കാഴ്‌ചയാണ് നമുക്ക് മുൻപിൽ നൽകുന്നത്.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ കാഴ്‌ചകൾ വിദേശികളും സ്വദേശികളും ഒക്കെയായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും സുപ്രധാനമായ സ്ഥാനം നേടിയിട്ടുള്ള ആലപ്പുഴ പക്ഷേ ഇന്നൊരു ശരിക്കുമുള്ള അസൽ ടൂറിസം മേഖല തന്നെയാണ്.

വള്ളംകളി, കായലുകൾ, ബീച്ചുകൾ, സമുദ്രോത്പന്നങ്ങൾ, കയർ വ്യവസായം എന്നിവയ്ക്ക് വളരെ പേരുകേട്ട ഇടമായി ഇവിടം മാറിയിരിക്കുന്നു. എന്നാൽ ഇതേ ആലപ്പുഴയിൽ ഇന്ന് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മേഖലയാണ് കുട്ടനാട്. വേമ്പനാട് കായലിന്റെ ഹൃദയ ഭാഗത്താണ് 'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന കുട്ടനാട് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാഴ്‌ചകളെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല.
കുട്ടനാട്ടിനെ രണ്ടായി മുറിച്ച് പടിഞ്ഞാറ് ആലപ്പുഴയും കിഴക്ക് ചങ്ങനാശ്ശേരിയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് എന്നറിയപ്പെടുന്നത്. ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ ഇരുവശത്തേയും ഗ്രാമീണ ഭംഗിയും മാറുന്ന നാട്ടിന്‍ പുറങ്ങളും നിങ്ങൾക്ക് കാണാം. ഒപ്പം സഞ്ചാരികൾക്ക് ഈ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവിടുത്തെ ജീവിതങ്ങൾ നേരിട്ട് കാണാനും കഴിയും.
ബണ്ടുകളില്‍ ഉള്ള കള്ള് ഷാപ്പുകളില്‍ നല്ല മത്സ്യ വിഭവങ്ങളും മറ്റു ഭക്ഷണങ്ങളും ലഭിക്കും എന്നതാണ് പ്രത്യേകത. പുരവഞ്ചിയില്‍ സവാരി നടത്തിയോ, സാധാരണ ബോട്ടില്‍ സഞ്ചരിച്ചോ ഇവിടേക്ക് എത്തുന്നവർക്ക് കുട്ടനാട്ടിനെ അനുഭവിക്കാം. ഭക്ഷണ പ്രിയരായ ആളുകൾക്ക് ഏറ്റവും കൂടുതൽ കാര്യങ്ങൾ കാത്തിരിക്കുന്ന ഇടമാണ് കുട്ടനാട്.
ഹൗസ്‌ബോട്ട് യാത്രയാണ് ആലപ്പുഴയിലെ ഏറ്റവും രസകരമായ അനുഭവം. ഇവിടുത്തെ കായലിൽ കാണുന്ന ഹൗസ് ബോട്ടുകൾ യഥാർത്ഥത്തിൽ പഴയ കാലത്തെ കെട്ടുവള്ളങ്ങളുടെ പുനർനിർമ്മിച്ച പതിപ്പാണ്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് മുൻപിൽ ധാരാളം ഓപ്‌ഷനുകൾ ഉണ്ട്. ഹൗസ് ബോട്ടുകൾ മാത്രമല്ല ഇവിടുത്തെ വിനോദങ്ങൾ വേറെയുമുണ്ട്.
പ്രധാനമായും ആലപ്പുഴയിൽ പോവുമ്പോൾ അടച്ചിട്ട ഹൗസ് ബോട്ടുകളിൽ മാത്രമായി യാത്ര ഒതുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം കുട്ടനാട്ടിലെ ജീവിതങ്ങൾ അടുത്തറിയാനുള്ള അവസരമായി ഈ യാത്രയെ കണ്ടാൽ അതിലും നല്ല അവസരം വേറെയില്ല. ഈ മൺസൂൺ കാലത്ത് ആലപ്പുഴ തന്നെയാണ് ഏറ്റവും ബെസ്‌റ്റ് ഓപ്‌ഷൻ.












Click it and Unblock the Notifications