കേരനിരകളാടും ഹരിതചാരു തീരം..; ഈ ഓണം കുട്ടനാട്ടിൽ ആഘോഷിച്ചാലോ? കൂട്ടിനൊരു ഹൗസ്ബോട്ടും
കേരളത്തെ കുറിച്ച് അന്യ സംസ്ഥാനക്കാർക്ക് പൊതുവെ ചില തെറ്റിദ്ധാരണകളുണ്ട്. അത് കൂടുതലും ഇതുവരെ കേരളത്തിലേക്ക് വരാത്തവരിലാണ്. ഇന്ത്യൻ സിനിമകളിലും പരസ്യങ്ങളിലും കാണിക്കുന്ന കേരളത്തിന്റെ ദൃശ്യങ്ങൾ തന്നെയാണ് അവരെ ഈ ആശയക്കുഴപ്പത്തിൽ എത്തിക്കുന്നത്. കാരണം ഒട്ടുമിക്ക ആളുകൾക്കും കേരളം എന്നാൽ ആലപ്പുഴയാണ്. അതിന് ഹേതുവാകുന്നതാകട്ടെ ആലപ്പുഴയുടെ ദൃശ്യ ഭംഗി ഒപ്പിയെടുത്ത ചലച്ചിത്രങ്ങളും.
കേരളം എന്നാൽ ആലപ്പുഴയാണ് എന്ന പ്രതീതി ഉണ്ടാക്കാൻ ഇത്തരം ചിത്രങ്ങൾക്ക് കഴിഞ്ഞു എന്നത് യാഥാർഥ്യമാണ്. അതൊരിക്കലും തെറ്റാണെന്ന് നാം എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് ആലപ്പുഴയെ ആ നിലയിൽ കേരളത്തിന്റെ ഒരു പരിച്ഛേദമായി തന്നെയാണ് നാം കാണുന്നത്. അപ്പോൾ പിന്നെ കുട്ടനാടിന്റെ ഭംഗി ആസ്വദിക്കാൻ മലയാളി ആഗ്രഹിക്കുന്നതിൽ ഒട്ടും തെറ്റ് പറയാൻ കഴിയില്ല.

വള്ളവും വെള്ളവും വലയും ഒക്കെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആലപ്പുഴയുടെ മണ്ണിലെ അതിമനോഹരമായ ഭൂപ്രകൃതി കൊണ്ട് സമ്പന്നമായ ഇടമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറ എന്നാണ് ഇവിടം അറിയപ്പെടുന്നത്. കേവലം അതിശയോക്തി കലർന്നൊരു പേര് മാത്രമല്ലയത്. കൃഷിയിൽ അത്രമേൽ മുഴുകിയ ആളുകളാണ് കുട്ടനാട്ടുകാർ.
ഓണത്തിന് ഇനി അധിക നാളില്ല എന്നറിയാമല്ലോ. അതുകൊണ്ട് തന്നെ ഓണം യാത്രകൾ പ്ലാൻ ചെയ്യുന്ന തിരക്കിലാവും പലരും. അത്തരത്തിൽ ഇക്കുറി ഓണാവധി കുടുംബത്തോടൊപ്പം വ്യത്യസ്‌തമായ ഒരു അനുഭവം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കുട്ടനാട് വളരെ മികച്ചൊരു ഓപ്‌ഷനാണ്. ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഒട്ടേറെ അത്ഭുതങ്ങളാണ്.
കുട്ടനാട്ടിലെ പ്രത്യേകതകൾ
വേമ്പനാട്ട് കായലിലൂടെയുള്ള ബോട്ട് യാത്രയില്ലാത്ത കുട്ടനാട് വിസിറ്റ് പൂർണമാവില്ല എന്നത് തികച്ചും സത്യമായ ഒരു കാര്യമാണ്. അതിന് ഏറ്റവും മികച്ച ഓപ്‌ഷൻ ഹൗസ്ബോട്ട് വാടകയ്ക്ക് എടുക്കുക എന്നതാണ്. കാരണം നിങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഇത് തന്നെയാവും മികച്ച ഓപ്‌ഷൻ. പാട്ടും നൃത്തവും അടിപൊളി ഫ്രഷ് മീൻ ഭക്ഷണവും ഒക്കെ ലഭിക്കുന്ന ഒട്ടേറെ ഹൗസ് ബോട്ടുകളുണ്ട് കുട്ടനാട്ടിൽ.
ഓളപ്പരപ്പിലൂടെ ചെറുതോണികളിലൂടെയുള്ള യാത്രയും അത്യന്തം ആന്ദകരമായ അനുഭൂതി ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഇത് ശ്രദ്ധയോട് മാത്രം നടത്തേണ്ട ഒന്നാണ്, ഹൗസ് ബോട്ട് യാത്ര നിലവിലെ സാഹചര്യത്തിൽ ഒരൽപ്പം ചെലവേറിയതാണ് എന്ന കാര്യം മറക്കരുത്. ഹൗസ് ബോട്ടുകളിൽ നിന്ന് നിങ്ങൾക്ക് മീനിന്റെ പുതുരുചികൾ തേടാനുള്ള അവസരമുണ്ട്, അല്ലാതെ ചെറു കള്ളുഷാപ്പുകളും നല്ല ഭക്ഷണം വിളമ്പുന്ന ഇടമാണ് കുട്ടനാട്.
ഇക്കുറി ബജറ്റ് ഫ്രണ്ട്‌ലിയായി കെഎസ്ആർടിസിയും
ഇത്തവണ കെഎസ്ആർടിസിയുടെ ഹൗസ് ബോട്ടുകളും സഞ്ചാരികൾക്ക് ഗുണകരമാവുന്ന രീതിയിൽ സർവീസ് നടത്തും. സംസ്ഥാന ജലഗതാഗതവകുപ്പുമായി ചേർന്നാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ കുട്ടനാട് യാത്ര സംഘടിപ്പിക്കുന്നത്. കുട്ടനാടിന്റെ തനത് ഭക്ഷണമൊരുക്കാൻ കുടുംബശ്രീയുടെ സേവനവും ഇതിലുണ്ടാകും. രണ്ട് ബോട്ടുകളാവും സർവീസ് നടത്തുക. അഞ്ച് മണിക്കൂർ നീളുന്ന യാത്രയാകും സംഘടിപ്പിക്കുക.












Click it and Unblock the Notifications