മൂന്നാറും വാഗമണും ഒക്കെ മറന്നേക്കൂ; കുട്ടിക്കാനത്തേക്ക് ഒരു യാത്ര ആയാലോ, മഴയുണ്ടേൽ തകർക്കും
ഇത്തവണത്തെ മൺസൂൺ കാലം പുരോഗമിക്കുകയാണ്. ശക്തമായ മഴ ഇതുവരെ എവിടെയും പെയ്‌തിട്ടില്ല എങ്കിലും ടൂറിസം രംഗം സജീവമായി കഴിഞ്ഞു. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കേരളത്തിലെ ജില്ലകളിൽ ഒന്നാണ് ഇടുക്കി. മൂന്നാറും മറയൂരും വാഗമണും ഉൾപ്പെടെ ഒട്ടേറെ ഇടങ്ങളുണ്ട് ഇടുക്കിയിൽ. മൂന്നാർ തന്നെയാണ് ഇക്കൂട്ടത്തിലെ കേമൻ. എങ്കിലും കഴിഞ്ഞ കാലങ്ങളിൽ മറ്റ് കേന്ദ്രങ്ങളിലും സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്.
അതിലൊന്നാണ് കുട്ടിക്കാനം, നിരവധി മലയാള ചിത്രങ്ങളിലൂടെ നാം കണ്ടതാണ് കുട്ടിക്കാനത്തിന്റെ ഭംഗി. ഇടുക്കി ജില്ലയിലെ പ്രധാന ഹിൽ സ്‌റ്റേഷനായി മാറുകയാണ് ഇപ്പോൾ കുട്ടിക്കാനം. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 3500 അടി (1100 മീറ്റർ) ഉയരത്തിലാണ് കുട്ടിക്കാനം സ്ഥിതി ചെയ്യുന്നത്. ധാരാളം തേയില തോട്ടങ്ങൾ നിറഞ്ഞ ഇവിടേക്കുള്ള യാത്ര തന്നെ വ്യത്യസ്‌തമായ അനുഭവമാണ്.

തേയില തോട്ടങ്ങൾക്ക് പുറമെ ഏലവും ധാരാളമായി ഇവിടെ കാണാവുന്നതാണ്. ഏറ്റവും മികച്ച ട്രെക്കിംഗ്, സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട ഇടം കൂടിയാണ് കുട്ടിക്കാനം. ഇവിടേക്കുള്ള യാത്രയിൽ ധാരാളമായി നമുക്ക് കുരങ്ങുകളെയും കാട്ടുപോത്തുകളെയും കാണാൻ കഴിയും. തേയില തോട്ടങ്ങളിൽ പണിയെടുക്കുന്ന ആളുകളുടെ വലിയ നീണ്ട നിരയും പാതകൾക്ക് ഇരുപുറവും നിങ്ങൾക്ക് കാണാം.
ഇവിടുത്തെ പ്രധാന ആകർഷണമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. നിന്നുമുള്ളിപ്പാറ എന്നറിയപ്പെടുന്ന ഇവിടം ധാരാളം സഞ്ചാരികൾ എത്തുന്ന പ്രദേശം കൂടിയാണ്. കോട്ടയം-കുമളി സംസ്ഥാന പാതയിൽ മുറിഞ്ഞപുഴയിൽ നിന്ന് 1 കിലോമീറ്ററും കുട്ടിക്കാനത്ത് നിന്ന് 5 കിലോമീറ്ററും അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന് ഏകദേശം 75 അടി (23 മീറ്റർ) ഉയരമുണ്ട്, സാധാരണയായി മൂടൽമഞ്ഞ് നിറഞ്ഞ നിലയിലാണ് ഇവിടം ഉണ്ടാവാറുള്ളത്.
ഇതിന് അടുത്തയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കുട്ടിക്കാനത്തിന് അടുത്തായുള്ള പീരുമേടിനോട് ചേർന്നാണ് ഈ ഹിൽ സ്‌റ്റേഷൻ നിലകൊള്ളുന്നത്, ഭുവനേശ്വരി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു പഴയ ക്ഷേത്രം ഉള്ളതിനാൽ പാഞ്ചാലിമേട് ഹിന്ദുക്കളുടെ ഒരു പ്രധാന ആരാധനാലയം കൂടിയാണ്. അത്‌കൊണ്ട് തന്നെ ധാരാളം പേർ ഇവിടേക്ക് എത്താറുണ്ട്.
പീരുമേട് ഹിൽസും ഇതിനോട് ചേർന്നുള്ള ഇടങ്ങളിൽ ഒന്നാണ്. ഒരു ഓഫ് റോഡ് യാത്രാനുഭവം ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പീരുമേട് ഹില്‍സിലെ വഴി നിങ്ങൾക്ക് അനുയോജ്യമായിരിക്കും. പീരുമേട് ഹില്‍സിന്റെ ഭൂരിഭാഗവും വനം-വന്യജീവിവകുപ്പിന് കീഴിലാണ്. പച്ചപ്പുല്ലുകളാൽ മൊട്ടക്കുന്നുകള്‍ അടുക്കടുക്കായി നില്‍ക്കുന്ന കാഴ്‌ചയാണ് ഇവിടുത്തെ പ്രത്യേകത.
പരുന്തുപാറ എന്നറിയപ്പെടുന്ന ഗ്രാമ്പിയും ഇവിടുന്ന് അടുത്താണ്. ഏകദേശം 150 അടി (46 മീറ്റർ) ഉയരവും സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,800 അടി (1,200 മീറ്റർ)ഉയരത്തിലുള്ള പ്രദേശത്തിലുള്ള ഒരു ശിലാ ശിൽപമാണ് ഇവിടുത്തെ പ്രത്യേകത. ഇവിടേക്ക് ധാരാളമായി സഞ്ചാരികൾ എത്തുന്നുണ്ട്, കൂടാതെ ഫോട്ടോഗ്രാഫർമാർക്കും ഇഷ്‌ടപ്പെട്ട ഇടമാണ് ഇത്.
പീരുമേട് ഹിൽസിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള തൃശങ്കു കുന്നുകളാണ് മേഖലയിലെ മറ്റൊരു പ്രധാന കേന്ദ്രം. ഉരുണ്ടുകൂടിയ കുന്നുകളും മനോഹരമായ ഭൂപ്രകൃതിയും ഈ മേഖലയെ മറ്റൊരു വ്യത്യസ്‌തമായ അനുഭൂതി പകരുന്ന ഇടങ്ങളാക്കി മാറ്റുന്നു. കൂടാതെ തിരുവിതാംകൂർ രാജകുടുംബം ആയുധങ്ങൾ സൂക്ഷിച്ചിരുന്ന തൊട്ടപ്പുര ഉൾപ്പെടെ ഒട്ടേറെ ആകർഷണങ്ങൾ ഈ മേഖലയിൽ ഉണ്ട്.












Click it and Unblock the Notifications