മലമ്പുഴയിലേക്ക് ഒരു യാത്ര; പാലക്കാടിന്റെ സൗന്ദര്യം മുഴുവൻ കണ്ടറിയാം, വരിക്കാശ്ശേരി മനയിലും പോവാം
കേരളത്തിന്റെ കാർഷിക മേഖലയുടെ സമൃദ്ധിയും കാനന ഭംഗിയും ഒക്കെ ഒരുപോലെ തുന്നി ചേർത്ത ഇടം പാലക്കാട് പോലെ മറ്റൊന്നില്ല. ഗ്രാമീണതയുടെ വശ്യതയും മനോഹാരിതയും ഒക്കെ ഒത്തുചേർന്ന പാലക്കാടിന്റെ ഭൂമിയിൽ കാണാനും അറിയാനും ഒട്ടേറെ ഇടങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും പ്രധാനപെട്ട ഇടമാണ് മലമ്പുഴ ഡാമും ഗാർഡനും.
അത്രയധികം കാഴ്‌ചകാൾ കൊണ്ട് വേറിട്ട് നിൽക്കുന്ന ഒരിടമാണ് മലമ്പുഴയിലേത്. ആ ഡാമും അതിനോട് ചേർന്ന് കിടക്കുന്ന ഉദ്യാനവും സഞ്ചാരികളെ മറ്റൊരു ലോകത്തേക്ക് എത്തിക്കുമെന്നത് തീർച്ച. ബാംഗ്ലൂരിലെ ലാൽ ബാഗിനെ അനുസ്‌മരിപ്പിക്കുന്ന മലമ്പുഴയിൽ കാഴ്‌ചകൾ എത്ര വർണിച്ചാലും മതിയാവില്ല എന്നതാണ് വാസ്‌തവം.

പ്രശസ്‌ത ആർട്ടിസ്‌റ്റും പത്മശ്രീ അവാർഡ് ജേതാവുമായ നേക് ചന്ദ് നിർമ്മിച്ച ദക്ഷിണേന്ത്യയിലെ ഏക റോക്ക് കട്ട് ഗാർഡനാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ ഗാർഡൻ. പൊട്ടിയ വളകൾ, ടൈലുകൾ, ഉപയോഗിച്ച പ്ലാസ്‌റ്റിക് ക്യാനുകൾ, ടിന്നുകൾ, മറ്റ് പാഴ് വസ്‌തുക്കൾ എന്നിങ്ങനെ പല വസ്‌തുക്കൾ ഉപയോഗിച്ച് കൊണ്ടാണ് പൂന്തോട്ടം മുഴുവനായും നിർമ്മിച്ചിരിക്കുന്നത്.
1969ൽ ആദരണീയനായ ശിൽപിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച കൂറ്റൻ മലമ്പുഴ യക്ഷി പ്രതിമയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമഘട്ടത്തിലെ അധികം ഉയരമില്ലാത്ത ചെറിയ കുന്നുകളിലാണ് മനോഹരമായ മലമ്പുഴ ടൗൺഷിപ്പ് സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് സഞ്ചാരികൾ സന്ദർശനത്തിന് എത്തുന്ന പാലക്കാട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്.
പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് റോക്ക് ഗാർഡൻ പരിപാച്ചു പോരുന്നത്. കേരളത്തിലെ സാംസ്‌കാരിക കലാരൂപങ്ങളായ കഥകളി, തെയ്യം, കളരിപ്പയറ്റ്, തിരുവാതിരകളി എന്നിവയിൽ നിന്ന് എടുത്ത രംഗങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് എന്നതാണ് പ്രധാന പ്രത്യേകത. മലമ്പുഴ അണക്കെട്ട് അവിടെ മനോഹരമായി നിലകൊള്ളുന്നതും വല്ലാത്തൊരു കാഴ്‌ചയാണ്.
വരിക്കാശ്ശേരി മന
മലമ്പുഴയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടെന്ന് പറഞ്ഞാൽ കുറഞ്ഞുപോവും. ഒരു കാലത്ത് മലയാള സിനിമയുടെ മുഖമായിരുന്നു ഈ സ്ഥലം. ഇപ്പോഴും ധാരാളം സിനിമകൾ ഇവിടെ ചിത്രീകരിക്കുന്നുണ്ട്. നിലവിൽ ഇവിടെ പ്രവേശിക്കുന്നതിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
വള്ളുവനാടൻ വാസ്‌തു വിദ്യയുടെ ഉത്തമ ഉദാഹരണം പോലെ നൂറ്റാണ്ടുകളായി തല ഉയർത്തി നിൽക്കുന്ന ഒരിടമാണ് വരിക്കാശ്ശേരി മന. മുന്നൂറ് വർഷത്തോളം ഈ മനയ്ക്ക് പഴക്കം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.മൂന്നു നിലകളുള്ള നാലുകെട്ട്, രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക എന്നിങ്ങനെയാണ് ഇവിടുത്തെ കാഴ്‌ചകൾ. പാലക്കാട് പോയവർ ഉറപ്പായും ഈ സ്ഥലം കാണുക തന്നെ വേണം.












Click it and Unblock the Notifications