കാനന ചോലയിലെ ഇക്കോ ടൂറിസം; മങ്കയം ഒരുക്കിയ അത്ഭുതങ്ങൾ, കാളക്കയവും കുരിശടിയും കണ്ണിന് കുളിരേകും
തെക്കൻ കേരളത്തിലെ പല ടൂറിസ്‌റ്റ് കേന്ദ്രങ്ങളും ഇന്നും അണ്ടർറേറ്റഡ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണം, കാലങ്ങളായി നാം ഇടുക്കിയുടെയും വായനാടിന്റെയും ഒക്കെ ഭംഗിയെ പാടി പുകഴ്ത്തി പോവുന്നു എന്നതാണ്. എന്നാൽ ഇതിനർത്ഥം തെക്കൻ കേരളത്തിൽ പൊന്മുടിയും, തെന്മലയും, അഗത്യാർകൂടവും അല്ലാതെ മറ്റൊരു ടൂറിസ്‌റ്റ് കേന്ദ്രവും ഇല്ലെന്നാണോ ? ഒരിക്കലും അല്ല.
അങ്ങനെ തെക്കൻ കേരളത്തിന് മുന്നോട്ട് വയ്ക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണ് മങ്കയം ഇക്കോ ടൂറിസം കേന്ദ്രം. ഇത് തിരുവനന്തപുരം ഡിവിഷനിലെ പാലോട് റേഞ്ച് പരിധിയിൽ വരുന്ന അതിമനോഹരമായ വനമേഖലയാണ്. ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്ത് അപൂർവമായ ദൃശ്യവിരുന്നുകളാണ് പ്രകൃതി ഒരുക്കി വച്ചിട്ടുള്ളത്.

തെക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങള്‍ മങ്കയത്തിനു മാത്രം സ്വന്തമാണ്, കാളക്കയവും കുരിശടിയും. സന്ദര്‍ശകരെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നതാണ് ഈ പ്രദേശത്തിന്റെ ഭംഗിയും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും ഒക്കെ. മേലെ മഴക്കാടുകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയില്‍ കുളിച്ച്, പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ മറ്റൊരിടം നിങ്ങൾക്ക് ഇതുപോലെ ലഭിക്കില്ല.
ചെറൂഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വനമേഖലയിലൂടെ ഒഴുകി വരുന്ന നദിയാണ് ചിറ്റാര്‍. ഈ ചിറ്റാറിന്റെ കൈവഴിയായാണ് മങ്കയം ഒഴുകുന്നത്. മങ്കയം പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് താമസിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ വാരാന്ത വിനോദസഞ്ചാര കേന്ദ്രമായിരിക്കും ഇത്.
ഇവിടെയുള്ള പുഴയുടെ ഓരത്തു കൂടി നടന്നാല്‍ ചെറിയ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും ഒക്കെയായി അൽപ നേരം വിശ്രമിക്കാനുള്ള തണലൊരുക്കും. കാനന ഭംഗി നടന്ന് ആസ്വദിക്കാനായി വനത്തിലേക്കു നീളുന്ന നടപ്പാതകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇതുവരെയും അനാവശ്യമായ ഏച്ചുകെട്ടലോ, മനുഷ്യന്റെ കടന്നുകയറ്റമോ എത്താത്ത ഇടമായതിനാൽ പ്രകൃതിയെ പ്രകൃതിയായി തന്നെ കാണാനും ഇവിടെ അവസരമുണ്ട്.
മങ്കയത്ത് നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കുമെന്നതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇരുതലമൂല- അയ്യമ്പന്‍പാറട്രെക്കിംഗ്, അയ്യമ്പന്‍പാറ-വരയാടുമൊട്ട ട്രെക്കിംഗ് എന്നിവയാണ് ഇവിടുത്തെ പ്രധാന ട്രെക്കിംഗ് റൂട്ടുകള്‍.
മറ്റ് ടൂറിസം കേന്ദ്രങ്ങളെ അപേക്ഷിച്ച് താരതമ്യേൻ തിരക്ക് കുറഞ്ഞ ഇടമായതിനാൽ അതിന്റെതായ ശാന്തയും വൃത്തിയും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ അതേനിലയിൽ ഇവിടം പരിപാലിക്കണം എന്നത് മാത്രമാണ് നാം ശ്രദ്ധിക്കേണ്ട കാര്യം.


Click it and Unblock the Notifications