ഇത് ഊട്ടിയല്ല, മേഘമല; മൂടൽ മഞ്ഞ് കാഴ്‌ച മറയ്‌ക്കുന്ന ഇടം, 18 ഹെയർപിൻ വളവുകൾ കയറി ഒരു യാത്ര പോവാം
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലൊക്കെ കയറി ഇറങ്ങി മടുത്തവരാണ് നിങ്ങളെങ്കിൽ പുതിയ ഒരിടം കണ്ടെത്താൻ സ്വാഭാവികമായും ആഗ്രഹിക്കും. അങ്ങനെ വരുമ്പോൾ നമ്മൾ അടുത്ത ഓപ്‌ഷനായി എപ്പോഴും മനസിൽ ആദ്യം ഓർക്കുക തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിനെ തന്നെയാണ്. അവിടെയാവട്ടെ മലയാളികളുടെ പ്രിയപ്പെട്ട ടൂറിസം സെന്ററുകൾ ഒട്ടനവധിയുണ്ട്.
ഇനി അവിടെയും സ്ഥിരം ലൊക്കേഷനുകൾ മാറ്റിപിടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെ ഊട്ടിയും കൊടൈക്കനാലും ഒക്കെ മറന്നേക്കൂ, നിങ്ങൾക്ക് പറ്റിയൊരു ഉഗ്രൻ സ്പോട്ട് ആണ് മേഘമല. പൊതുവെ മലയാളികൾ എല്ലാവരും സ്ഥിരമായി പോവുന്ന ഒരിടമല്ലെങ്കിൽ കൂടിയും കഴിഞ്ഞ കാലങ്ങളിൽ മേഘമലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് മേഘമല. ഇടുക്കി ജില്ലയിലെ മലയോര പട്ടണമായ കുമളിയിൽ നിന്ന് ഏതാണ്ട് എഴുപത്തിയഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് മേഘമല സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ഏലം, തേയില തോട്ടങ്ങളാണ് മേഘമലയുടെ സവിശേഷത. ഈ തോട്ടങ്ങൾ തന്നെയാണ് സഞ്ചാരികൾക്ക് പ്രിയം.
നട്ടുച്ചയ്ക്ക് പോലും മഞ്ഞ് മൂടിയ കാലാവസ്ഥയ്ക്ക് പേരുകേട്ട ഇടമാണ് മേഘമല. വലിയ മലനിരയിൽ തേയിലത്തോട്ടങ്ങളുടെ പച്ചപ്പിന് മുകളിലായി മൂടൽ മഞ്ഞ് മൂടിയ മേഘങ്ങളാൽ നിറഞ്ഞ ഇവിടുത്തെ കാഴ്‌ച കണ്ണിന് കുളിർമയേകുന്നത് മാത്രമല്ല, നിങ്ങളുടെ സകല ഇന്ദ്രിയങ്ങളെയും ആനന്ദിപ്പിക്കുകയും ചെയ്യുന്നത് കൂടിയാണ്.
18 ഹെയർപിൻ വളവുകൾക്കിടയിലൂടെ നീണ്ട ഡ്രൈവ് കഴിഞ്ഞ് നിങ്ങൾ ഇവിടെ എത്തിയാൽ, മേഘമല എന്ന പേര് എത്രത്തോളം അനുയോജ്യമാണ് എന്ന് സ്വയം മനസിലാക്കാം. മൂടൽമഞ്ഞ് ഇവിടെ എല്ലായ്പോഴും ഉള്ളൊരു പ്രതിഭാസമാണ്. തേയിലത്തോട്ടങ്ങളും പച്ചപുതച്ച കുന്നുകളിലൂടെ ഉള്ള സഞ്ചാരവും ഒരു പ്രത്യേക അനുഭൂതിയാവും നിങ്ങൾക്ക് പകരുക.
ഇവിടെ വന്നാൽ ചെയ്യാനായി ഒട്ടേറെ കാര്യങ്ങളുണ്ട്. ആദ്യം മണലാർ അണക്കെട്ടിൽ നിന്നുള്ള കുമ്പം താഴ്‌വരയുടെ അതിമനോഹരമായ കാഴ്‌ച ആസ്വദിക്കാം. ശേഷം ഹൈവേ പോയിന്റ് അണക്കെട്ടും സുരുളി തീർത്ഥവും സന്ദർശിക്കാൻ സമയം കണ്ടെത്തിയാൽ അത് മറ്റൊരു അനുഭവമായി മാറും. ഈ പറഞ്ഞ ഇടങ്ങളെല്ലാം മേഘമലയുടെ ഭംഗി കൂടുതൽ വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
കോടമഞ്ഞു നിറഞ്ഞ ഭൂപ്രകൃതിയിലൂടെ നടന്ന് തേയിലത്തോട്ടത്തിലേക്കും കാപ്പിത്തോട്ടങ്ങളിലേക്കും സുഗന്ധ വ്യഞ്ജനത്തോട്ടങ്ങളിലേക്കും ഒരു യാത്ര പോയാൽ അത് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കും. ഏത് സീസണിലും വെള്ളം നിർത്താതെ ഒഴുകുന്ന മേഘമല വെള്ളച്ചാട്ടം പ്രത്യേക ദൃശ്യഭംഗി തന്നെയാണ് പ്രദാനം ചെയ്യുന്നത്.
ആന, ഗൗർ, പുള്ളിമാൻ തുടങ്ങിയ വന്യമൃഗങ്ങളെയും നിങ്ങൾക്ക് ഇവിടെ കാണാം. ഇവിടെ നിന്ന് അടുത്തുള്ള വെള്ളിമല മറ്റൊരു മികച്ച സ്പോട്ട് ആണ്. സമുദ്ര നിരപ്പിൽ നിന്ന് 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കുന്ന് നല്ല കാഴ്‌ച നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഇത് തന്നെയാണ് ഇവിടുത്തെ ഏറ്റവും പ്രകൃതി രമണീയമായ ഇടങ്ങളിൽ ഒന്ന്.












Click it and Unblock the Notifications