ആനകളെ കാണണോ? എങ്കിൽ വേഗം മുത്തങ്ങയിലേക്ക് വിട്ടോ, ഒപ്പം കാനന പാതയുടെ മനോഹാരിതയും ആസ്വദിക്കാം
മലബാറിലെ ഏറ്റവും ഹോട്ട് ടൂറിസം ഡെസ്‌റ്റിനേഷൻ എന്ന വിശേഷണവുമായി വയനാട് ഇങ്ങനെ ഉദിച്ചു നിൽക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. അത്രയധികം സഞ്ചാരികളാണ് വയനാട്ടിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു ചെറിയ സ്ഥലം മാത്രം സന്ദർശിക്കാം എന്നതല്ല വായനാട്ടിലെത്തുന്ന ആളുകളുടെ മനസിൽ. എല്ലായിടവും കറങ്ങാനാവും ആഗ്രഹം. ആ പട്ടികയിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഇടമാണ് മുത്തങ്ങ.
ജില്ലയിലെ ഏറ്റവും മനോഹരമായ വന്യജീവി സങ്കേതം എന്നതാണ് ഈ സ്ഥലത്തിന്റെ ശരിയായ പ്രത്യേകത. മുത്തങ്ങയിലേക്ക് എത്തുന്ന ഒരാൾ പോലും നിരാശരായി മടങ്ങേണ്ടി വരില്ല എന്നതാണ് പ്രധാന കാര്യം. അതിന്റെ കാരണം എന്തെന്നാൽ ഈ മേഖലയിൽ വന്യജീവികളുടെ സാന്നിധ്യം പതിവിലും അധികമാണ്, എന്ന് മാത്രമല്ല നിങ്ങളുടെ കൺവെട്ടത്ത് തന്നെ അവയെ കാണാനുള്ള ഭാഗ്യവും ഉറപ്പായും ഉണ്ടാവും.

ആനകൾ തന്നെയാണ് മുത്തങ്ങയിൽ എത്തുന്നവർ കാണാൻ ആഗ്രഹിക്കുന്ന പ്രധാന കാഴ്‌ച. 1973ൽ സ്ഥാപിതമായ മുത്തങ്ങ വന്യജീവി സങ്കേതം, വടക്ക് കിഴക്ക് കർണാടകയിലെ [പ്രധാന വന്യജീവി സാങ്കേതങ്ങളായ നാഗർഹോള, ബന്ദിപ്പൂർ, തെക്കുകിഴക്ക് തമിഴ്‌നാട്ടിലെ മുതുമല എന്നിവയുടെ സംരക്ഷിത ശൃംഖലയോട് ചേർന്നാണ് കിടക്കുന്നത്.
എന്ന് വെച്ചാൽ മൂന്ന് സംസ്ഥാനങ്ങളുടെ ഭാഗവുമായും ഒത്തുചേരുന്ന പ്രദേശമാണ് ഇവിടമെന്ന് സാരം. ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്‌ഫിയർ റിസർവിന്റെ അവിഭാജ്യ ഘടകമാണ്. ഇവിടം ഒരു ആന സംരക്ഷണ കേന്ദ്രം കൂടിയാണ്. പ്രോജക്‌ട് എലിഫന്റ് പദ്ധതിയുടെ ഭാഗമായാണ് ഈ വന്യജീവി സങ്കേതത്തെയും പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആനകൾ സ്വതന്ത്രമായി വിഹരിക്കുന്ന കേരളത്തിലെ ചുരുക്കം ചില വന്യജീവിത സങ്കേതങ്ങളിൽ ഒന്നാണ് മുത്തങ്ങ എന്നത് അവിടെ പോയവർക്ക് അറിയാം. കടുവകളും ഇടയ്ക്കിടെ ഇവിടെ പ്രത്യക്ഷപ്പെടാറുണ്ട്, ഭീഷണിയും സൃഷ്‌ടിക്കാറുണ്ട്. കൂടാതെ വിവിധയിനം മാനുകൾ, കുരങ്ങുകൾ, പക്ഷികൾ എന്നിവയും ഇവിടെ വസിക്കുന്നു.
വേനൽക്കാലം ആയാലും മുത്തങ്ങയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാകാറില്ല എന്നതാണ് എപ്പോഴത്തെയും സാഹചര്യം. പ്രധാനമായും ഇവിടേക്ക് എത്തുന്ന പാത തന്നെയാണ് വീണ്ടും വീണ്ടും പോകാനായി നമ്മെ പ്രേരിപ്പിക്കുന്ന ഘടകം. കൂടാതെ കൊടുംചൂടിന്റെ അല്ലലില്ലാതെ സാമാന്യം ഭേദപ്പെട്ട തണുപ്പോടെ ഒരു വയനാടൻ ട്രിപ്പിന് അവസരം ഒരുക്കാൻ മുത്തങ്ങയ്ക്ക് കഴിയുകയും ചെയ്യും എന്നത് മറക്കേണ്ട.












Click it and Unblock the Notifications