ആരെയും അമ്പരപ്പിക്കുന്ന വനപാത; ഇത് വയനാടിന് മാത്രം സ്വന്തം, മുത്തങ്ങ കാണണമെന്ന് പറയാൻ ഒരു കാരണമുണ്ട്
പലർക്കും യാത്രകൾ പോവുമ്പോൾ പല രീതിയിലുള്ള ഇഷ്‌ടങ്ങളാവും ഉണ്ടാവുക. ചിലർക്ക് ഗ്രാമീണ ഭംഗി, മറ്റ് ചിലർക്ക് വന്യത, ബീച്ചുകൾ പോലെയും പാർക്കുകൾ പോലെയുമുള്ള ഇടങ്ങൾ ഇഷ്‌ടപ്പെടുന്നവരും ഏറെയുണ്ട്. എന്നാൽ വെറുതെ യാത്ര ചെയ്യാനും കാഴ്‌ചകൾ കാണാനും ആഗ്രഹിക്കുന്ന ആളുകളും ഇക്കൂട്ടത്തിൽ ഉണ്ടാവും. അവരെ സംബന്ധിച്ച് ഓരോ യാത്രയും വ്യത്യസ്‌ത അനുഭവമായിരിക്കണം എന്ന നിർബന്ധമുണ്ടാവും.
അത്തരം ആളുകൾക്ക് ഏറെ അനുയോജ്യമായ ഒരു ഇടമാണ് വയനാട്ടിലെ മുത്തങ്ങയും അവിടേക്കുള്ള യാത്രയും. വയനാട് വന്യജീവി സങ്കേതത്തിനോട് ചേർന്ന് നിൽക്കുന്ന മുത്തങ്ങ ഉൾപ്പെടുന്ന ഭാഗം എന്തുകൊണ്ടും മനോഹരമാണ്. വയനാട്ടിലെ വന്യജീവി സങ്കേതങ്ങളുടെ കാര്യമെടുത്താൽ അതിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്നതും വീണ്ടും പോവാൻ ആഗ്രഹിക്കുന്നതുമായ ഇടം ഇത് തന്നെയാണെന്ന നിസംശയം പറയാം.

കര്‍ണ്ണാടകയും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിൽ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ എന്ന പേരിലറിയപ്പെടുന്നത്. വടക്കു കിഴക്കായി തോല്‍പ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ പരന്നുകിടക്കുന്ന പ്രദേശമാണ് മുത്തങ്ങ വന്യജീവി സങ്കേതം.
രണ്ട് അയൽ സംസ്ഥാനങ്ങളിലെയും സംരക്ഷിത വനമേഖലയോട് കെട്ടിപ്പിണഞ്ഞ് കിടക്കുന്ന ഇടം കൂടിയാണിത്. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ മേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്‌ഫിയറിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗം കൂടിയാണ്.
മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര (ആനകൾ സഞ്ചരിക്കുന്ന വഴി) ഉളളതിനാല്‍ തന്നെ ഈ പ്രദേശം 'പ്രോജക്‌ട് എലിഫന്റ്' പദ്ധതിയുടെ ഭാഗം കൂടിയാണ്. നിങ്ങൾ മുത്തങ്ങയിലൂടെ യാത്ര ചെയ്യുമ്പോൾ ആനകളെ കാണാനുള്ള സാധ്യതയും അതുകൊണ്ട് തന്നെ വളരെ കൂടുതലാണ്. വനപാതയിലൂടെ യാത്ര ചെയ്യുന്നവർ ഒരു കാരണവശാലും റോഡരികിൽ വാഹനം നിർത്താനോ ഇറങ്ങാനോ പ്രത്യേകം ശ്രമിക്കാതിരിക്കുക.
അതിന്റെ പ്രധാന കാരണം ആനകൾ മാത്രമല്ല ഇവിടെ സ്വൈര്യവിഹാരം നടത്തുന്നത് എന്നതാണ്. കടുവകളുടെയും പുള്ളിപ്പുലികളുടെയും പ്രധാനപ്പെട്ടൊരു ആവാസ കേന്ദ്രമാണ് ഇവിടം. കാട്ടുപോത്ത്, പുള്ളിമാന്‍, മ്ലാവ് എന്നിവയെയും നിങ്ങൾക്ക് യാത്രയ്ക്കിടയിൽ കാണാൻ സാധിക്കും. വനത്തിലൂടെ കിലോമീറ്ററുകളോളം നീളുന്നതാണ് റോഡ്. ഭാഗ്യമുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വശങ്ങളിലായി മൃഗങ്ങളെ ധാരാളമായി കാണാൻ കഴിയും.
മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ ജീപ്പ് സഫാരി
തോൽപ്പെട്ടി ഉൾപ്പെടെയുള്ള വന്യജീവി സങ്കേതങ്ങളിലേത് പോലെ തന്നെ മുത്തങ്ങയിലെ കാട്ടിനുള്ളിലേക്ക് ജീപ്പ് സഫാരി ഒരുക്കിയിട്ടുണ്ട്. വനത്തിനുള്ളിലെ വിനോദസഞ്ചാരമേഖലയിൽ വനംവകുപ്പ് നടത്തുന്ന രണ്ട് മണിക്കൂർ ജീപ്പ് സഫാരിയാണ് ഏറ്റവും ആകർഷണീയമായ പരിപാടി. വിദഗ്‌ധനായ ഒരു ഗൈഡിന്റെയും ഡ്രൈവറുടെയും സഹായത്തോടെ നിങ്ങൾക്ക് കാട്ടിൽ കയറാം. ദിവസം 20 ജീപ്പുകൾക്ക് മാത്രമാണ് അനുമതി. അതുകൊണ്ട് വേഗത്തിൽ എത്താൻ ശ്രദ്ധിക്കുക.
കേരളത്തിൽ മറ്റൊരിടത്തും കിട്ടാത്ത അതിമനോഹര അനുഭവമാണ് ഈ ജംഗിൾ സഫാരി ഒരുക്കി വച്ചിരിക്കുന്നത്. അത് തന്നെയാണ് മുത്തങ്ങയിലേക്ക് യാത്ര ചെയ്യാനുള്ള പ്രധാന കാരണവും. ഈ റൂട്ടിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ കഴിവതും ഈ കാര്യം അനുഭവിച്ചറിയാൻ ശ്രമിക്കുക. വയനാട്ടിലെ മറ്റ് ടൂറിസം സ്പോട്ടുകൾ പോലെ തന്നെ മുത്തങ്ങയും ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നത് ഇക്കാരണം കൊണ്ടാണ്.












Click it and Unblock the Notifications