മനം കവരുന്ന നെടുങ്കയം; നിലമ്പൂർ വഴി പോവുമ്പോൾ കയറാൻ മടിക്കണ്ട, ഇവിടുത്തെ മഴക്കാടുകൾ മനോഹരം
ടൂറിസം എന്നത് ഇന്നൊരു ചെറിയ വാക്കല്ല, അതിന് ഒരുപാട് മാനങ്ങൾ നൽകി കൊണ്ട് കേരളത്തിലെ ടൂറിസം മേഖല അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. അവിടെ ശരിക്കും ഒന്നിനും വലുപ്പ ചെറുപ്പമില്ല എന്നതാണ് യാഥാർഥ്യം. അങ്ങനെയുള്ളപ്പോൾ നാം ചെറുതും വലുതുമായ ഒട്ടേറെ ഇടങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്. അങ്ങനെ കേരളത്തിലെ ടൂറിസം ഭൂപടത്തിൽ പതിറ്റാണ്ടുകൾക്ക് മുൻപേ ഇടമുണ്ടായിട്ടും അധികമാരും അറിയാത്ത ഭൂമിയെ കുറിച്ചാണ് നാം ഇന്ന് പരിശോധിക്കുന്നത്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിന് ഒട്ടേറെ വിശേഷണങ്ങളുണ്ട്. മലബാറിലെ തന്നെ അതിസുന്ദരമായ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമാണ് ഈ ഇടം. എന്നാൽ ആ നിലമ്പൂരിനടുത്തുള്ള നെടുങ്കയത്തെ നിങ്ങളിൽ എത്ര പേർക്കറിയാം. പലരും ഈ പേര് ഇതുവരെ കേട്ടിട്ട് പോലുമുണ്ടാവില്ല എന്നതാണ് സത്യം. എന്നാൽ നിങ്ങൾ കുറിച്ച് വച്ചോളൂ, വരും നാളുകളിൽ ഇവിടം വലിയൊരു കേന്ദ്രമായി മാറിയിരിക്കും.

അതിന് കാരണങ്ങൾ അനവധിയാണ്. ഇത്രയധികം മനോഹരമായ കാഴ്‌ചകൾ അടങ്ങിയ മറ്റൊരു മേഖല അടുത്തെങ്ങും ഉണ്ടാവില്ല. നിലമ്പൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് നിബിഡ വനവും പച്ചപ്പും നിറഞ്ഞ ഈ മേഖല സ്ഥിതി ചെയ്യുന്നത്. അപൂർവയിനം സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ് ഈ ഇടം.
നീലഗിരി ബയോസ്‌ഫിയർ റിസർവിന്റെ ഭാഗമായ നെടുങ്കയം മഴക്കാടുകൾ നിങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരിക്കും. ചാലിയാർ പുഴയുടെ പോഷകനദിയായ കരിമ്പുഴയുടെ തീരത്തായാണ് നെടുങ്കയം ഉള്ളത്. കാറ്റിനുള്ളിലേക്കുള്ള യാത്രയ്ക്ക് മുൻപ് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മനസിലാവും ഇവിടുത്തെ ശാന്തതയുടെ ഭംഗി.
കരിമ്പുഴയിലേക്ക് ഇറങ്ങുന്നത് അത്ര പന്തിയല്ല. അത്രയും ആഴത്തിലുള്ള കയങ്ങളാൽ നിറഞ്ഞതാണ് ഇവിടം. പുറത്തുനിന്ന് കാണുക മാത്രമേ നിവൃത്തിയുള്ളൂ. രണ്ടോളം മരപാലങ്ങൾ ഇവിടെയുണ്ട്. അത് കടന്നുവേണം കാട്ടുവഴികളിലേക്ക്. ഏത് സമയത്തും കാട്ടാന ശല്യം ഉള്ള മേഖലയായതിനാൽ ചുറ്റും ശ്രദ്ധ പതിപ്പിക്കുന്നത് നന്നാവും. കരിമ്പുഴയുടെ മാദക സൗന്ദര്യം ആസ്വദിച്ച് കൊണ്ട് ഇങ്ങനെ നടന്നു നീങ്ങാൻ തന്നെ വല്ലാത്തൊരു അനുഭൂതിയാണ്.
ഇവിടെ ചെറിയ രീതിയിലുള്ള ട്രെക്കിംഗ് സാധ്യതകളും അധികൃതർ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് മൂന്ന് മണിക്കൂറോളം നീളുന്ന ട്രെക്കിംഗ് ചെന്ന് അവസാനിക്കുന്നത് മുണ്ടൻകടവ് വെള്ളച്ചാട്ടത്തിന് അടുത്താണ്. എന്തായാലും ഇവിടെ എത്തുന്നവർക്ക് താമസിക്കാൻ ആവശ്യത്തിന് സൗകര്യം നിലമ്പൂരിലാണ് ലഭിക്കുക. അല്ലെങ്കിൽ അടുത്ത് തന്നെ ചെറിയ ഹോം സ്‌റ്റേ പോലെയുള്ള സൗകര്യങ്ങളും ലഭ്യമാവും.












Click it and Unblock the Notifications