മഴയിൽ നെല്ലിയാമ്പതി കാണാൻ എന്തൊരു ഭംഗിയാ; ബൈക്കിൽ ഒരു സോളോ ട്രിപ്പ് ആയാലോ? അത് പൊളിക്കും
മഴക്കാലത്ത് നിങ്ങളിൽ എത്രപേർ ബൈക്കിൽ യാത്ര പോയിട്ടുണ്ട്? അധികം പേരുണ്ടാവില്ലെന്ന് ഉറപ്പാണ്. നമ്മളിൽ ഭൂരിഭാഗം പേരും മഴക്കാലത്ത് ബൈക്ക് യാത്ര ഒഴിവാക്കാൻ ശ്രമിക്കുന്നവരാണ്. എങ്കില് മഴയിലെ ബൈക്ക് യാത്ര വേറിട്ടൊരു അനുഭവം തന്നെയാണെന്ന് പറയാതിരിക്കാൻ വയ്യ. ഈ മൺസൂണിൽ അത്തരം ഒരു സോളോ ട്രിപ്പ് നിങ്ങളുടെ ലിസ്‌റ്റിൽ ഉണ്ടെങ്കിൽ അത് എന്തുകൊണ്ട് നെല്ലിയാമ്പതി ആയിക്കൂടാ എന്നാണ് ചോദ്യം.
പാലക്കാട് ജില്ലയുടെ തന്നെ ഏറ്റവും മനോഹരമായ ഈ ഭൂപ്രദേശത്തേക്ക് ബൈക്കിലുള്ള യാത്ര ഒരു കിടിലൻ അനുഭവം തന്നെ നിങ്ങൾക്ക് സമ്മാനിക്കും. എങ്കിലും പരമാവധി രാത്രി യാത്രകൾ ഒഴിവാക്കി കൊണ്ട് വേണം സുരക്ഷ കണക്കിലെടുത്ത് എല്ലാം ഒരുക്കാൻ. കൂടാതെ സഞ്ചരിക്കുന്ന ബൈക്കിന്റെ മുഴുവൻ സുരക്ഷിതത്വവും ഉറപ്പാക്കുകയും വേണം.

ഇനി നെല്ലിയാമ്പതിയിലേക്ക് തന്നെ തിരിച്ചുവന്നാൽ പാലക്കാട്ടെ ഏറ്റവും തിരക്കേറിയ ഹിൽ സ്‌റ്റേഷനുകളിൽ ഒന്നാണ് നെല്ലിയാമ്പതി. നെന്മാറ പഞ്ചായത്തിലാണ് ഈ ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളും പച്ചപുതച്ച കുന്നുകളും ഒക്കെയായി നെല്ലിയാമ്പതിയിൽ കാണാൻ കാഴ്‌ചകൾ ഏറെയാണ്.
ഏകദേശം 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെയാണ് സമുദ്ര നിരപ്പില്‍ നിന്ന് ഈ മലനിരകളുടെ ഉയരം കണക്കാക്കുന്നത്. പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്ന് മുകളിലേക്ക് പോവുംതോറും നെല്ലിയാമ്പതി മലനിരകളുടെ തണുപ്പിലേക്ക് മാറുന്നത് യാത്രയുടെ ഓരോ നിമിഷവും നാം അനുഭവിച്ചറിയും എന്നതാണ് പ്രത്യേകത.
ഇവിടേക്കുള്ള റൂട്ട്
പാലക്കാട് ജില്ലയിലെ നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെ വേണം നെല്ലിയാമ്പതിയിലേക്ക് പോവാൻ. ഏതാണ്ട് 10ഓളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാലാണ് ഇവിടേക്ക് കടക്കാൻ കഴിയുക. നെല്ലിയാമ്പതി യാത്രക്കിടെ പോത്തുണ്ടി അണക്കെട്ടിൽ വേണമെങ്കിൽ ഒരിത്തിരി നേരം ചിലവഴിക്കാം. ഇവിടെ ബോട്ടിംഗ് സൗകര്യം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.
നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുമ്പോള്‍ വഴി നീളെ അവിടവിടെ പാലക്കാടന്‍ സമതലങ്ങളും നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പും ഒക്കെയൊരുക്കുന്ന ദൃശ്യ വിസ്‌മയം ആസ്വദിക്കാം. നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങള്‍ക്കും പേരുകേട്ട ഇടമാണ്. ഇവിടെ എത്തിയാൽ ഉറപ്പായും ആ കാഴ്‌ച വിട്ടുപോവാതെ കാണാൻ ശ്രമിക്കണം.
ഇവിടുന്ന് പാലകപ്പാണ്ടി എസ്‌റ്റേറ്റ് ആയിരിക്കണം അടുത്ത ലക്ഷ്യം. അവിടുന്ന് അടുത്തയാണ് പ്രശസ്‌തമായ സീതാർകുണ്ഡ് വെള്ളച്ചാട്ടം. ഇവിടെ തന്നെ തേയില, ഏലം എന്നിവയുടെ തോട്ടങ്ങളും ധാരാളമായി കാണാം. ഒപ്പം സ്വാഭാവിക വനങ്ങളും ധാരാളം. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഒരിത്തിരി ശ്രദ്ധ നല്ലതാണ്. കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ എന്നിങ്ങനെ ഒട്ടേറെ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉള്ള ഇടമാണ് നെല്ലിയാമ്പതി, ചിലപ്പോൾ അവയെ കാണാനും കഴിഞ്ഞേക്കും.












Click it and Unblock the Notifications