സ്ഥലം തമിഴ്‌നാട്ടിൽ പക്ഷേ ഉടമസ്ഥർ കേരളം; തക്കലയിലെ 'പത്മനാഭപുരം പാലസ്' എന്ന അത്ഭുതം, കണ്ടറിയണം
കേരളത്തിന്റെ ചരിത്രം പറഞ്ഞു തുടങ്ങിയാൽ ഒരിക്കലും തിരുവിതാംകൂർ രാജകുടുംബത്തിനെ പരാമർശിക്കാതെ അത് തീർക്കാൻ കഴിയില്ലെന്ന് തന്നെ പറയാം. നൂറ്റാണ്ടുകൾ മുൻപ് തന്നെ കേരളത്തിന്റെ തെക്കൻ ഭാഗവും ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായി ചില പ്രദേശങ്ങളും ഒക്കെ ഭരിച്ചിരുന്ന ഈ രാജവംശം പണിതുയർത്തിയ ഒട്ടേറെ നിർമ്മിതികൾ ഇന്നും കേരളീയ വാസ്‌തുകലയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളായി തെളിഞ്ഞു നിൽക്കുന്നു.
അത്തരത്തിൽ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നിർമ്മിച്ച അതിമനോഹരമായ കൊട്ടാരമാണ് പത്മനാഭപുരം പാലസ്. എന്നാൽ ഇന്നത് കേരളത്തിൽ അല്ല സ്ഥിതി ചെയ്യുന്നത്. എന്ന് വെച്ചാൽ കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തോടെ അതുൾപ്പെടുന്ന ഭാഗം ഇന്ന് തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് പ്രത്യേകത.

എങ്കിലും കൊട്ടാരം നിൽക്കുന്ന ഭാഗവും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും കേരളത്തിന്റെ തന്റെ അധീനതയിലാണ്. ഇവിടം കേരള പുരാവസ്‌തു വകുപ്പ് അതീവ പ്രാധാന്യത്തോടെയാണ് പരിപാലിച്ചു പോരുന്നത്. കേരളത്തിന്റെ വാസ്‌തുവിദ്യയെ കുറിച്ച് പറയുമ്പോൾ പത്മനാഭപുരം കൊട്ടാരത്തെ അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നായി ചൂണ്ടികാണിക്കാവുന്നതാണ്.
കന്യാകുമാരിയിലേക്ക് പോകുന്നവ വഴിയിലുള്ള തക്കലയിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ചരിത്രം പറയുകയാണെങ്കിൽ ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് 1601ല്‍ പത്മനാഭപുരം കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് 1741ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഇന്ന് കാണുന്ന രീതിയില്‍ കൊട്ടാരം പുതുക്കി പണിയുകയായിരുന്നു.
നാലുകെട്ടിന്റെ മാതൃകയിലാണ് ഇതിന്റെ നിർമ്മാണം. ധാരാളം ഇടനാഴികകളും മാളികകളും ഒക്കെയായി ഇന്നും പഴയ കാലത്തിന്റെ സകല പ്രൗഢിയോടെയും കൊട്ടാരം തലയുയർത്തി നിൽക്കുന്നു. വാസ്‌തു നിർമ്മിതിഥികളുടെ വൈവിധ്യമാർന്ന ശേഖരത്തിന് ഒപ്പം ഈ കൊട്ടാരത്തെ കൂടുതൽ സവിശേഷമാക്കുന്ന ഘടകങ്ങൾ വേറെയുമുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർ ചിത്രങ്ങൾ വരെയുണ്ട് ഇവിടുത്തെ കാഴ്‌ചയിൽ. സരസ്വതീ ദേവിക്കായി സമര്‍പ്പിച്ച സപ്‌തസ്വരം ഉതിര്‍ക്കുന്ന ശിലാസ്‌തംഭങ്ങളോടെയുള്ള സരസ്വതീ മണ്ഡപവും ക്ഷേത്രവും, ഒപ്പം അമ്മച്ചി കൊട്ടാരവും മഹാറാണിയുടെ ശയനമുറിയും എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര അത്ഭുത നിർമ്മിതികളാണ് ഈ കൊട്ടാരത്തെ വേറിട്ട് നിർത്തുന്നത്.
ഇത് കൂടാതെ കൊട്ടാരത്തിനകത്ത് മനോഹരമായ മറ്റു പല കാഴ്‌ചകളും നിങ്ങളെ കാത്തിരിപ്പുണ്ട്. മുട്ടയുടെ വെള്ള, ശർക്കര, ചുണ്ണാമ്പ്, ചുട്ട തേങ്ങ, കരി, പുഴമണൽ എന്നിവ ചേർത്ത് നിർമ്മിച്ച തിളങ്ങുന്ന കറുത്ത തറയുള്ള ദർബാർ ഹാൾ ഒരു അപൂർവ വസ്‌തു വിദ്യാ മികവായി ലോകം അംഗീകരിച്ച ഒന്നാണ്. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് കൊട്ടാരത്തിലേക്ക് പ്രവേശനം അനുവദിക്കുക. അടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ നഗർകോവിലാണ്. ഇവിടുന്ന് 16 കിലോമീറ്ററാണ് ദൂരം.












Click it and Unblock the Notifications