മൂടൽമലയെ ഒളിപ്പിച്ചുവച്ച പീച്ചി-വാഴാനി കാടുകൾ; ഇത് ട്രെക്കിംഗ് മോഹികളുടെ പറുദീസ, ഒന്ന് പോയാലോ?
കണ്ടാലും കണ്ടാലും തീരാത്ത മനോഹര കാഴ്‌ചകളുടെ ഇടമാണ് നമ്മുടെ കൊച്ചു കേരളം. ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനത്തിന്റെ ഇരുപത് ശതമാനത്തിൽ അധികം ഭൂമിയും വനങ്ങളാണ് എന്ന കണക്ക് അറിയാമല്ലോ. അതുകൊണ്ട് തന്നെ വന്യജീവി സങ്കേതകങ്ങളും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. എന്നാൽ അവയിൽ എല്ലായിടത്തുമൊന്നും ടൂറിസ്‌റ്റുകൾ ഒരുപോലെ എത്താറില്ല. അത്തരത്തിൽ അധികം ആളുകൾ ഒന്നും എത്താത്ത ഇടങ്ങളിൽ ഒന്നാണ് തൃശൂർ ജില്ലയിലെ പീച്ചി-വാഴാനി വന്യജീവി സങ്കേതം.
പീച്ചി-വാഴാനി ഡാമുകളോട് ചേർന്ന് കിടക്കുന്ന സംരക്ഷിത വനമേഖലയാണ് ഇത്. പ്രകൃതിയുടെ ഏറ്റവും മികച്ച കാഴ്‌ചകൾ കാണാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇതിലും നല്ലൊരു ഇടമില്ല. തൃശ്ശൂരിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി 125 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വനമേഖലയായ പീച്ചി വാഴാനി ഒരു പ്രധാന ടൂറിസം കേന്ദ്രം തന്നെയാണ്.

പ്രശസ്‌തമായ പാലപ്പിള്ളി-നെല്ലിയാമ്പതി വനങ്ങളുടെ ഭാഗമായ ഇത് ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ വടക്കൻ അതിർത്തിയും പങ്കിടുന്നു. ബോട്ടിംഗിന് അടക്കം നിരവധി ഓപ്‌ഷനുകൾ ഇവിടെ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. 923 മീറ്റർ ഉയരമുള്ള പൊൻമുടിയാണ് ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശം. ഇവിടെ നിന്ന് നോക്കിയാൽ താഴ്വര മുഴുവനായും കാണാൻ കഴിയും.
വന്യമൃഗങ്ങളെയും, പക്ഷികളെയും ഒക്കെ കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം കൂടിയാണിത്. 50ലധികം വ്യത്യസ്‌ത തരം ഓർക്കിഡുകൾ, വിദേശ ഔഷധ സസ്യങ്ങൾ, തേക്ക്, റോസ്‌വുഡ് എന്നിവ ഇവിടുത്തെ കാടുകളിൽ സുലഭമായുണ്ട്. പുള്ളിപ്പുലി, കടുവ, മാൻ, പുള്ളിമാൻ, ഇന്ത്യൻ കാട്ടുപോത്ത് അഥവാ ബൈസൺ, ആന എന്നിവയുൾപ്പെടെ 25-ലധികം വന്യമൃഗങ്ങളുടെ താവളം കൂടിയാണ് ഈ കാടുകൾ.
മൂടൽമല
പീച്ചി-വാഴാനിയിൽ അധികമാരും എത്തിപ്പെടാത്ത ഒരു മേഖലയാണ് മൂടൽമല. 8 കിലോമീറ്റർ മുതൽ 16 കിലോമീറ്റർ വരെ നീളുന്ന വനപാതകളിലൂടെ സഞ്ചരിക്കാനുള്ള മികച്ച അവസരമാണ് ഇവിടെയുള്ളത്. പീച്ചിയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിംഗ് പാതയാണ്. കാടിനേയും അതിന്റെ ശബ്‌ദത്തെയും ഇഷ്‌ടപ്പെടുന്നവർ ഒരിക്കലും മൂടൽമല യാത്ര വിട്ടുകളയരുത്.
പീച്ചി ഡാം വ്യൂപോയിന്റിന് സമീപമുള്ള വള്ളിക്കയത്ത് വനംവകുപ്പിന്റെ ഓഫീസിൽ നിന്നാണ് ഇവിടേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. ആനകളുടെ സഞ്ചാര പാതയിലൂടെയാണ് ട്രെക്കിംഗ് കടന്നുപോകേണ്ടത്. ഇവിടെ മലയുടെ മുകളിൽ ഭാഗത്ത് നിന്ന് നോക്കിയാൽ മനോഹരമായ കുന്നുകളുടെയും വനമേഖലയുടെയും കാഴ്‌ച മൂടൽ മഞ്ഞിന്റെ അകമ്പടിയോടെ കാണാൻ കഴിയും.












Click it and Unblock the Notifications