പീരുമേട് കണ്ടിട്ടുണ്ടോ? തേയില തോട്ടങ്ങൾ തിങ്ങിനിറഞ്ഞ മലയോര പട്ടണം മാത്രമല്ല, വേറെയുമുണ്ട് കാഴ്‌ചകൾ
ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പേര് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യം വരിക മൂന്നാറും വട്ടവടയും വാഗമണും തേക്കടിയും ഒക്കെയായിരിക്കും. അതിനപ്പുറം കൂടുതൽ ചിന്തിക്കാൻ നാം മെനക്കെടാറില്ല എന്നതാണ് വാസ്‌തവം. എന്നാൽ ചെറുതും വലുതുമായ ഒട്ടേറെ ടൂറിസം സ്പോട്ടുകൾ ഇടുക്കിയിൽ വേറെയുമുണ്ട്. ഒരു വെറൈറ്റിക്ക് വേണ്ടി ഇത്തരം ഇടങ്ങളും ഒന്ന് വേണമെങ്കിൽ പരീക്ഷിക്കാവുന്നതാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരിടമായി തോന്നിയിട്ടുള്ളത് പീരുമേട് എന്ന മലയോര പട്ടണമാണ്. മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒരു കൊച്ചു പട്ടണമായ പീരുമേട് തന്നെ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രം ആവണമെങ്കിൽ അവിടെ എന്തെങ്കിലും പ്രത്യേകത ഉണ്ടാവുമെന്ന് ഉറപ്പിക്കാമല്ലോ? അതെ അവിടെ അങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട്.

ഇടുക്കി ജില്ലയിലെ മറ്റൊരു മലയോര പട്ടണമായ കുമളിയിൽ നിന്ന് 40 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്‌റ്റേഷനാണ് പീരുമേട്, ഒരു കൊച്ചു പട്ടണം പോലെയുള്ള പ്രദേശം. ഈ മേഖലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വിശ്രമ കേന്ദ്രമാണ് പീരുമേട് എന്ന് നിസംശയം പറയാം.
കൂടുതൽ സഞ്ചാരികളും പെരിയാർ കടുവാ സങ്കേതത്തിലേക്കുള്ള യാത്രാമധ്യേ വിശ്രമിക്കാനും കാഴ്‌ചകൾ ആസ്വദിക്കാനും തിരഞ്ഞെടുക്കുന്ന ഇടമാണ് പീരുമേട്. പഴയ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അടുത്ത ആളും സൂഫി സന്യാസിയുമായ പീർ മുഹമ്മദിൽ നിന്നാണ് ഈ പട്ടണത്തിന് പീരുമേട് എന്ന പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.
യഥാർത്ഥത്തിൽ ഇതിനെ ഒരു തോട്ടം പട്ടണമെന്ന് വിളിക്കുന്നതാവും ഉചിതം. തേയില, ഏലം, റബ്ബർ, കാപ്പിത്തോട്ടങ്ങൾ എന്നിവയുടെ വിശാലമായ കാഴ്‌ചകൾ സഞ്ചാരികൾക്ക് നല്ലൊരു അനുഭവം തന്നെ പകർന്നു നൽകും. തിരുവിതാംകൂർ രാജാവിന്റെ പഴയ വേനൽക്കാല വസതി സ്ഥിതി ചെയ്‌തിരുന്നത് ഇവിടെയാണ്. അതിപ്പോൾ ടൂറിസം വകുപ്പിന്റെ ഗസ്‌റ്റ് ഹൗസാണ്.
പീരുമേടും പരിസരവും ട്രക്കിംഗിനും സൈക്കിൾ സവാരിക്കും കുതിര സവാരിക്കും അനുയോജ്യമായ ഒരിടമാണ്. അവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. പട്ടണത്തിൽ നിന്ന് കേവലം 4 കിലോമീറ്റർ മാത്രം അകലെയുള്ള തൃശങ്കു കുന്നുകളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.
പച്ചപ്പ് വിരിച്ച കുന്നുകളും മനോഹരമായ ഭൂപ്രകൃതിയും ഇളം കാറ്റും ചെറിയൊരു ട്രെക്കിംഗ് സാധ്യത സഞ്ചാരികൾക്ക് മുൻപിൽ തുറന്നിടുന്നു. പീരുമേട് വന്നാൽ ഉറപ്പായും കയറേണ്ട മറ്റൊരിടം കൂടിയുണ്ട്, അതാണ് കുട്ടിക്കാനം. പീരുമേട് പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് കുട്ടിക്കാനം സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായി ഒട്ടനവധി കാഴ്‌ചകൾ അടങ്ങിയ ഈ സ്ഥലം കാലാവസ്ഥ കൊണ്ടും നിങ്ങളെ അമ്പരപ്പിക്കും.












Click it and Unblock the Notifications