നെയ്യാര്‍ അറബിക്കടലുമായി ചേരുന്ന ഇടം; ഒഴുകുന്ന റിസോട്ടുകളുടെ കാഴ്‌ച, പൂവാർ കാണാൻ ഇതാണ് പറ്റിയ സമയം
കേരളത്തിന്റെ തനതായ ചില പ്രത്യേകതകൾ എന്നും പുറമേ നിന്നുള്ള ടൂറിസ്‌റ്റുകൾക്ക് ഏറെ പ്രിയങ്കരമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ഇഷ്ട്ടപ്പെടുന്നത് കായലിനെ ചുറ്റിപ്പറ്റിയുള്ള ടൂറിസം ആക്റ്റിവിറ്റികളെയാണ്. അത് തെളിയിക്കാൻ ആലപ്പുഴയിലും, കുമരകത്തും ഒക്കെ ഒന്ന് ചെന്ന് നോക്കിയാൽ മാത്രം മതിയാകും.
അത്തരത്തിൽ ബാക്ക് വാട്ടർ ടൂറിസത്തിന്റെ സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തിയ കേന്ദ്രങ്ങൾ വളരെ കുറച്ച് മാത്രമേ കേരളത്തിൽ ഉള്ളൂ. അങ്ങനെ ഒരിടമാണ് തിരുവനന്തപുരം ജില്ലയിലെ പൂവാർ. യഥാർത്ഥത്തിൽ ഇത് കായലിനോട് ചേർന്ന് കിടക്കുന്ന പ്രദേശം മാത്രമല്ല എന്ന് ആദ്യമേ തന്നെ പറയട്ടെ. നെയ്യാർ നദി അറബിക്കടലുമായി ചേരുന്ന ഭാഗമാണ് പൂവാർ. കായലും കടലും പുഴയും ഒക്കെ ഒന്നായി മാറുന്ന അപൂർവ കാഴ്‌ച നിങ്ങൾക്ക് ഇവിടെ കാണാം.

ഇവിടുക്കാതെ മത്സ്യബന്ധന ഗ്രാമങ്ങളും സഞ്ചാരികള്‍ക്ക് വ്യത്യസ്‌ത അനുഭവമാകും സമ്മാനിക്കുക. ചെറിയ നിരക്കില്‍ ബോട്ടിംഗിന് സ്വകാര്യ ബോട്ടുകളും ഇവിടെ ലഭ്യമാണ്. പൂവാര്‍ കടല്‍ത്തീരം ഇനിയും തിരക്കേറിയിട്ടില്ലാത്ത തീരമേഖല കൂടിയാണ്, അതിനാൽ തന്നെ ശാന്തമായ അന്തരീക്ഷത്തിന് യാതൊരു കോട്ടവും വന്നിട്ടില്ല.
വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പിലാക്കുന്നതിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇടമാണ് പൂവാർ. തിരുവനന്തപുരത്തെത്തുന്ന സഞ്ചാരികൾക്ക് മനോഹരമായ കാഴ്‌ചകൾ സമ്മാനിക്കുന്ന ഇവിടെ നിന്ന് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് അധികം ദൂരമില്ല. കൃത്യമായി പറഞ്ഞാൽ അഞ്ച് കിലോ=മീറ്റർ സഞ്ചരിച്ചാൽ തമിഴ്‌നാട്ടിലെ പൊഴിയൂരിലെത്താം.
പൊഴിമുഖം, പച്ചപ്പ് വിരിഞ്ഞ തെങ്ങിൻ തോപ്പുകൾ, വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി ആഡംബര റിസോർട്ടുകൾ, നദിയിലൂടെയുളള യാത്ര, നിരവധി ദേവാലയങ്ങൾ ഉൾപ്പെടെ ഒരുപാട് കാഴ്‌ചകൾ പൂവാറിലുണ്ട്. പൂവാറിൽ സഞ്ചരിക്കാൻ ബോട്ട് കൂടിയേ തീരൂ. മോഹൻലാൽ സിനിമ മന്ത്രികത്തിന്റെ അവസാന ഭാഗത്ത് പോവുന്നത് പോലെ കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ഒരു ബോട്ട് യാത്ര വ്യത്യസ്‌ത അനുഭവമായിരിക്കും.
ബോട്ട് യാത്രക്ക് ഇടയിൽ നിരവധി ഒഴുകുന്ന റസ്‌റ്റോറന്റുകളും, റിസോർട്ടുകളും നിങ്ങൾക്ക് കാണാൻ കഴിയും. മീൻ വിഭവങ്ങൾ തന്നെയാണ് പൂവാറിന്റെയും നാടൻ രുചി. മീൻ വിഭവങ്ങൾ ആസ്വദിക്കാൻ ഇഷ്‌ടമുള്ളവർക്ക് പൂവാർ യാത്ര ഒരു മുതൽക്കൂട്ടാകും. അത്യധികം മനോഹരമായ പൊഴിമുഖമാണ് പൂവാറിന്റെ സവിശേഷത. ആ കാഴ്‌ചകൾ ഒരുകാരണവശാലും വിട്ടു കളയരുത്.












Click it and Unblock the Notifications