മൺസൂണിൽ മൂന്നാറിലേക്കാണോ? പോതമേട് വിട്ടുകളയരുത്, ഇടുക്കിയിലെ ചില ഹിഡൻ സ്പോട്ടുകൾ ഇതാ
മൂന്നാർ എന്നും മലയാളികൾക്ക് ഒരത്ഭുതം തന്നെയാണ്. അത്രയേറെ കാഴ്‌ചകൾ ഒപ്പിച്ചുവച്ച ഒരിടം കൂടിയാണല്ലോ മൂന്നാർ. കേരളത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രം എന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞ മൂന്നാറിനെ സംബന്ധിച്ച് ഒരുപാട് പറയാനുണ്ട്. അവിടുത്തെ കാഴ്‌ചകൾക്ക് അന്ത്യമില്ല എന്ന് തന്നെ നമുക്ക് വേണമെങ്കിൽ പറയാം. എന്നാൽ മൂന്നാർ യാത്ര പ്ലാൻ ചെയ്യുന്ന പലരും കാണിക്കുന്ന ഒരു വലിയ അബദ്ധമുണ്ട്.
അത് മുന്നാറിൽ മാത്രം ഒതുക്കുന്നു എന്നതാണ്. എന്നാൽ ചിലർ മറയൂർ, തേക്കടി, വാഗമൺ എന്നിങ്ങനെ കൂടിപ്പോയാൽ വട്ടവട വരെ തങ്ങളുടെ ബക്കറ്റ് ലിസ്‌റ്റിൽ ചേർക്കാറുണ്ട്. അതിനപ്പുറം ഇടുക്കിയിൽ കാണാൻ ഒന്നുമില്ലെന്ന ധാരണയാണ് ഉള്ളതെങ്കിൽ നിങ്ങൾക്ക് തെറ്റി. മൂന്നാറിനോട് ചേർന്നും ഇടുക്കിയിൽ മറ്റ് ഭാഗങ്ങളിലായും ചെറുതും വലുതുമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികളുടെ വരവും കാത്തിരിപ്പുണ്ട്. അത്തരത്തിൽ ചില ഇടങ്ങൾ നമുക്ക് നോക്കാം.

പോതമേട് വ്യൂ പോയിന്റ്
മൂന്നാറിൽ എത്തുന്ന സഞ്ചാരികളിൽ അധികം പേരും ഈ സ്ഥലം സന്ദർശിക്കാറില്ല എന്നതാണ് പതിവ്. എന്നാൽ മനോഹരമായ ഒരു വ്യൂ പോയിന്റ് ആണിത് എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. വളഞ്ഞു പുളഞ്ഞു വരുന്ന പാതയുടെയും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയില തോട്ടങ്ങളുടെയും നീണ്ടു നിവർന്നു നിൽക്കുന്ന പുൽമേടുകളുടെയും കാഴ്‌ചകളിലേക്കാണ് ഇവിടം മിഴി തുറക്കുന്നത്.
കാപ്പി, ഏലം, കുരുമുളക് തോട്ടങ്ങൾ, തേയില എന്നിവയാൽ സമ്പന്നമായ മൂന്നാറിന്റെയും അതിന്റെ ചുറ്റുമുള്ള മലനിരകളുടെയും വിശാലമായ കാഴ്‌ച ഇവിടെ നിങ്ങൾക്ക് ലഭിക്കും. തെളിഞ്ഞ ആകാശമുള്ള ദിവസമാണെങ്കിൽ മുതിരപ്പുഴയാറും ഇടുക്കി ആർച്ച് ഡാമും വരെ ഇവിടെ നിന്ന് നോക്കിയാൽ കാണാമെന്നതാണ് പ്രത്യേകത.
ആറ്റുകാട് വെള്ളച്ചാട്ടം
മൂന്നാര്‍ മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും മനോഹരമാണ് പള്ളിവാസലിന് അടുത്തുള്ള ആറ്റുകാട്. മഴ ശക്തമായതോടെ സജീവമായ വെള്ളച്ചാട്ടം കൂടുതൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. മൂന്നാര്‍ ടൗണില്‍നിന്ന് വെറും എട്ട് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മഴക്കാലത്ത് വന്നാൽ മാത്രമേ ഇവിടുത്തെ കാഴ്‌ചകൾക്ക് ഭംഗി കൈവരൂ എന്ന കാര്യം പ്രത്യേകം ഓർക്കണം.
200 അടി ഉയരമുള്ള പാറക്കെട്ടില്‍നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്, ഈ കാഴ്‌ച അതിമനോഹരമാണ്. വെള്ളച്ചാട്ടത്തിന് തൊട്ടടുത്തുവരെ റോഡ് സൗകര്യമുണ്ട്. അതിനാൽ തന്നെ സന്ദര്‍ശകര്‍ക്ക് വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിക്കുമെന്ന ഗുണവുമുണ്ട്. ഇവിടെ അടുത്തുള്ള പാലത്തില്‍ നിന്ന് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നല്ല രീതിയിൽ ആസ്വദിക്കാം.
മൈക്രോവേവ് വ്യൂ പോയിന്റ്
മുന്നാറിൽ നിന്ന് കുറച്ചകലെയായാണ് ഈ ടൂറിസം സ്പോട്ട് സ്ഥിതി ചെയ്യുന്നത്. തൊടുപുഴയ്ക്കും ചെറുതോണിക്കും ഇടയിലായാണ് മൈക്രോവേവ് വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. പൈനാവിൽ നിന്നും 2 കിലോമീറ്റർ മാത്രമാണ് ഇവിടേക്ക് ദൂരമുള്ളത്. അടുത്തിടെയാണ് ഇവിടേക്ക് കാര്യമായി സഞ്ചാരികൾ എത്തി തുടങ്ങിയത്.
പുൽമേടുകൾ നിറഞ്ഞതും നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ടതുമായ പ്രദേശമാണിത്. സൂര്യോദയവും അസ്‌തമയവും ഇവിടെ വളരെ സുന്ദരമായ കാഴ്‌ചകളിൽ ചിലതാണ്. ഭാഗ്യമുണ്ടെങ്കില്‍ ആനകളെയും കാണാം. ഇതിനടുത്ത് തന്നെയാണ് വൈശാലി വ്യൂ പോയിന്റ്, ഇടുക്കി വന്യ ജീവി സങ്കേതം, ഇടുക്കി ഡാം തുടങ്ങിയ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications