അടിപൊളി ട്രെക്കിംഗ് അനുഭവം വേണോ? റോസ്‌മലയിലേക്ക് വിട്ടാലോ, 12 കിലോമീറ്റർ ഓഫ്‌റോഡ് യാത്ര തകർക്കും
തെക്കൻ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ പലതും അധികം ശ്രദ്ധ നേടാത്തവയാണെന്ന് പലപ്പോഴും ആർക്കെങ്കിലും തോന്നിയാൽ അവരെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല. കേരളത്തിലെ ടൂറിസം ഭൂപടം എടുത്ത് നോക്കിയാൽ അതിൽ തെളിഞ്ഞു കാണുക മധ്യകേരളവും ഒരു പരിധിവരെ മലബാറും തന്നെയാണ്. അതുകൊണ്ട് തന്നെയാവണം കൊല്ലവും തിരുവനന്തപുരവും പോലെയുള്ള ജില്ലകളിൽ വളരെയധികം അണ്ടർ റേറ്റഡ് ആയിട്ടുള്ള ടൂറിസം സ്പോട്ടുകൾ ധാരാളമായി നിലകൊള്ളുന്നതും.
അത്തരത്തിൽ കൊല്ലം ജില്ലയിലുള്ള അതിമനോഹരമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് റോസ്‌മല. കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിന് അടുത്തയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആര്യങ്കാവ് നിന്ന് പതിനഞ്ച് കിലോമീറ്ററോളം നീളുന്ന യാത്രയാണ് ഇവിടേക്ക്, അതും കാട്ടിലൂടെയുള്ള ഓഫ്‌റോഡ് യാത്ര എന്നാൽ വ്യത്യസ്‌തമായ അനുഭവം.

പ്രകൃതിയുടെ സൗന്ദര്യത്താൽ നിറഞ്ഞുനിൽക്കുന്ന താഴ്‌വരയാണ് റോസ്‌മലയുടെ പ്രധാന ആകർഷണം. റോസാപ്പൂവിന് സമാനമായ ഭൂമിയുടെ ആകൃതിയായിരിക്കാം ഈ താഴ്‌വരയുടെ പേരിനു പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു. കൂടാതെ ഇവിടെ എസ്‌റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടീഷ് പ്ലാന്ററുടെ ഭാര്യയായ റോസ്ലിന്റെ പേരിൽ നിന്നാണ് സ്ഥലത്തിന് ഇങ്ങനെയൊരു പേര് വന്നതെന്ന വാദവുമുണ്ട്.
കേരളത്തിൽ അധികം അറിയപ്പെടാത്ത മികച്ചൊരു ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് റോസ്‌മല. ഇവിടേക്കുള്ള വനപാത കുത്തനെയുള്ളതും വളവുകളുമുള്ളതാണ്. നിബിഡ വനമേഖലയിലൂടെയുള്ള ഈ പാതയിൽ നിരവധി കാഴ്‌ചകൾ നിങ്ങൾക്ക് ആസ്വദിക്കാം. അരുവികൾ ഒഴുകുന്നതും കാടിന്റെ വന്യതയും ഒക്കെ അനുഭവിച്ചറിയാം.
ജീപ്പ് യാത്ര തന്നെയാണ് റോസ്‌മലയിലേക്കുള്ള ഏറ്റവും മികച്ച ഓപ്‌ഷൻ എന്ന് നിസംശയം പറയാം. യാത്രയ്ക്ക് വനംവകുപ്പിന്റെ സഹായവും തേടാം. ദർഭക്കുളത്തിൽ നിന്നും റോസ് മല യാത്ര ആരംഭിക്കുന്നതാവും ഉചിതം. ചിത്രശലഭങ്ങളുടെ വലിയൊരു വ്യത്യസ്‌തമായ കാഴ്‌ചകൾ തന്നെ വഴിയരികിൽ നിങ്ങൾക്ക് കാണാൻ കഴിയും.
കൂടാതെ റോസ്‌മല വാച്ച് ടവറിൽ ഒരു അപൂർവ കാഴ്‌ച നിങ്ങളെ കാത്തിരിക്കുന്നുണ്ട്. റോസ്‌മല ജംഗ്ഷനിൽ തിരിച്ചെത്തി വേണം വാച്ച്ടവറിലേക്ക് പോകാൻ. ഈ വാച്ച് ടവർ തെന്മല അണക്കെട്ടിന്റെ വിശാലത നിങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടിത്തരും. അവിടുത്തെ തടാകത്തെ തഴുകിയെത്തുന്ന ഇളംകാറ്റ് എന്നും നിങ്ങളുടെ ഓർമ്മകളിൽ നിലനിൽക്കും.
കാലാവസ്ഥ അനുകൂലമെങ്കിൽ രാവിലെ സൂര്യോദയവും വൈകീട്ട് സൂര്യാസ്‌തമയവും ഇവിടെ നിന്ന് ആസ്വദിക്കാൻ കഴിയും. റോസ്‌മലയിലെ മറ്റൊരു ട്രക്കിംഗ് മേഖലയാണ് പള്ളിവാസൽ. തടാകത്തിലേക്ക് നീളുന്ന രണ്ട് കിലോമീറ്റർ വനപാത പിന്നിട്ടാൽ ഇവിടേക്ക് എത്താം. അവിടെ നിന്നും ബോട്ട് യാത്ര നടത്തി നിങ്ങൾക്ക് തടാകത്തിന്റെ ഭംഗി ആസ്വദിക്കാം.
ഉമയാർ, ശെന്തുരിനിയാർ, ഉറിലിയാർ എന്നീ നദികളുടെ ഈ സംഗമസ്ഥാനം ശരിക്കും ആരുടെയും മനം കവരുന്നതാണ്. വലിയ കുന്നുകൾക്കിടയിലാണ് ഈ റിസർവോയർ സ്ഥിതി ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ തടാകത്തിന് 115 മീറ്റർ ആഴമുണ്ടെന്നാണ് പറയപ്പെടുന്നത്. ആ ഓളപ്പരപ്പിലൂടെ യാത്ര ചെയ്യുമ്പോൾ ശരിക്കും മറ്റൊരു ലോകത്ത് എത്തിയത് പോലെ നമുക്ക് തോന്നുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications