പെരിയാറിന്റെ ഓളപരപ്പിലൂടെ എല്ലാം മറന്നൊരു യാത്ര; തേക്കടിയുടെ കാഴ്‌ചകൾ മനം മയക്കും, ബോട്ടിംഗ് മറക്കല്ലേ
യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അത് ചിലപ്പോൾ പ്രിയപ്പെട്ടവർക്ക് ഒപ്പമോ ഒറ്റയ്‌ക്കോ ഒക്കെ ആവാം. എന്നാൽ ഇത്തരം യാത്രകൾ ചെയ്യുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എവിടേക്ക് പോവണം എന്നുള്ളതാണ്. കേരളത്തിനുള്ളിൽ തന്നെ യാത്രകൾ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ ഇടങ്ങൾ ധാരാളമുണ്ട്. എങ്കിലും അവധിക്കാലം നല്ലൊരു ഹിൽ സ്‌റ്റേഷനിൽ വച്ച് ആഘോഷിക്കാൻ താൽപര്യമുണ്ടെങ്കിൽ പറ്റിയ ഒരിടമുണ്ട് നമ്മുടെ ഇടുക്കിയിൽ.
തേക്കടി എന്ന പേര് നമ്മൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാവും. ഈ തേക്കടിയിൽ നമ്മളെ കാത്ത് ധാരാളം കാഴ്‌ചകളുണ്ട്. ഒരു സാധാരണ ഹിൽ സ്‌റ്റേഷനിൽ ഉപരി വ്യത്യസ്‌തമായ അനുഭവം നിങ്ങൾക്ക് പ്രദാനം ചെയ്യുന്ന ഒരു ഇടമാണ് തേക്കടി. എന്തൊക്കെ പ്രത്യേകതകളാണ് ഈ മനോഹരമായ സ്ഥലത്ത് ഉള്ളതെന്ന് നമുക്ക് പരിശോധിക്കാം.

പെരിയാർ വന്യജീവി സങ്കേതം
ഈ ഹിൽ സ്‌റ്റേഷനിലേക്ക് കൂടുതൽ പേർ എത്തുന്നത് പെരിയാർ വന്യജീവി സങ്കേതം കാണുവാനും ഇവിടുത്തെ ബോട്ടിംഗ് അനുഭവം ആസ്വദിക്കാനുമാണ്. വനത്തിന് നടുവിലൂടെ പോകുന്ന ഈ യാത്രയിൽ ഉടനീളം ഇരുവശത്തും ആനകളും കാട്ടുപോത്തുകളും ഉൾപ്പെടെയുള്ള വന്യജീവികളെ കാണാം. ഒന്നര മണിക്കൂറോളമാണ് തേക്കടിയിലെ ബോട്ടിംഗ് നീണ്ടു നിൽക്കുക. മുൻകൂറായി ബുക്ക് ചെയ്‌താൽ അനാവശ്യമായി കാത്തുനിൽക്കുന്നത് ഒഴിവാക്കാം.
മുരിക്കടി
തേക്കടിയുടെ അരികത്ത് തന്നെയുള്ള വ്യത്യസ്‌ത കാഴ്‌ചകൾ നൽകുന്ന ഒരിടമാണിത്. ടൗണിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. കൃഷിത്തോട്ടങ്ങളുടെ കൂട്ടം തന്നെയാണ് ഇവിടുത്തെ ആകർഷണം.കുരുമുളക്, കാപ്പി, ഏലം എന്നിങ്ങനെയാണ് ഇവിടുത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായി പരിപാലിച്ചു പോരുന്നത്. ഇതിന്റെ നടുവിലൂടെയുള്ള നടത്തം അൽപ്പം അധികം ആശ്വാസവും സമാധാനവും പകർന്നു നൽകും.
ഗ്രാമ്പി
തേക്കടിയിൽ എത്തുന്നവർക്ക് നിർബന്ധമായും സന്ദർശിക്കാൻ ശ്രമിക്കേണ്ട ഒരിടമാണ് ഇത്. സാഹസികത ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലം കൂടിയാണ് ഗ്രാമ്പി. തണുപ്പും മഞ്ഞും മലയും കാറ്റും എല്ലാം ഒത്തുചേരുന്ന അപൂർവ ഇടമാണ് ഗ്രാമ്പി. ഇവിടേക്ക് വരുന്ന യാത്ര തന്നെ വ്യത്യസ്‌ത അനുഭവമാണ്. കൊക്കയുടെഅരികിലൂടെ വേണം ഇവിടേക്ക് എത്തുവാൻ. തേക്കടിയിൽ നിന്ന് ഇരുപത് കിലോമീറ്ററിൽ അധികം ദൂരമുണ്ട് ഇവിടേക്ക്.
കുരിശുമല
തേക്കടിയിലേക്ക് എത്തുന്ന ട്രെക്കിങ് പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കുരിശുമല എന്ന് പറയാതെ വയ്യ. സ്പ്രിങ് വാലി മൗണ്ടൻ എന്നും അറിയപ്പെടുന്ന ഇവിടേക്ക് തേക്കടിയിൽ നിന്നും നാല് കിലോമീറ്റർ മാത്രമാണ് ദൂരം. പെരിയാർ വന്യജീവി സങ്കേതത്തിന്റെ മനോഹരമായ കാഴ്‌ച കാണാൻ ഇവിടെ അവസരമുണ്ട്. സമുദ്ര നിരപ്പിൽ നാലായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് കുരിശുമല.
കുമളി
ഇടുക്കിയിലെ മലയോര തോട്ട പട്ടണങ്ങളിൽ ഏറ്റവും ഭംഗിയേറിയ ഇടമാണ് കുമളി. 2,890 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് കുമളി. ട്രെക്കിംഗ്, ഹൈക്കിംഗ്. തോട്ടങ്ങളിലൂടെയുള്ള യാത്ര എന്നിങ്ങനെ ധാരാളം വ്യത്യസ്‌തമായ അനുഭവങ്ങൾ നിങ്ങൾക്ക് ഇവിടെ ചെന്നാൽ പ്രാപ്‌തമാകും.












Click it and Unblock the Notifications