തെന്മല യാത്ര അടിച്ചുപൊളിക്കാം; കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പറ്റിയ ഇടം, ഇതാണ് കാരണം
കൊല്ലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പൊതുവെ വേണ്ടത്ര ശ്രദ്ധ കിട്ടാറില്ലെന്നതാണ് യാഥാർഥ്യം. അതിമനോഹര ഭൂപ്രകൃതിയും അതിലേറെ പ്രത്യേകതകളുമുള്ള ഒട്ടേറെ ഇടങ്ങളുണ്ട് കൊല്ലത്ത്. അതും തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ചില ടൂറിസം കേന്ദ്രങ്ങൾ കൂടിയാണ് ഇവയെന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല. മാത്രമല്ല കുടുംബത്തോടൊപ്പം രസകരമായ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും അതിനുണ്ട് സൗകര്യം ഇവിടെയുണ്ട്.
പറഞ്ഞുവന്നത് കൊല്ലത്തിന്റെ ടൂറിസം മുഖമായ സ്വന്തം തെന്മലയെ കുറിച്ച് തന്നെയാണ്. ഭൂപ്രകൃതി കൊണ്ടും വ്യത്യസ്‌തമായ കാഴ്‌ചാനുഭവങ്ങൾ കൊണ്ടും അത്രമേൽ അറിയപ്പെടുന്ന ഒരിടം തന്നെയാണ് തെന്മല. എങ്കിലും തെക്കൻ ജില്ലകളിൽ നിന്നുള്ളവർ മാത്രമാണ് ഭൂരിഭാഗവും ഇവിടേക്ക് എത്തുന്നത് എന്ന കാര്യം മാത്രമാണ് ഒരു അനിവാര്യമായ മാറ്റം ആവശ്യമുള്ള വിഷയം.

ഈ മേഖലയിൽ തന്നെ പ്രകൃതിയോട് ഇത്രയുമധികം ഇണങ്ങി നില്‍ക്കുന്ന ഒരു സ്ഥലം വേറെയില്ലെന്ന് നിസംശയം പറയാം. രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിൽ ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്നത്. അതിന്റെതായ ഭംഗിയും വൃത്തിയും ഇവിടെ എത്തിയാൽ നിങ്ങൾക്ക് കാണാനും കഴിയും.
കൊല്ലം-ചെങ്കോട്ട പാതയുടെയും തിരുവനന്തപുരം-ചെങ്കോട്ട റോഡിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന തെന്മല തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വലിയ മലനിരകൾ ഉൾക്കൊള്ളുന്ന 10 ഇക്കോടൂറിസം കേന്ദ്രങ്ങളുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു. കൊല്ലം നഗരത്തിൽ നിന്ന് തെന്മലയിലേക്ക് ഏതാണ്ട് അറുപത് കിലോമീറ്ററിലധികം ദൂരമുണ്ട്.
ഇവിടുത്തെ ആകാശയാത്ര പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ വിനോദം.ഇതിന് പുറമേ ശിൽപങ്ങളാല്‍ സമ്പന്നമായ കുട്ടികളുടെ പൂന്തോട്ടവും വൈകുന്നേരം ഉല്ലാസ നടത്തത്തിനുള്ള തറയോടു പാകിയ വഴികളും ഇവിടുത്തെ മറ്റ് ചില പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ കുട്ടികൾ ഉൾപ്പെടെ കുടുംബത്തോടപ്പം ധൈര്യമായി തെന്മലയിലേക്ക് വണ്ടി കയറാം.
കൂടാതെ ഇവിടെ ഒരുക്കിയിട്ടുള്ള നക്ഷത്ര വനം മറ്റൊരു കൗതുകമായ കാഴ്‌ചയായി മാറി തുടങ്ങിയിട്ടുണ്ട്. മലയാളം പഞ്ചാംഗം അനുസരിച്ച് ദിവസങ്ങളെ 27 നക്ഷത്രങ്ങളായി തിരിച്ചിട്ടുണ്ടെന്ന് അറിയാമല്ലോ, ഈ ജന്മനക്ഷത്രങ്ങള്‍ക്ക് ഓരോന്നിനും ഓരോ വൃക്ഷവും പക്ഷിയും മൃഗവും പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിൽ ആ വൃക്ഷങ്ങളുടെ വനമാണ് നക്ഷത്ര വനം എന്നറിയപ്പെടുന്നത്.
ഏഷ്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരിപാർക്കായ തെന്മലയിൽ അത്തരത്തിൽ ധാരാളം ചിത്രശലഭങ്ങളെ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ നവംബർ മാസങ്ങളിൽ ഈ ചിത്രശലഭങ്ങൾ വലിയ തോതിൽ കൂടാറാണ് പതിവ്. ധാരാളം വിദ്യാർഥികൾ ഉൾപ്പെടെ ഈ കാഴ്‌ച കാണാനായി തെന്മലയിലേക്ക് വരാറുണ്ട്.












Click it and Unblock the Notifications