ഇടുക്കിയിൽ ഇങ്ങനെയൊരു വെള്ളച്ചാട്ടം ഉണ്ടായിരുന്നോ? തൊമ്മൻകുത്ത് ശരിക്കും ഞെട്ടിക്കും, കാരണം ഇതാണ്
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഏറ്റവും പ്രശസ്‌തവും അതിലേറെ മനോഹരവുമായിട്ടുള്ള ഇടമാണ് ഇടുക്കി. ചെറുതും വലുതുമായ ഒട്ടേറെ ഇടങ്ങളുണ്ട് ഇടുക്കിയുടെ ഭംഗി പ്രകടമാക്കുന്നവ. സ്ഥിരമായി നമ്മൾ സന്ദർശിക്കുന്ന മൂന്നാറും ഇരവികുളവും തേക്കടിയും വാഗമണും ഒക്കെ ഈ പട്ടികയിലുണ്ട്. എന്നാൽ ഇത്തവണ ഒരു വെറൈറ്റി ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരിടത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഇടുക്കിയിൽ അധികം ആളുകൾ സന്ദർശിക്കാത്ത ഇടങ്ങൾ വെള്ളച്ചാട്ടങ്ങളാണ്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഇടുക്കിയുടെ ഭൂമിയിൽ പൊതുവെ തേയില തോട്ടങ്ങളും ഡാമുകളും ഒപ്പം വനങ്ങളും ഒക്കെയായി ആളുകളുടെ പ്രധാന ചോയ്‌സ്. പക്ഷേ അതിനർത്ഥം ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങൾക്ക് ഒന്നും ചേലില്ല എന്നല്ല.

അത് തെളിയിക്കുന്ന ഒരിടമാണ് തൊമ്മൻകുത്ത്. ഇടുക്കിയിൽ ശേഷിക്കുന്ന വെള്ളച്ചാട്ടങ്ങൾ മുഴുവൻ ചേർത്ത് വച്ചാലും ഒരിക്കലും തൊമ്മൻകുത്തോളം ഭംഗി അവയ്ക്ക് ഉണ്ടാവില്ല. വ്യത്യസ്‌തമായ ചുറ്റുപാടുകളും തണുത്ത വെള്ളത്തിന്റെ സാന്നിധ്യവും ഒക്കെ തൊമ്മൻകുത്തിനെ വേറിട്ട് നിർത്തുന്ന ചില ഘടകങ്ങൾ മാത്രമാണ്.
തൊടുപുഴയ്ക്ക് അടുത്തായാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏഴുനിലക്കുത്ത് എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടി ഇതിനോട് ചേർന്നുണ്ട് എന്നതാണ് മറ്റൊരു ആകർഷണം. ഈ രണ്ടു വെള്ളച്ചാട്ടങ്ങൾക്കും ഇടയിലായി ചെറിയ തടാകങ്ങൾ പോലെ രൂപപ്പെട്ടത് മനോഹരമായ കാഴ്‌ചാനുഭവം തീർക്കുന്ന കാര്യമാണ്.
വേനൽക്കാലത്ത് ഇവിടം ട്രക്കിംഗ് നടത്താൻ അനുയോജ്യമാണെങ്കിലും മഴക്കാലത്ത് ഇത്തിരി അപകടമേറിയ കാര്യമാണ്. എന്നാലും മൺസൂൺ അവസാനിച്ച സമയമായതിനാൽ സെപ്റ്റംബർ അവസാനം മികച്ച അനുഭവമായിരിക്കും ഇവിടെ നിന്ന് നിങ്ങൾക്ക് ലഭിക്കുക. കാട്ടു പാതയിലൂടെ കടന്ന് വേണം തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് അരികിലേക്ക് വരാൻ.
പാറക്കൂട്ടങ്ങളും കല്ലുകളും ഒക്കെ നിറഞ്ഞ ഈ വഴിയിലൂടെ ഉള്ള യാത്ര തന്നെ തികച്ചും വേറിട്ട അനുഭവമായിരിക്കും. ഇവിടുത്തെ വെള്ളച്ചാട്ടത്തിന് ഇത്തിരി മുകളിലായി സഞ്ചാരികൾക്ക് കാഴ്‌ച കാണാൻ പറ്റുന്ന രീതിയിലുള്ള ഒരു വ്യൂ പോയിന്റുമുണ്ട്.
അവിടെ നിന്ന് താഴോട്ട് നോക്കിയാൽ സവിശേഷമായ ഒരു ഭൂമിയുടെ ചിത്രം നിങ്ങൾക്ക് പകർത്താം. ഇത് തന്നെയാണ് ഉറപ്പായും തൊമ്മൻകുത്ത് വെള്ളച്ചാട്ടം സന്ദർശിക്കണം എന്ന് പറയാനുള്ള കാരണവും. എല്ലാ വെള്ളച്ചാട്ടങ്ങളിലും ഇങ്ങനെ ഒരു ഇടം ഉണ്ടാവണം എന്നില്ല.
ഇവിടുത്തെ വെള്ളച്ചാട്ടം കാണാനായി ആദ്യം ടിക്കറ്റ് എടുക്കണം. മുപ്പത് രൂപയോളമാണ് ഒരാൾക്ക് ടിക്കറ്റ് ചിലവ്. രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളൂ. തൊടുപുഴയിൽ നിന്ന് പതിനെട്ട് കിലോമീറ്ററോളമാണ് തൊമ്മൻകുത്തിലേക്കുള്ള ദൂരം. ഇവിടുന്ന് അടുത്തായി ആനയടിക്കുത്ത് വെള്ളച്ചാട്ടവും നിങ്ങൾക്ക് കാണാവുന്നതാണ്.












Click it and Unblock the Notifications