മഴയിൽ തുഷാരഗിരി കാണാൻ ഒടുക്കത്തെ ഭംഗിയാ സാറേ; സംശയമുണ്ടേൽ വേഗം വന്നോ, ഇവിടെ എല്ലാം സെറ്റാണ്
വേനലിന്റെ ചൂടൊക്കെ മാറി കാലവർഷത്തിന്റെ തണുപ്പിലേക്ക് നമ്മുടെ നാം കാലെടുത്ത് വച്ചിരിക്കുകയാണ്. പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. ഇതോടെ കേരളത്തിലെ ചില ടൂറിസം കേന്ദ്രങ്ങളുടെ രൂപം തന്നെ മാറുന്നത് നമുക്ക് കാണാൻ കഴിയും. അങ്ങനെ പ്രധാനമായും മാറ്റമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകൾ ധാരാളമായി എത്തുന്നുണ്ട്.
അങ്ങനെ മഴക്കാലം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പറ്റിയ ഒരിടമുണ്ട്. അതാണ് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ തുഷാരഗിരി. ഇവിടെ കാണാനും അറിയാനും ഒക്കെ ഒട്ടേറെ കാഴ്‌ചകളുണ്ട് നിങ്ങൾക്ക് മുൻപിൽ. മഴക്കാലത്ത് കുത്തിയൊഴുകുന്ന തുഷാരഗിരിയുടെ വരവ് കാണാൻ തന്നെ ഭയങ്കര ഭംഗിയാണ്.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരെയായാണ് പ്രകൃതി ഒരുക്കിയ അതിമനോഹരമായ ഈ വെള്ളച്ചാട്ടം നിലകൊള്ളുന്നത്. ഈരാറ്റുമുക്ക്, മഴവിൽ വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമാണ് തുഷാരഗിരി.
കേരള വനം വകുപ്പ് നൽകുന്ന പാസ് എടുത്തതിന് ശേഷമാണ് നാം തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് കടക്കേണ്ടത്. തുഷാരഗിരിയിൽ എത്തുന്ന സഞ്ചാരികളിൽ കൗതുകം നിറയ്ക്കുന്ന ഒരു പ്രധാന കാഴ്‌ചയാണ് അഞ്ഞൂറ് വർഷം പഴക്കം ചെന്ന താന്നിമുത്തശ്ശി എന്ന വൻ വൃക്ഷം. ഇത് പലപ്പോഴും മറ്റിടങ്ങളിൽ കനത്ത ഒരു വ്യത്യസ്‌തത ഈ സ്ഥലത്തിന് നൽകുന്നുണ്ട്.
ചെറിയ ട്രെക്കിംഗ് നടത്തി വേണം തുഷാരഗിരിയിലേക് എത്താൻ എന്ന് പ്രത്യേകം ഓർക്കണം. അത്തരം സാഹസിക യാത്രകൾക്ക് താൽപര്യം ഉള്ള ആളുകൾ മാത്രമേ തുഷാര ഗിരിയിലേക്ക് പോയിട്ട് കാര്യമുള്ളൂ എന്ന് പറയുന്നതാവും ശരി. വേനൽക്കാലത്ത് വറ്റി വരണ്ട തുഷാര ഗിരിയിലെ നീരൊഴുക്കുകൾ ഇപ്പോൾ കൂടുതൽ ശക്തമായി വന്നിട്ടുണ്ട്.
തുഷാരഗിരിയിലെ തണുത്ത വെളളത്തിലുളള കുളി ശരീരത്തെയും മനസ്സിനെയും ഒന്ന് ഉഷാറാകും എന്നുറപ്പാണ്. അതിന് വേണ്ടി തന്നെയാണ് ദൂരദേശങ്ങളിൽ നിന്ന് പോലും ഇവിടേക്ക് സഞ്ചാരികൾ പ്രധാനമായും എത്തുന്നത്. അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധ വ്യഞ്ജനത്തോട്ടങ്ങൾക്കു നടുവിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴി ചെന്നെത്തുക വൈത്തിരിയിലാണ്.
മൂടൽമഞ്ഞ് കൊണ്ട് മൂടിയ മലനിരകൾ, പരന്നൊഴുകുന്ന അരുവികൾ, വെള്ള മേഘങ്ങൾ പോലെ കാണുന്ന വെള്ളച്ചാട്ടങ്ങൾ എന്നിവയ്‌ക്കൊപ്പം സമൃദ്ധമായ വനങ്ങളുടെയും തോട്ടങ്ങളുടെയും പശ്ചാത്തലങ്ങൾ പ്രകൃതിയെ ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാനുള്ള ഇടമായി തുഷാരഗിരിയെ മാറ്റുന്നു. കൂടെ മൺസൂണിലെ മഴയും കൂടി ചേർന്നാൽ സംഗതി കൂടുതൽ ഉഷാറാവും എന്നുറപ്പ്.












Click it and Unblock the Notifications