മൈസൂരുവിൽ ദസറ കഴിഞ്ഞില്ലേ? കാത്ത് നിന്നാൽ ചില കാഴ്‌ചകൾ കൂടി കാണാം, ഈ സ്ഥലങ്ങൾ വിട്ടുകളയരുതേ...
ദുർഗാപൂജയും നവരാത്രിയും ഒക്കെയായി നാടെങ്ങും ആഘോഷവേളയിലാണ്. കേരളത്തിൽ ഇത് പൂജാവെപ്പിന്റെ കാലമാണ്. അതുകൊണ്ട് തന്നെ നവരാത്രി ആഘോഷ വേളയിൽ കൂടുതലായി ക്ഷേത്രങ്ങളിലും മറ്റുമാണ് കലാപരിപാടികൾ ഉൾപ്പെടെയുള്ളവ കേരളത്തിൽ നടക്കാറുള്ളത്. ഈ സമയത്ത് മലയാളികൾ പൊതുവേ കൂടുതലായി യാത്ര ചെയ്യുന്നത് നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ പ്രധാന ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിലേക്കാണ്.
പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ നിന്നും ദസറ അടക്കമുള്ള ആഘോഷങ്ങൾ കാണാനായി കർണാടകയിലെ മൈസൂരുവിൽ എത്തുന്നവരുടെ എണ്ണം വളരെയധികമാണ്. പത്ത് ദിവസത്തോളം നീളുന്ന ദസറ ആഘോഷങ്ങളുടെ അവസാനമാണ് ഒക്ടോബർ 12 ശനിയാഴ്‌ച. അതുകൊണ്ട് തന്നെ ഈ സമയത്ത് മലയാളികൾ ധാരാളമായി ഇവിടേക്ക് എത്താറുണ്ട്.

എന്നാൽ കേവലം ദസറ ആഘോഷങ്ങൾ കണ്ട് മാത്രം മടങ്ങുന്നതിനും അപ്പുറം മൈസൂരുവിലെയും അടുത്തുള്ള ഇടങ്ങളിലെയും മനോഹര സ്ഥലങ്ങൾ കൂടി പര്യവേക്ഷണം ചെയ്യാനും കൂടുതലായി അറിയാനും ശ്രമിക്കാവുന്നതാണ്. ദസറ ആഘോഷങ്ങളുടെ അവസാനത്തിന് ശേഷം നിങ്ങൾക്ക് അവിടെ തുടരാൻ കഴിയുമെങ്കിൽ പോവാനായി മൈസൂരുവിലെ ഒട്ടേറെ ഇടങ്ങളാണ് കാത്തിരിക്കുന്നത്.
മൈസൂരു കൊട്ടാരം
അംബ വിലാസ് കൊട്ടാരം എന്ന് കൂടി അറിയപ്പെടുന്ന മൈസൂരു പാലസ് നിങ്ങൾക്ക് മുന്നിൽ ഒരുക്കുന്നത് കാഴ്‌ചയുടെ അത്ഭുതമാണ്. അത്യധികം വസ്‌തുവിദ്യയുടെ മനോഹാരിത കൊണ്ട് അനുഗ്രഹീതമായ ഈ കൊട്ടാരം ജീവിതത്തിൽ ഒരിക്കെലെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളിൽ ഒന്നായി തന്നെ കണക്കാക്കാം. ദസറ കാലത്ത് രാത്രികളിൽ ഈ കൊട്ടാരം ദീപങ്ങളാൽ അലങ്കരിച്ച കാഴ്ച്ച കാണാൻ അതിമനോഹരമാണ്.
രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ചര വരെ മാത്രമേ ഇവിടേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. പ്രമുഖ ഇംഗ്ലീഷ് വാസ്‌തുശിൽപിയായ ഹെൻറി ഇർവിൻ രൂപകൽപ്പന ചെയ്‌തതാണ് മൈസൂരു പാലസ്. ദസറ സമയത്ത് മാത്രമല്ല മറ്റ് വിശേഷ ദിവസങ്ങളിലും അല്ലാതെ ഞായറാഴ്‌ചകളിലും ഒരു ലക്ഷത്തോളം എൽഇഡി ബൾബുകൾ കൊണ്ട് ഇവിടം അലങ്കരിക്കാറുണ്ട്.
ചാമുണ്ഡി ഹിൽസ്
മൈസൂരു നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന വ്യത്യസ്‌തമായ ഒരിടമാണ് ചാമുണ്ഡി ഹിൽസ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,489 അടി ഉയരത്തിലാണ് ചാമുണ്ഡി ഹിൽസ് നിലകൊള്ളുന്നത്. മൈസൂരു നഗരത്തിന്റെ 13 കിലോമീറ്റർ അകലെയാണ് ഇത്. അതുകൊണ്ട് തന്നെ ഇവിടെ എത്തിപ്പെടുക അത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമല്ല. ഇവിടെ ഒന്നിലധികം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
വരുണ ലേക്ക്
ലളിത മഹൽ പാലസിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് വരുണ തടാകം നിലകൊള്ളുന്നത്. തിരക്കേറിയ നഗരജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലാണ് ഇവിടേക്കുള്ള യാത്ര. ധാരാളം സാഹസിക വിനോദങ്ങളും പരിപാടികളും ഇവിടെ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. മൈസൂരുവിൽ എത്തുന്ന മലയാളികൾ അധികം സന്ദർശിക്കാത്ത ഒരു ഇടം കൂടിയാണിത്.












Click it and Unblock the Notifications