അതിരപ്പിള്ളിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വെള്ളച്ചാട്ടം പരിപൂർണതയിൽ, വൈകിയാൽ ഈ കാഴ്‌ച നഷ്‌ടമാവും
തൃശൂർ: കാലവർഷത്തിൽ മഴ കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാഴ്‌ച കാണാൻ ദൂരദേശത്ത് നിന്ന് പോലും കാലാവസ്ഥാ വെല്ലുവിളികളെ മറികടന്ന് നിരവധി ആളുകളാണ് ഇവിടേക്ക് വരുന്നത്. ചാലക്കുടി മേഖലയിൽ മഴ ശക്തമായതോടെയാണ് അതിരപ്പിള്ളിയിൽ ഒഴുക്ക് ശക്തമായത്.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതിന്റെ വീഡിയോകൾ വൈറലായിരുന്നു. ഇത് കണ്ടറിഞ്ഞാണ് കൂടുതൽ പേരും ഇവിടേക്ക് എത്തുന്നത്. മഴക്കാലമായതിനാൽ ദൂരെ റോഡിൽ നിന്ന് പോലും സഞ്ചാരികൾക്ക് കാണാൻ കഴിയുന്ന രീതിയിലാണ് വെള്ളച്ചാട്ടമുള്ളത്. പരന്നൊഴുകുന്ന നിലയിലാണ് ഇപ്പോഴത്തെ കാഴ്‌ച്ച.

വെള്ളം കൂടുതല്‍ ഉള്ള സമയങ്ങളില്‍ താഴേക്ക് ഇറങ്ങാന്‍ അനുമതി നൽകില്ല. മഴ ശക്തമായാൽ അതിരപ്പിള്ളിയിലേക്ക് പ്രവേശനം അനുവദിക്കുകയുമില്ല. നേരത്തെ വേനൽമഴയുടെ കുറവും കാലവർഷം ശക്തമാകാത്തതും കാരണം വെള്ളച്ചാട്ടത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. പൊരിങ്ങല്‍ക്കുത്ത് തുറക്കുക കൂടി ചെയ്‌തത് ഇവിടുത്തെ കാഴ്‌ചയ്ക്ക് മനോഹാരിത കൂട്ടുകയാണ്.
അതിരപ്പിള്ളിയുടെ വിശേഷങ്ങൾ
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ പറഞ്ഞാലും എത്ര പറഞ്ഞാലും തീരില്ല. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ് അതിരപ്പള്ളി വെള്ളച്ചാട്ടം നിലകൊള്ളുന്നത്. 80 അടി ഉയരത്തിൽ നിന്ന് ശക്തിയിൽ കുതിച്ചെത്തുന്ന ജലമാണ് അതിരപ്പിള്ളിയുടെ സൗന്ദര്യം.എത്ര ദൂരെ നിന്ന് പോലും കാണാൻ കഴിയുന്ന തരത്തിലുള്ളതാണ് വെള്ളച്ചാട്ടത്തിന്റെ കിടപ്പ്.
ചാലക്കുടിയിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ ആനമല റോഡിലൂടെ സഞ്ചരിച്ചാൽ അതിരപ്പിള്ളിയിലെത്താം. പശ്ചിമഘട്ട മലനിരയിലെ ഷോളയാർ റേഞ്ചിലുള്ള ഏറ്റവും ഭംഗിയേറിയ ഇടങ്ങളിൽ ഒന്ന് കൂടിയാണ് അതിരപ്പിള്ളി. അതുകൊണ്ട് തന്നെ നമ്മൾ കണ്ട സിനിമകളുടെയും ലൊക്കേഷൻ കൂടിയായിരുന്നു ഇത്.
ഇവിടെ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും മനോഹര കാഴ്‌ചയാണ് സമ്മാനിക്കാറുള്ളത്. മഴക്കാലത്ത് ഇവിടെയും ധാരാളം സഞ്ചാരികൾ എത്താറുണ്ട്. ഈ പാതയും വളരെ ഭംഗിയേറിയതാണ്. കാട്ടാനകളെ മാത്രമാണ് സൂക്ഷിക്കേണ്ടത്. അതിരപ്പിള്ളിയിൽ ഈ മഴക്കാലത്ത് പോവുന്നവർക്ക് പോവാൻ പറ്റിയ ഇടങ്ങൾ വേറെയുമുണ്ട്.
ഇവിടെ നിന്ന് അടുത്ത് തന്നെയാണ് തമിഴ്‌നാട്ടിലെ പ്രധാന ഹിൽ സ്‌റ്റേഷനായ വാൽപാറ. അവിടേക്ക് അതിരപ്പിള്ളിയിൽ നിന്ന് തുടങ്ങുന്ന പാത വളരെ മനോഹരമാണ്. ധാരാളം വന്യ മൃഗങ്ങൾ നിറഞ്ഞ ഇവിടുത്തെ കാനനപാത തന്നെ മികച്ച അനുഭവം തന്നെയാവും നൽകുക. കൂടാതെ മുകളിൽ എത്തിയാൽ ഷോളയാർ ഡാമും തേയില തോട്ടങ്ങളും ഒക്കെ കാണാവുന്നതാണ്.












Click it and Unblock the Notifications