ഉഡുപ്പിയിലൂടെ ഒരു സഞ്ചാരം; കടൽത്തീരങ്ങൾ കാഴ്‌ചയാവുന്ന ഇടം, ഇത് കർണാടകയിൽ കാണേണ്ട സ്ഥലം
ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളുള്ള ഇടങ്ങളിൽ ഒന്നാണ് നമ്മുടെ അയൽ സംസ്ഥാനമായ കർണാടക. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പോലെ തന്നെ കടലും കാടും ഒക്കെ ഒരുപോലെ ഉള്ള മറ്റൊരിടം കൂടിയായ ഈ സംസ്ഥാനത്ത് പലപ്പോഴും കൂടുതൽ പേരും പറഞ്ഞു കേട്ട ഇടങ്ങൾ കുടജാദ്രിയും നാഗർഹോളയും ബന്നാർഘട്ടയും ഒക്കെയാണ്.
അതൊക്കെയും വനവും വന്യതയും ഒക്കെ കലർന്ന ഒരു അനുഭൂതി പകരുമ്പോൾ നന്ദി ഹിൽസും മൈസൂരും കുടകുമൊക്കെ മറ്റൊരു അനുഭവമാണ് നമുക്ക് നൽകുക. ഹിൽ സ്‌റ്റേഷന്റെ മനോഹാരിത ചാലിച്ച ഈ ഇടങ്ങൾ മാത്രമാണ് കന്നഡ മണ്ണിൽ ഉള്ളതെന്നാണോ നിങ്ങൾ കരുതിയത്? എങ്കിൽ നിങ്ങൾ ഉഡുപ്പിയെ കുറിച്ച് കേട്ടുകാണില്ല.

കിഴക്ക് പശ്ചിമഘട്ടത്തിലെ പച്ചവിരിച്ച മലനിരകൾക്കും പടിഞ്ഞാറ് ശാന്തമായ അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഉഡുപ്പി. പഴയ ദക്ഷിണ കന്നഡയിൽ നിന്ന് വേർതിരിച്ചെടുത്ത ഈ മേഖല വിശാലമായ സാംസ്‌കാരിക പൈതൃകത്തെ ഉൾക്കൊള്ളുന്നു. കൂടുതൽ കേരളത്തിലെ വടക്കൻ മലബാറുമായി സാമ്യമുള്ള സംസ്‌കാരം തന്നെയാണ് ഇവിടെയുമുള്ളത്.
100 കിലോമീറ്റർ നീളമുള്ള മനോഹരമായ തീരപ്രദേശത്താൽ അനുഗ്രഹീതമാണ് ഈ മേഖല. അതുകൊണ്ട് മത്സ്യബന്ധനവും അതുമായി ബന്ധപ്പെട്ട തൊഴിലുകളും തന്നെയാണ് ഉഡുപ്പിയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. അപ്പോൾ അവിടുത്തെ കാഴ്‌ചകളും അതുമായി ബന്ധപ്പെട്ടവയുമായിരിക്കും എന്ന് ഊഹിക്കാമല്ലോ. ഒട്ടേറെ മനോഹരമായ കടൽത്തീരങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം.
ഇവിടെ ഉയർന്നുവരുന്ന പ്രധാന ബീച്ചുകളിൽ ഒന്നാണ് മാൽപെ. ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഉയരം കൂടിയ തെങ്ങുകളാൽ ചുറ്റപ്പെട്ട, സെന്റ് മേരീസ് ദ്വീപും അയൽ ദ്വീപായ ബഹദുർഗഡും മാൽപെ ബീച്ചിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഉഡുപ്പിയിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള കാപ്പു, ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച മനോഹരമായ ബീച്ചും ലൈറ്റ് ഹൗസും ഉള്ള മറ്റൊരു പ്രധാന ആകർഷണമാണ്.
ധാരാളം ടൂറിസം കേന്ദ്രങ്ങളുണ്ട് ഇവ കൂടാതെ ഉഡുപ്പിയിൽ, മറവന്തേ കടൽത്തീരത്തുള്ള കടലാമ വളർത്തൽ കേന്ദ്രം വിനോദസഞ്ചാരികളെയും പ്രകൃതിസ്‌നേഹികളെയും ഒരുപോലെ ആകർഷിക്കുന്ന ഇടമാണ്. കൂടാതെ ഹെബ്രിക്കും സോമേശ്വരയ്ക്കും ഇടയിലുള്ള സീതാനദിയിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതവും സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ്.
കൂടാതെ ഇവിടെ തന്നെയുള്ള അഗുംബെ ഘട്ടുകൾ കയറുകയാണെങ്കിൽ, സൂര്യാസ്‌തമയ ദൃശ്യം ഒരു വിസ്‌മയകരമായ അനുഭവം പ്രദാനം ചെയ്യുന്നത്. ഇനി നിങ്ങൾ ഉഡുപ്പിയിലേക്ക് പോവുകയാണെങ്കിൽ ഉറപ്പായും കാണാൻ ശ്രമിക്കേണ്ടത് അവിടുത്തെ പ്രധാന കലാരൂപമായ യക്ഷഗാനമാണ്. ഉഡുപ്പിയുടെ സാംസ്‌കാരിക പൈതൃകം അടുത്തറിയാൻ അതിലും മികച്ചൊരു മാർഗം വേറെയില്ലെന്ന് തന്നെ പറയാം.












Click it and Unblock the Notifications