അതിരപ്പിള്ളി വഴി വാൽപാറയിലേക്കൊരു ട്രിപ്പ്; കാടും മലയും കൺകുളിർക്കെ കാണാം, ഈ ഓണത്തിന് വിട്ടാലോ?
ഓണം സീസൺ ആരംഭിച്ചു കഴിഞ്ഞു, കേരളത്തിലെ ഒട്ടുമിക്ക എല്ലാ ടൂറിസം കേന്ദ്രങ്ങളും ബുക്കിംഗുകൾ കൊണ്ട് നിറഞ്ഞു കവിയുന്ന സ്ഥിതിയായിരിക്കും. ഹോട്ടലുകളും ഹോംസ്‌റ്റേകളും ഒക്കെ ഓണക്കാലത്ത് കുറച്ചധികം തിരക്കിലാവും. ഇക്കുറിയും അത് വ്യത്യസ്‌തമാവില്ലെന്ന് ഉറപ്പാണ്. എന്നാൽ നമുക്ക് ഈ ഓണം ഒന്ന് വ്യത്യസ്‌തമാക്കിയാലോ? അങ്ങനെ വേറിട്ടൊരു യാത്രാനുഭവം തേടുന്നവർക്ക് പറ്റിയ ഒരു ലൊക്കേഷനുണ്ട് നമ്മുടെ തൊട്ടടുത്ത അയൽ സംസ്ഥാനത്ത്.
തമിഴ്‌നാട്ടിൽ തന്നെയാണ് അത് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും മനോഹരമായ ഹിൽ സ്‌റ്റേഷനായ വാൽപാറയാണ് ഈ താരം. കേരളവുമായി അധികം അകലെയല്ലാത്ത ഇവിടം മലയാളി വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരിടം കൂടിയാണ്. ഒട്ടേറെ സവിശേഷതകളുള്ള ഈ ടൂറിസം കേന്ദ്രം ഈ ഓണക്കാലത്ത് സന്ദർശിക്കാൻ കഴിഞ്ഞാൽ അത് മികച്ചൊരു അനുഭവം തന്നെയായിരിക്കും.

വാൽപാറ എന്ന മനോഹരി
സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് തമിഴ്‌നാട്ടിലെ ഏറ്റവും പ്രമുഖ ഹിൽ സ്‌റ്റേഷനുകളിൽ ഒന്നാണ്. കോയമ്പത്തൂർ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്ന വാൽപ്പാറ ആനമല പർവതനിരയുടെ ഭാഗമാണ്. നിബിഡവനങ്ങളും വെള്ളച്ചാട്ടങ്ങളും അരുവികൾക്കും ഒപ്പം തേയില, കാപ്പിത്തോട്ടങ്ങൾ ഒന്നിച്ചുനിൽക്കുന്ന ഒരു ഹിൽ സ്‌റ്റേഷൻ കൂടിയാണ് വാൽപാറ എന്ന് പറയാം.
അഴിയാറിൽ നിന്ന് വാൽപ്പാറയിലേക്കുള്ള റൂട്ടിൽ 40ഓളം ഹെയർപിൻ വളവുകളാണ് ഉള്ളത്. വാൽപ്പാറയ്ക്ക് ഏറ്റവും അടുത്തുള്ള മറ്റൊരു പ്രധാന സ്ഥലമാണ് പൊള്ളാച്ചി ഏകദേശം 65 കിലോമീറ്റർ അകലെയാണ് ഇത്. വാൽപാറയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് കോയമ്പത്തൂർ നഗരം സ്ഥിതി ചെയ്യുന്നത്. അതിരപ്പിള്ളിയിലേക്ക് 80 കിലോമീറ്ററിൽ അധികം ദൂരവുമുണ്ട്.
ചിന്നക്കല്ലാർ വെള്ളച്ചാട്ടം ഉൾപ്പെടെ വാൽപാറയിലും പരിസരത്തും നിരവധി കാഴ്‌ചകളുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പ്രശസ്‌തമായ തീർത്ഥാടന കേന്ദ്രം ബാലാജി ക്ഷേത്രമാണ്. നിരാർ അണക്കെട്ട്, ഗണപതി ക്ഷേത്രം, അണ്ണൈ വേളാങ്കണ്ണി പള്ളി എന്നിവ മറ്റ് ചില പ്രധാന കേന്ദ്രങ്ങളാണ്. ഇത് കൂടാതെ നിരവധി വ്യൂ പോയിന്റുകൾ ഇവിടെയുണ്ട്.
വാൽപ്പാറയിൽ ധാരാളം വനങ്ങളും വന്യജീവി സങ്കേതങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുണ്ട്. ഭൂരിഭാഗം വനപ്രദേശങ്ങളും ഇപ്പോഴും വിനോദസഞ്ചാരികൾക്ക് എത്താൻ കഴിയുന്ന ഇടമല്ല. വാൽപാറ യാത്രയിൽ ഭാഗ്യം ഉണ്ടെങ്കിൽ കടുവ, പുലി പോലെയുള്ള വന്യജീവികളെ കാണാനും കഴിയും (ഭാഗ്യം ഉണ്ടെങ്കിൽ മാത്രം ദൂരെ നിന്ന് കാണാം).
അതിരപ്പിള്ളി വഴി ഒരു യാത്ര
കേരളത്തിൽ നിന്ന് വാൽപാറ പോകുന്നവർ അതിരപ്പിള്ളി കൂടി കയറാൻ ഓർമ്മിക്കണം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി മൺസൂൺ സീസൺ ആയതിനാൽ എല്ലാവിധ ഭംഗിയോടെയും കാണാം. അതിരപ്പിള്ളിയിൽ നിന്ന് വാൽപാറയിലേക്ക് പോവുന്ന വഴി അതിമനോഹരമാണ്. കിലോമീറ്ററുകളോളം നീളുന്ന ഈ വനപാത തന്നെ വല്ലാത്തൊരു അനുഭവമാണ് സമ്മാനിക്കുക.












Click it and Unblock the Notifications