നട്ടുച്ച പോലും പുലർച്ചെ പോലെ..; വട്ടവട ഒരുക്കുന്നത് അത്ഭുത കാഴ്‌ചകൾ, ഒരിക്കലെങ്കിലും പോവണം ഇവിടേക്ക്...
കേരളത്തിന്റെ ടൂറിസം തലസ്ഥാനം എന്ന് വേണമെങ്കിൽ നമുക്ക് ഇടുക്കിയെ വിളിക്കാം. അതിന് കാരണങ്ങൾ പലതുണ്ട്. മൂന്നാർ മാത്രമാണ് അതിന്റെ പിന്നിലെ കാര്യമെന്ന് വിചാരിക്കുന്നവർക്ക് തെറ്റി. ഇടുക്കി ജില്ലയുടെ മനോഹാരിത അറിയണമെങ്കിൽ മൂന്നാറും, വാഗമണും, തേക്കടിയും മാത്രം പോയാൽ പോരാ. അതിനുമപ്പുറം മറ്റ് പല ഇടങ്ങളും ഇടുക്കിയുടെ ടൂറിസം ഭൂപടത്തിൽ വരവറിയിച്ചിട്ടുണ്ട്.
അത്തരത്തിൽ ഇടുക്കിയിലെ ഒരു ഗ്രാമമാണ് വട്ടവട. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അസാധാരണമായ ഗ്രാമത്തിലേക്കു ഇപ്പോൾ ആളുകൾ ധാരാളമായി എത്തി കൊണ്ടിരിക്കുകയാണ്. വർഷം മുഴുവൻ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന ഈ മേഖല അതിനാൽ തന്നെ പച്ചക്കറി കൃഷിക്ക് പേരുകേട്ട ഇടമാണ്.

മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെയായി തമിഴ്‌നാടിനോട് ചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ മികച്ച പച്ചക്കറിയാണ് എന്ന കാര്യം പലർക്കുമറിയില്ല. കാടും കൃഷി ഇടങ്ങളും ഒരുപോലെ അതിരു പങ്കിടുന്ന ഇവിടുത്തെ കാഴ്‌ച തികച്ചും വ്യത്യസ്‌ത അനുഭവമായിരിക്കും സഞ്ചാരികൾക്ക് നൽകുന്നത്.
എന്നാൽ പലയിടത്തുമുള്ള കാഴ്‌ച ഫ്രെയിം ചെയ്‌തു വച്ച ഛായാ ചിത്രങ്ങൾ പോലെ അതി മനോഹരമാണ്. യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങളുടെ വൻ ശേഖരം തന്നെയുള്ള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും സഞ്ചാരികൾക്ക് കാണാൻ കഴിയും.
ഇടുക്കിയിലെ തന്നെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കും തമിഴ്‌നാട്ടിലെ ഇടങ്ങളിലേക്കും ഇവിടെ നിന്ന് പോവാൻ അധിക ദൂരമില്ല. കൊടൈക്കനാല്‍, ടോപ്‌സ്‌റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തല്ലൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ഇവിടേക്ക് എത്താൻ എളുപ്പമാണ്. വട്ടവടയിൽ സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ ധാരാളം ഹോം സ്‌റ്റേകളും, റിസോർട്ടുകളും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.
മൂന്നാറിൽ നിന്ന് പോകുമ്പോൾ ഇടുക്കിയിലെ മറ്റ് പ്രധാന ആകർഷണങ്ങളായ മാട്ടുപെട്ടി, കുണ്ടള ഡാമുകൾ കടന്നാണ് വട്ടവടയിലേക്ക് എത്തുക. ഈ വഴിയിലൂടെയുള്ള യാത്രയിൽ തേയിലത്തേട്ടങ്ങളും കാടും ഡാമിന്റെയും മനോഹാരിത ആസ്വദിച്ച് നേരെ എത്തുന്നത് പാമ്പാടുംചോല നാഷണൽ പാർക്കിലേക്കാണ്. ഇവിടെ വന്യമൃഗങ്ങളെ കണ്ട്കൊണ്ടുള്ള യാത്ര അവസാനിക്കുന്നത് വട്ടവടയിലുമാണ്.
യാത്രക്കിടയിൽ ഇവിടെ വഴിയരികിൽ തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന കൃഷിയിടം വിദൂരത്തിൽ തന്നെ കാണാവുന്നതാണ്. പച്ചക്കറികളും പഴങ്ങളും വിളഞ്ഞു നിൽക്കുന്ന വട്ടവട ഗ്രാമം മനസിന് കുളിർമ്മയേകുന്ന കാഴ്‌ചയാണ്.












Click it and Unblock the Notifications