ഹെറിറ്റേജ് ടൂറിസം കണ്ടറിയണോ? കിഴക്കേ കോട്ടയും പത്മനാഭസ്വാമി ക്ഷേത്രവും നിങ്ങളെ കാത്തിരിക്കുന്നു
കാടുകളും മലകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഒക്കെ മടുത്തവർ ധാരാളമുണ്ടാവും നമുക്കിടയിൽ. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിൽ വിരസത ഒരിക്കലുമുണ്ടാവില്ല എന്നത് സത്യം തന്നെ, പക്ഷേ ഇടയ്‌ക്കെങ്കിലും ഒരു മാറ്റം നാം ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ സ്ഥിരം ടൂറിസം ലൊക്കേഷനുകളുടെ ഭൂപടത്തെ ഓരത്തേക്ക് മാറ്റി നിർത്തി നമുക്ക് ഒരു യാത്ര പോയാലോ.
കേരളത്തിൽ അധികം നമ്മൾ പറഞ്ഞു കേട്ടിട്ടില്ലാത്ത, എന്നാൽ ഒട്ടേറെ സാധ്യതകളുള്ള ഒരു ടൂറിസം രീതിയാണ് ഹെറിറ്റേജ് ടൂറിസം. ഒരു പ്രദേശത്തിന്റെ പൈതൃകവും അതിന്റെ ചരിത്രവും ഒക്കെ കൃത്യമായി അവിടേക്ക് എത്തുന്ന സഞ്ചാരികളെ മനസിലാക്കി തരാൻ അവരിൽ ഒരു താൽപര്യം ജനിപ്പിക്കാൻ കഴിയുന്ന ഇടങ്ങളിലാണ് പൈതൃക ടൂറിസം സംരംഭങ്ങൾ വിജയിക്കുക.

അങ്ങനെ നമ്മുടെ കേരളത്തിൽ വളരെയധികം ചരിത്ര പ്രാധാന്യമുള്ള, കാഴ്‌ചകൾ നിറഞ്ഞു നിൽക്കുന്ന ഇടമാണ് കിഴക്കേകോട്ട എന്ന തലസ്ഥാന നഗരിയിലെ ഈസ്‌റ്റ് ഫോർട്ട്. ഏറെ പ്രസിദ്ധമായ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കവാടം പോലെ അതങ്ങനെ തല ഉയർത്തി നിൽകുമ്പോൾ അവിടെ എത്തുന്ന ഓരോ സഞ്ചരിക്കും പുതിയൊരു അനുഭവമായിരിക്കും എന്നുറപ്പാണ്.
തിരുവനന്തപുരത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് കിഴക്കേകോട്ട. സാധാരണക്കാർ, വിനോദസഞ്ചാരികൾ, കടകൾ, വമ്പൻ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഒരിടമായി കിഴക്കേകോട്ടയിൽ എത്തും മുൻപ് ശാന്തതയെ പൂർണമായും മറന്നേക്കണം. പഴയ തിരുവിതാംകൂർ മുതൽ ഇന്നത്തെ തിരുവനന്തപുരം വരെ പല സുപ്രധാന മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരിടമാണിത്.
ഈ പ്രദേശം മുഴുവൻ സംസ്ഥാന സർക്കാർ ഒരു പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കേ കോട്ടയിൽ നിന്നും പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള ഒരു ചുവടും വയ്ക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിധി ശേഖരത്തിന്റെ നിലവറകൾക്ക് മുകളിലൂടെയാണ് നാം നടന്നു നീങ്ങുന്നതെന്ന്.
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറുകളുടെ വ്യാപ്‌തി കിഴക്കേ കോട്ട വരെ വ്യാപിച്ചു കിടക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഇനി ഒരൽപനേരം നല്ലൊരു വിശ്രമമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം പേറുന്ന കുതിരമാളികയുടെ കാഴ്‌ചകാഴ്‌ചകളും കാണാം. അവിടെ സൗര്യമായി ഒരിത്തിരി നേരം ചിലവഴിക്കാനും സാധിക്കും.
എപ്പോഴെങ്കിലും നിങ്ങൾ തിരുവനന്തപുരം സന്ദർശിക്കുകയാണെങ്കിൽ ഉറപ്പായും കിഴക്കേകോട്ട വിട്ടുകളയാതെ കാണാൻ മറക്കരുത്. നൂറ്റാണ്ടുകളുടെ ചരിത്രം സ്വന്തമായുള്ള ഈ മേഖല വലിയൊരു ചരിത്ര സ്‌മാരകമായി നിലനിർത്തുന്നതിനൊപ്പം ടൂറിസത്തിനും സാധ്യതകൾ തുറന്നുകൊടുക്കാൻ ഇത് ഉപകരിക്കും.












Click it and Unblock the Notifications