കൊടും കാട്ടിലേക്കൊരു ഉഗ്രൻ ട്രെക്കിംഗ് ആയാലോ? പോകാം ചിന്നാറിലേക്ക്, തൂവാനം വെള്ളച്ചാട്ടവും കാണാം
ഇടുക്കിയിൽ ഒരിക്കലും മടുക്കാത്ത ഒട്ടേറെ ഇടങ്ങളുണ്ട് നമുക്ക് പോവാൻ. മൂന്നാർ വിട്ടേക്കാം, അതല്ലാതെ വന്യ ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഇടങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. അത്തരത്തിൽ ഒരിടമാണ് ചിന്നാർ വന്യജീവി സങ്കേതം. പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് ചിന്നാർ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ജൈവവൈവിധ്യത്തിന്റെ അപൂർവമായ ഒരു കലവറയാണിവിടം. പുൽമേടുകളും മുൾക്കാടുകളും ചോലവനങ്ങളും ചതുപ്പും നിറഞ്ഞ ചിന്നാർ പ്രദേശം എന്നും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഒരിടം കൂടിയാണ്. വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും കേന്ദ്രം കൂടിയാണ്.

ലോകത്താകമാനം 200ൽ താഴെ മാത്രം എണ്ണമുള്ളചാമ്പൽ മലയണ്ണാൻ ഗ്രഹത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇലപൊഴിയും മരങ്ങൾക്കൊപ്പം വന്യജീവികളുടെ സാന്നിധ്യവും ട്രെക്കിംഗ് പ്രേമികൾക്ക് ഇവിടം അനുയോജ്യമായ ഇടമാക്കി മാറ്റുന്നു.
കരിമുത്തിയിൽ നിന്ന് ചിന്നാറിലേക്കുള്ള യാത്രയിൽ വഴിയരികിൽ പുള്ളിമാൻ, സാമ്പാർ, ഹനുമാൻ ലങ്കൂർ, മയിലുകൾ എന്നിവയെ ഉറപ്പായും കാണാം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ഒരുക്കിയിരിക്കുന്ന ഹട്ടുകൾ കൂടുതൽ ആകർഷകമാക്കി സഞ്ചാരികൾക്ക് ആവശ്യത്തിന് സൗകര്യമൊരുക്കി വരുന്ന തിരക്കിലാണ് മൂന്നാർ വന്യജീവി ഡിവിഷനും ചിന്നാർ വന്യജീവി സങ്കേതത്തിലെ ജീവനക്കാരും.
ഇവിടം ഏറ്റവും പ്രധാന കാഴ്ച്ചകളിൽ ഒന്ന് ചിന്നാർ വനത്തിനുള്ളിൽ പാമ്പാറിലുള്ള ആകർഷകമായ തൂവാനം വെള്ളച്ചാട്ടം തന്നെയാണ്. ആലാംപെട്ടി ഇക്കോ ഷോപ്പിൽ നിന്നും മൂന്നര കിലോമീറ്റർ വനത്തിനുള്ളിൽ കൂടിയുള്ള ഒറ്റയടിപാതയിലൂടെ ഈ വെള്ളച്ചാട്ടത്തിൽ എത്തുവാൻ കഴിയും. രണ്ട് ചെറുപുഴകൾ കടന്നു വേണം ഇവിടേക്ക് എത്തുവാൻ. സഞ്ചാരികൾക്ക് സുരക്ഷയൊരുക്കി ട്രെക്കേഴ്‌സ് എപ്പോഴും കൂടെ കാണും.
കൂടാതെ ചിന്നാർ പുഴയും പാമ്പാർ പുഴയും തമിഴ്‌നാട് കേരള അതിർത്തിയിൽ സംഗമിക്കുന്ന സ്ഥലമാണ് കുട്ടാർ. ചിന്നാർ ചെക്ക് പോസ്‌റ്റിൽനിന്നും മൂന്ന് കിലോമീറ്ററോളം നടന്നാൽ ഇവിടെ എത്താം. 300 രൂപയാണ് പ്രവേശനത്തിനുള്ള നിരക്ക്.
വശ്യപ്പാറ മഡ് ഹൗസ്, പാമ്പാർ ലോഗ് ഹൗസ്, തൂവാനം വെള്ളച്ചാട്ടം ലോഗ് ഹൗസ്, ജെല്ലിമല ലോഗ് ഹൗസ് എന്നീ താമസസൗകര്യങ്ങളാണ് നിലവിൽ ഇവിടെ ഒരുക്കിയിട്ടുള്ളത്. പുലി, കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യമുള്ള വനമേഖലയാണ് ഹട്ടുകളിലേക്കുള്ള യാത്രയിൽ ഉടനീളം കടന്നുപോവുന്നത്.












Click it and Unblock the Notifications