ഇന്ത്യക്കാരുടെ ഇഷ്‌ട യാത്രാ ഇടങ്ങളിലൊന്നായി യുഎഇ; യുഎസും തായ്‌ലൻഡും മുന്നിൽ, ഒപ്പം ഈ സർപ്രൈസ് പേരും
ന്യൂഡൽഹി: അവധിക്കാലം ആഘോഷിക്കാനും അടിച്ചുപൊളിക്കാനും ഒക്കെ ആഗ്രഹിക്കാത്ത ആളുകൾ ഇക്കാലത്ത് വളരെ കുറവായിരിക്കും. മുൻപൊക്കെ നമ്മുടെ നാട്ടിലെ തന്നെ പ്രധാന സ്ഥലങ്ങളാണ് കാണാനും അറിയാനും ഒക്കെ നമ്മൾ താൽപര്യപ്പെട്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി, വിദേശ യാത്ര എന്നത് വളരെ സാധാരണമായ ഒരു കാര്യമായി മാറി കഴിഞ്ഞിരിക്കുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും വിദേശ യാത്ര നടത്തുന്നവരുടെ എണ്ണവും വലിയ തോതിൽ ഉയർന്നിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യക്കാരുടെ വിദേശ യാത്രാ ഭ്രമത്തെ അടയാളപ്പെടുത്തുന്ന പുതിയൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. യുഎഇ, കസാക്കിസ്ഥാൻ, അസർബൈജാൻ, ഭൂട്ടാൻ, തായ്‌ലൻഡ്, എന്നിവയാണ് ഇന്ത്യൻ യാത്രക്കാർ വളരെയധികം ഇഷ്‌ടപ്പെടുന്ന അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിൽ ചിലത്. ഡിസംബറിലെ അവധിക്കാല യാത്ര വരെ ഇന്ത്യക്കാർ ഇപ്പോഴേ മുൻകൂട്ടി ആസൂത്രണം ചെയ്‌തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മേക്ക് മൈ ട്രിപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഓൺലൈൻ ട്രാവൽ ബുക്കിംഗ് കമ്പനിയുടെ പ്ലാറ്റ്‌ഫോമിൽ നടത്തിയ സെർച്ചുകളുടെയും ബുക്കിംഗുകളുടെയും അടിസ്ഥാനത്തിലാണ് അവർ ഈ റിപ്പോർട്ട് പുറത്തിറക്കിയത്. ഇന്ത്യക്കാരുടെ യാത്രാ അഭിരുചികളിലെ താൽപര്യം ഏത് നിലയിലാണ് എന്നതിന്റെ ഒരു ചെറിയ രൂപം ഈ റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്.
എന്താണ് റിപ്പോർട്ടിൽ പറയുന്നത്?
ഡിസംബർ മാസമാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന സമയമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കസാക്കിസ്ഥാൻ, അസർബൈജാൻ, ഭൂട്ടാൻ എന്നിവിടങ്ങളിലും യുഎഇ, തായ്‌ലൻഡ്, യുഎസ്എ തുടങ്ങിയവും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ ചിലതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോലി തേടി മാത്രമല്ല യുഎഇയുടെ ടൂറിസം സാധ്യതകളും ഇന്ത്യക്കാരുടെ കണ്ണിലുടക്കി എന്നതാണ് പ്രധാന കാര്യം.
കൂടുതൽ ഇന്ത്യക്കാർ അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രകൾ നടത്തുന്നവരാണ്. ഒരു വർഷത്തിൽ രണ്ടോ അതിലധികമോ വിദേശ യാത്രകൾ നടത്തുന്നവരുടെ എണ്ണത്തിൽ 32 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യക്കാരുടെ ഇഷ്‌ട പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് മാറ്റമൊന്നുമില്ല.
മറ്റ് വിവരങ്ങൾ
ആഡംബര യാത്രകളോടുള്ള താൽപര്യം ഇന്ത്യക്കാർക്കിടയിൽ വർധിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലപ്പോഴും കീശ കാലിയാവാതെ ഇന്ത്യയിലെ ആഭ്യന്തര യാത്രകൾ ശീലിച്ചു വന്ന ഇന്ത്യക്കാർ വിദേശത്തേക്കുള്ള യാത്രയിൽ പണം ഒരു വിഷയമായി പരിഗണിക്കുന്നില്ലെന്ന് റിപ്പോർട്ട് നമ്മളോട് പറയുന്നുണ്ട്.
ഇക്കൂട്ടത്തിൽ കൂടുതൽ ചിലവ് വരുന്ന ഇടങ്ങളിലൊന്ന് ന്യൂയോർക്ക് ആണെങ്കിൽ ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യങ്ങളിൽ താരതമ്യേന പൈസ കുറവാണു. കൂടാതെ ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഹോം സ്‌റ്റേ അടക്കമുള്ള സൗകര്യങ്ങളോട് ആളുകൾ കൂടുതലായി ആഭിമുഖ്യം കാണിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
നൈറ്റ് ലൈഫ് തേടുന്ന ഇന്ത്യക്കാർ
മൂന്നിലൊന്ന് ഇന്ത്യക്കാരും നൈറ്റ് ലൈഫ് ആസ്വദിക്കാൻ കഴിയുന്ന നഗരങ്ങളാണ് കൂടുതൽ സന്ദർശിക്കാൻ താൽപറയപ്പെടുന്നത്. പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് നൈറ്റ് ലൈഫ് കൂടുതലായി തേടുന്നവർ. ബാങ്കോക്ക്, പട്ടായ, ക്വാലാലംപൂർ, അബുദാബി, ഹോ ചി മിൻ സിറ്റി എന്നിവയാണ് നൈറ്റ് ലൈഫ് ആസ്വദിക്കാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികളുടെ ആദ്യ അഞ്ച് ചോയ്‌സുകൾ.


Click it and Unblock the Notifications