ഒറ്റയ്‌ക്കൊരു കാറും വാൽപ്പാറ റൂട്ടും, ആഹാ അന്തസ്; അതിരപ്പിള്ളി വഴി പോയാൽ അമ്പരപ്പിക്കുന്ന കാഴ്‌ച കാണാം
മനോഹരമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങൾ കൊണ്ട് അനുഗ്രഹീതമായ നാടാണ് നമ്മുടെ കൊച്ചു കേരളം. പലപ്പോഴും കേരളത്തിലെ ടൂറിസം സാധ്യതകളെ നാം വാചാലരാവുകയും ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ തൊട്ടടുത്തായിരുന്നിട്ട് കൂടി നമുക്ക് സ്വന്തമാവണം എന്നാഗ്രഹിച്ച ഇടങ്ങളും കുറവല്ല. കേരളത്തിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഊട്ടിയും കുടകും ഒക്കെ അതിന് ഉദാഹരണങ്ങളാണ്. എന്നാൽ കേരളത്തിൽ തന്നെയാണെന്ന് ചിലരെങ്കിലും വിശ്വസിച്ചു പോവുന്ന ഇടങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.
അതിലൊന്നാണ് അതിരപ്പിള്ളി-മലക്കപ്പാറയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന വാൽപ്പാറ എന്ന പ്രകൃതി സുന്ദരമായ ഹിൽ സ്‌റ്റേഷൻ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് ഇത് നിലകൊള്ളുന്നതെന്ന് പറഞ്ഞാൽ ചിലരെങ്കിലും സംശയിക്കും എന്നുറപ്പാണ്. കേരളവുമായി അത്രയും അടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു ടൂറിസം കേന്ദ്രവും ഇല്ലെന്ന് തന്നെ പറയാം.

വാൽപ്പാറയിൽ എത്തിയാൽ സഞ്ചാരികൾക്ക് കണ്ടു തീർക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലെന്നതാണ് സത്യം. കാരണം അവിടേക്കുള്ള വഴി തന്നെയാണ് ഏറ്റവും വലിയ ആകർഷണം. ധാരാളം തേയില തോട്ടങ്ങളാൽ സമ്പന്നമായ വാൽപ്പാറ ഷോളയാർ കാടുകൾ കടന്ന് വേണം എത്താൻ. അതുകൊണ്ട് തന്നെ ഇവിടേക്കുള്ള യാത്രാ മദ്ധ്യേ ധാരാളം വന്യ മൃഗങ്ങളെ നിങ്ങൾക്ക് കാണാൻ കഴിയും.
വന്യമൃഗങ്ങൾ എന്ന് പറയുമ്പോൾ ഒരൽപം അപകടാരികളായ കടുവ, പുലി എന്നിവ തന്നെ നേരിട്ട് ഇറങ്ങുന്ന ഇടം കൂടിയാണ് ഇത്. എങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ല എന്നതാണ് യാഥാർഥ്യം. അവ അവരുടെ വഴിയിലും നാം നമ്മുടെ വഴിയിലും കൃത്യമായി നീങ്ങിയാൽ ഒക്കെയും സന്തുലിതമായി നീങ്ങിക്കൊള്ളും. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഈ റൂട്ടിൽ ബൈക്ക് റൈഡർമാർക്ക് അനുമതി ഇല്ലെന്നതാണ്.
അതിരപ്പിള്ളിയിൽ കയറേണ്ടവർക്ക് അവിടെ നിന്ന് തുടങ്ങാം വാൽപ്പാറയിലേക്കുള്ള യാത്ര. പെരിങ്ങൽകുത്ത് ജലാശയം കാണാൻ മാത്രം നിർത്താം അല്ലാതെ ഒരിക്കലും ഇറങ്ങി ചെല്ലരുത്, വലിയ അപകടമാണ്. ഷോളയാർ ഡാം ക്യാച്മെന്റ് ഏരിയയുടെ മനോഹരമായ കാഴ്‌ചയും നിങ്ങളെ കാത്തിരിക്കുന്നു. യാത്രക്കിടയിൽ തോട്ടപ്പുര വ്യൂപോയിന്റ് ഉണ്ട്. തീർച്ചയായും ഇവിടെ ഇറങ്ങി കാണുന്നത് മികച്ചൊരു അനുഭവമാണ്.
എന്നാൽ വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ നിർബന്ധമായും പുറത്തേക്ക് ഒന്ന് കണ്ണോടിക്കണം. ആനയിറങ്ങുന്ന മേഖലയാണ് ഇവിടം. ഈ യാത്രയിൽ അപ്പർ ഷോളയാർ ഡാമിന്റെ ഛായാചിത്രം പോലത്തെ കാഴ്‌ച കൂടി ഒപ്പിയെടുക്കാം. ശേഷം നമ്മൾ വാൽപ്പാറയെത്തും. അവിടെ തേയില തോട്ടങ്ങളിലൂടെ കറങ്ങാം എന്നതാണ് പ്രത്യേകത.












Click it and Unblock the Notifications