യാത്രയിൽ പാരാഗ്ലൈഡിംഗ് ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടോ..? നിങ്ങൾക്കായി ഇതാ നാല് സ്ഥലങ്ങൾ...
യാത്ര പോവുന്നത് കേവലം സ്ഥലം കാണാനും, ചിത്രങ്ങൾ പകർത്താനും അല്ലെന്ന് കരുതുന്ന ഒരുപാട് പേരുണ്ട് നമ്മൾക്കിടയിൽ. അവരിൽ ചിലരൊക്കെ സാഹസികത ഇഷ്‌ടപ്പെടുന്ന ആളുകളുമായിരിക്കും. സാഹസികത എന്ന് പാറയുമ്പോൾ മൗണ്ടൻ ക്ലൈമ്പിങ്, ട്രക്കിങ് തുടങ്ങിയവ ആയിരിക്കും ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുക.
എന്നാൽ അത്ര തന്നെ ഒരുപക്ഷേ അതിലേറെ സാഹസികത ഉള്ള മറ്റൊരു വിനോദമാണ് പാരാഗ്ലൈഡിംഗ്. ഇത് ചെയ്യാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ലഭ്യതയാണ്. ഇന്ത്യയിൽ വളരെ കുറച്ച് ഇടങ്ങളിൽ മാത്രമേ പാരാഗ്ലൈഡിംഗ് സൗകര്യം നിലവിലുള്ളൂ എന്നതിനാൽ തന്നെ യാത്രകൾ അതിനനുസരിച്ച് പ്ലാൻ ചെയ്യുന്നവരും ഏറെയാണ്.

പാരാഗ്ലൈഡിംഗ് സാഹസികമായ ഒരു വിനോദം ആണെങ്കിലും, അതിന് സുരക്ഷിത്വവും പ്രധാനമാണ്. അതിനാൽ കുറഞ്ഞ ചിലവിൽ ആഗ്രഹം സാധിക്കുന്നതിന് പകരം മെച്ചപ്പെട്ട, സുരക്ഷിതമായ ഇടങ്ങളിൽ നിന്ന് അത് ചെയ്യാൻ ശ്രമിക്കുക. ഇതിനായി നാല് കേന്ദ്രങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഇന്ന് ഇവിടെ...
മണാലി (ഹിമാചൽ പ്രദേശ്)
ഇന്ത്യയിലെ ഏറ്റവും പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മണാലിയിൽ ഈ സാഹസിക വിനോദത്തിന് സാധ്യതകളുണ്ട്. പാരാഗ്ലൈഡിംഗിന് രാജ്യത്ത് ഏറ്റവും പേരുകേട്ട രണ്ട് കേന്ദ്രങ്ങളാണ് മണാലിയിൽ ഉള്ളത്, സോളാങ് വാലിയും മാധിയും. നിങ്ങൾ മണാലിയിലേക്ക് യാത്ര പോവുകയാണെങ്കിൽ തീർച്ചയായും ഈ അവസരം നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
മസൂറി (ഉത്തരാഖണ്ഡ്)
ഉത്തരേന്ത്യയിൽ ആമുഖം ആവശ്യമില്ലാത്ത മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് മസൂറി. ഉത്തരാഖണ്ഡിലെ മാത്രമല്ല, രാജ്യത്തെ തന്നെ ഏറ്റവും വലിയ അവധിക്കാല ആഘോഷ കേന്ദ്രങ്ങളിൽ ഒന്നായാണ് ഇവിടം അറിയപ്പെടുന്നത്. ഡെറാഡൂണിന് അടുത്താണ് ഈ സ്ഥലം. പാരാഗ്ലൈഡിംഗും ഒപ്പം ശൈത്യകാലത്തിന്റെ ഭംഗിയും ഒരുമിച്ച് ആസ്വദിക്കാൻ ഏറ്റവും മികച്ച ഓപ്‌ഷനാണ് മസൂറി.
പാഞ്ചഗണി (മഹാരാഷ്ട്ര)
പട്ടികയിലെ മറ്റൊരു ആകർഷമാണ് മഹാരാഷ്ട്രയിലെ ഈ ടൂറിസ്‌റ്റ് കേന്ദ്രം. അധികം പറഞ്ഞുകേട്ടിട്ടില്ലാത്ത ഒരിടം കൂടിയാണിത്. ഇതുവരെ പോകാത്ത, എന്നാൽ ഏറെ പ്രത്യേകതകൾ ഉള്ള ഒരിടത്ത് നിങ്ങൾക്ക് അവധിക്കാലം ആഘോഷിക്കണം എന്ന് തോന്നിയാൽ ഇവിടം അതിന് പറ്റിയ ഒരു സ്ഥലമാണ്. പാരാഗ്ലൈഡിംഗ് തന്നെയാണ് ഇവിടുത്തെ മുഖ്യ ആകർഷണം.
നൈനിറ്റാൾ (ഉത്തരാഖണ്ഡ്)
ഉത്തരാഖണ്ഡിലെ മറ്റൊരു പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമാണ് നൈനിറ്റാൾ. മസൂറിക്ക് സമാനമായി ഇവിടെയും പാരാഗ്ലൈഡിംഗ് സാധ്യതകൾ ഏറെയാണ്. നൗകുചിയാത്തൽ, ഭീംതൽ എന്നീ രണ്ട് കേന്ദ്രങ്ങളാണ് നൈനിറ്റാളിൽ പാരാഗ്ലൈഡിംഗ് നടക്കുന്ന ഇടങ്ങൾ. ഇതിനൊപ്പം തടാക നഗരത്തിന്റെ ഭംഗി ആസ്വദിക്കാനും നിങ്ങൾക്ക് കഴിയുമെന്നതാണ് ഇവിടുത്തെ പ്രത്യേകത.












Click it and Unblock the Notifications