മരംകോച്ചുന്ന തണുപ്പിൽ ഹെയർപിൻ വളവുകൾ കയറാം; യേർക്കാട് നിങ്ങളെ ഞെട്ടിക്കും, കൊല്ലിമലയും കാണാം
പൂജ അവധി കഴിഞ്ഞ ക്ഷീണത്തിൽ ആവും നമ്മളിൽ പലരും. എന്നാൽ മൂന്നോ നാലോ ദിവസം നീളുന്ന ഈ അവധിക്കാലം പലർക്കും യാത്രകൾക്ക് സാധിക്കാത്ത ഒരു സമയം കൂടിയായിരുന്നു. പക്ഷേ വരാനിരിക്കുന്ന ദീപാവലി ആഘോഷ വേള അങ്ങനെയല്ല. ഈ സീസണിൽ ഏറ്റവും കൂടുതൽ പേർ കുടുംബമായും സുഹൃത്തുകൾക്ക് ഒപ്പവും ഒക്കെ യാത്രകൾ ചെയ്യാൻ സാധ്യതയുള്ള, ആസൂത്രണം ചെയ്യുന്ന സമയം കൂടിയാണിത്.
അങ്ങനെ നിങ്ങളും ഇക്കുറി ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, എപ്പോഴും പോവുന്ന ലൊക്കേഷനുകൾ മടുത്തെങ്കിൽ മാത്രം നിങ്ങൾക്ക് പറ്റിയ ഒരിടമുണ്ട്. സംഗതി നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ തന്നെയാണെങ്കിലും അങ്ങനെ അധികമാരും കേൾക്കാത്ത പേര് കൂടിയാണ് ഈ സ്ഥലത്തിന്റേത്. യേർക്കാട് എന്നാണ് ഈ ഹിൽ സ്‌റ്റേഷന്റെ പേര്. ആദ്യമേ പറയട്ടെ ഇത് എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന ഒരിടമല്ല യേർക്കാട്.

തമിഴ്‌നാട്ടിലെ പ്രധാന നഗരമായ സേലത്ത് നിന്ന് കേവലം ഒരു മണിക്കൂറിൽ താഴെ മാത്രമാണ് ഇവിടേക്ക് വാഹനത്തിൽ സഞ്ചരിക്കാൻ എടുക്കുന്ന സമയം. ഏതാണ്ട് മുപ്പതോളം കിലോമീറ്റർ ദൂരം വരുമിത്. അതിനിടയിൽ ഇരുപതോളം ഹെയർപിൻ വളവുകളുടെ സാഹസികത മുറിച്ചു കടന്നുവേണം നിങ്ങൾക്ക് ഇവിടേക്ക് എത്തുവാൻ. എന്നാൽ ഇതൊക്കെയും മറികടന്ന് എത്തുന്ന ഇവിടുത്തെ കാഴ്‌ച നിങ്ങളുടെ മനസിനെ തണുപ്പിക്കും.
ഒരു കൊളോണിയൽ കാലത്തെ ഹിൽ സ്‌റ്റേഷൻ എന്ന നിലയിൽ ഏറെ പ്രത്യേകതകളാണ് ഈ സ്ഥലത്തിനുള്ളത്. സീസൺ ആയി വരുന്നതിനാൽ ഈ സമയത്ത് രാത്രികളിൽ ഉൾപ്പെടെ മരംകോച്ചുന്ന തണുപ്പായിരിക്കും ഇവിടെ. ബോട്ടിംഗ്, ട്രെക്കിംഗ് എന്നിങ്ങനെ ഒട്ടേറെ വിനോദങ്ങൾക്ക് ഇവിടെ ധാരാളമായി അവസരമുണ്ട്.
കാർഷിക മേഖലയുടെ അനന്തമായ സാദ്ധ്യതകൾ കൃത്യമായി മനസിലാക്കിയിട്ടുള്ള നാടാണ് ഇത്. അതുകൊണ്ട് തന്നെ ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് കാണാനായി ധാരാളം ഫാമുകൾ ലഭ്യമാണ്. അവിടെ കാപ്പി, ഓറഞ്ച്, ചക്ക, പേരക്ക, കുരുമുളക്, ഏലം തുടങ്ങിയ ഭക്ഷ്യ വസ്‌തുക്കൾ വലിയ കൃഷി ചെയ്യുന്നത് കാണാനും അവ നേരിട്ട് വാങ്ങാനും നിങ്ങൾക്ക് കഴിയും.
ഷെവരോയ് ക്ഷേത്രം, അന്ന പാർക്ക്, ബിയേഴ്‌സ് കേവ്, പഗോഡ പോയിന്റ്, കിളിയൂർ വെള്ളച്ചാട്ടം, ആർതർ സീറ്റ് എന്നിങ്ങനെ ഒട്ടേറെ സാധ്യതകളുണ്ട് ഇവിടെ എത്തുന്ന യാത്രികർക്ക്. തടാകത്തിന് അരികിലുള്ള അണ്ണാ പാർക്ക് ഉറപ്പായും കാണേണ്ട കാഴ്‌ചയാണ്. എന്തായാലും ഒന്നോ രണ്ടോ മൂന്നോ ദിവസം നീളുന്ന അവധിക്കാലം ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടം കൂടിയാണിത്.
ഇനി ഇവിടെ നിന്ന് അധികം അകലെയല്ലാത്ത കൊല്ലിമലയിലേക്കും വേണമെങ്കിൽ സഞ്ചാരികൾക്ക് പോകാവുന്നതാണ്. ഏകദേശം 110 കിലോമീറ്റർ ദൂരമാണ് ഇവിടെ നിന്നും കൊല്ലി മലയിലേക്കുള്ളത്. എഴുപത് ഹെയർപിൻ വളവുകൾ തീർത്ത റോഡ് വിസ്‌മയം തന്നെയാണെന്ന് പറയാം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1,000 മുതല്‍ 1,300 മീറ്റര്‍ വരെ ഉയരത്തിലാണ് കൊല്ലിമല സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications