പോരുന്നോ കോഴിക്കോടിന്റെ മൊഞ്ച് കാണാൻ; കടലും, കുന്നും, കായലും കാണാം ഒറ്റയാത്രയിൽ
മലബാറിലെ അല്ലെങ്കിൽ കേരളത്തിലെ തന്നെ ഏറ്റവും പ്രധാന ടൂറിസം ഡെസ്‌റ്റിനേഷനുകളിൽ ഒന്നാണ് കോഴിക്കോട്. അവിടുത്തെ ഏറ്റവും പ്രധാന ആകർഷണമാവട്ടെ ഭക്ഷണത്തെ കേന്ദ്രീകരിച്ചുള്ള ഇടങ്ങളുമാണ്, എന്നാൽ പലർക്കും അധികമറിയാത്ത നിരവധി ടൂറിസം കേന്ദ്രങ്ങളുണ്ട് കോഴിക്കോട് ജില്ലയിൽ. ഒരു പുലർച്ചെ യാത്ര ആരംഭിച്ചാൽ, രാത്രിക്ക് മുൻപേ വീട്ടിൽ തിരിച്ചെത്താവുന്ന തരത്തിലുള്ള ലളിതമായ യാത്രകൾക്ക് അനുയോജ്യമായ ഇടങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കൂട്ടത്തിൽ ചിലർക്ക് ഇഷ്‌ടം കടൽ കാണാനാണെന്ന് കരുതിക്കോളൂ, മറ്റ് ചിലർക്കാവട്ടെ കായലിലേക്ക് മതി യാത്ര, ബാക്കിയുള്ളവർക്ക് കുന്നും മലയുമൊക്കെയാണ് ഇഷ്‌ടം എന്നും കരുതിക്കോളൂ. എന്നാലും ആശയക്കുഴപ്പം വേണ്ട കോഴിക്കോട് ജില്ലയിൽ അൻപത് കിലോമീറ്റർ ദൂരത്തിനുള്ള ഇതിനൊക്കെ പറ്റിയ മൂന്ന് കേന്ദ്രങ്ങളുണ്ട് എന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്.

തിക്കോടി ഡ്രൈവ് ഇൻ ബീച്ച്
കേരളത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ ഡ്രൈവ് ഇൻ ബീച്ചുകളിൽ ഒന്നാണ് തിക്കോടി. കോഴിക്കോട് നഗരത്തിൽ നിന്ന് മുപ്പത് കിലോമീറ്റർ ദൂരമാണ് ഇവിടെക്കുള്ളത്. കോഴിക്കോട് ബീച്ച് കണ്ടുമടുത്തവർക്കും പുതിയ കേന്ദ്രങ്ങൾ തേടുന്നവർക്കും ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണിത്.
അതിമനോഹരമായ സൂര്യാസ്‌തമനം ആസ്വദിക്കാനും, മലബാറിന്റെ തനത് രുചികൾ തേടാനും ഇവിടെ അവസരമുണ്ട്. മുൻപ് ടോവിനോ നായകനായി അഭിനയിച്ച തീവണ്ടി എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായിരുന്നു ഇവിടം.
കരിയാത്തൻപാറ അഥവാ കോഴിക്കോടിന്റെ സ്വിറ്റ്‌സർലൻഡ്
കോഴിക്കോട് ജില്ലയിൽ ഇപ്പോൾ ഏറ്റവും അധികം ആളുകൾ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കരിയാത്തൻപാറ. തോണിക്കടവ് എന്ന പേരിലും ഇവിടം അറിയപ്പെടുന്നു.
കക്കയം ഡാമിന്റെ താഴ്വാര പ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം മനോഹരമായ ലാൻഡ്സ്കേപ് ഭംഗി കൊണ്ട് സമ്പന്നമാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് കേവലം 47 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. കുടുംബമായി വരാനും, ആസ്വദിക്കാനും പറ്റിയ മനോഹരമായ സ്പോട്ട് കൂടിയാണിത്.
അകലാപ്പുഴ കായൽ
നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ കായൽ ടൂറിസം പ്രദേശങ്ങളിൽ ഒന്നാണിവിടം. കോഴിക്കോട്ടെ ചുരുക്കം ചില കായലുകളിൽ ഒന്നായ അകലാപുഴയിൽ പയ്യോളിക്കടുത്തായുള്ള പുറക്കാട് എന്ന മേഖലയിലാണ് ഈ ടൂറിസ്‌റ്റ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഹൗസ് ബോട്ട് സൗകര്യം, കായൽ ടൂറിസം എന്നിങ്ങനെ നിരവധി സവിശേഷതകൾ അടങ്ങിയ ഈ ഇടം ഇപ്പോൾ കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസം മേഖലകളിൽ ഒന്നായി മാറുകയാണ്.












Click it and Unblock the Notifications