ഇടുക്കി ഡാമിന്റെ മടിത്തട്ടിൽ അന്തിയുറങ്ങാം..! ഇക്കോ ലോഡ്‌ജ് നിങ്ങളെ കാത്തിരിക്കുന്നു, വീഡിയോയുമായി മന്ത്രി
ഇടുക്കിയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ പോവേണ്ടത് എവിടെയൊക്കെയാണെന്ന് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടാവില്ല. വട്ടവടയും, വാഗമണും, മൂന്നാറും സഞ്ചാരികളെ എന്നും ആകർഷിക്കുന്ന ഇടങ്ങളാണ്. എന്ന് കരുതി മറയൂരും, കാന്തല്ലൂരും, തേക്കടിയുമൊക്കെ മോശമാണെന്നല്ല അർഥം. പറഞ്ഞുവന്നത് ഇടുക്കിയിലെ ടൂറിസത്തിന്റെ അനന്തമായ സാധ്യതകളെ പറ്റിയാണ്.
അത് മനസിലാക്കി കൊണ്ടായിരിക്കണം കഴിഞ്ഞ കാലങ്ങളിൽ കൃത്യമായി ഇവിടെ പുതിയ പദ്ധതികൾ ഓരോന്നായി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. 2018ലെ പ്രളയത്തിൽ തകർന്ന മൂന്നാറിലെ റോഡുകളും, അടിസ്ഥാന സൗകര്യങ്ങളും വീണ്ടും അതിലും മികച്ച രീതിയിൽ ഒരുക്കിയെടുത്തത് തന്നെ ഉദാഹരണം.

ഇപ്പോഴിതാ ഇടുക്കിയിൽ എത്തുന്ന സഞ്ചാരികൾക്ക് കഴിയാനായി ടൂറിസം വകുപ്പ് നടപ്പാക്കിയ ഇക്കോ ലോഡ്‌ജ് കൈയ്യടി നേടുകയാണ്. കഴിഞ്ഞ മാസം ഉദ്‌ഘാടനം ചെയ്‌ത ഇക്കോ ലോഡ്‌ജിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിന്റെ തനിമ ഒട്ടും ചോരാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാമുകളിൽ ഒന്നായ ഇടുക്കിയുടെ കാഴ്‌ചകളിലേക്ക് കണ്ണ് തുറന്നിരിക്കുന്ന ഇക്കോ ലോഡ്‌ജ് സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.
എന്താണ് ഇക്കോ ലോഡ്‌ജ്
കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്റെ ഫേസ്‍ബുക്ക് പേജിലൂടെ ഇക്കോ ലോഡ്‌ജിന്റെ വിശദാംശങ്ങൾ അറിയിക്കുകയും, മനോഹരമായ ദൃശ്യങ്ങൾ കാട്ടി തരികയും ചെയ്‌തിരുന്നു. ആകെ 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്‌ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും തടികൊണ്ടാണു ഇവ ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത.
പദ്ധതിയുടെ നിര്‍മാണത്തിനായി വിനിയോഗിച്ചത് ആകെ 6.72 കോടി രൂപയാണ്. ഇതിൽ സംസ്ഥാന സർക്കാർ ഫണ്ടിന് പുറമെ കേന്ദ്ര ഫണ്ടും ഉൾപ്പെടുന്നു. ആകെ 12 കോട്ടേജുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രതിദിനം ഇവിടെ കഴിയുന്നതിന് ഈടാക്കുന്ന തുക 4130 രൂപയാണ്. www.keralatourism.org എന്ന ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇവിടെ കോട്ടേജ് ബുക്ക് ചെയ്യാവുന്നതാണ്.
എറണാകുളം-തൊടുപുഴ ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുൻപിലേക്ക് പ്രധാനപാതയിലൂടെ സഞ്ചരിച്ചാല്‍ ഇക്കോ ലോഡ്‌ജിലേക്ക് എത്താവുന്നതാണ്. ഇടുക്കി ഡാം തന്നെയാണ് ഇവിടുത്തെ മുഖ്യ ആകർഷണം. കുറവൻ-കുറത്തി മലനിരകൾക്ക് ഇടയിൽ തലയുയർത്തി നിൽക്കുന്ന ഇടുക്കി ഡാമിന്റെ കാഴ്‌ച അതിമനോഹരമാണ്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇടുക്കി ഡാമിലെ കാഴ്‌ചകൾക്ക് പുറമെ ചെറുതോണി, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്ന് വേഗത്തിൽ എത്താൻ കഴിയും. ഇടുക്കിയുടെ മറ്റ് സുപ്രധാന മേഖകളായ മൂന്നാർ, വട്ടവട, വാഗമൺ എന്നിവിടങ്ങളിലേക്ക് പോവാനും സാധിക്കും. അതിൽ മൂന്നാറും, വാഗമണും ഇവിടെ നിന്ന് അൻപത് കിലോമീറ്റർ ചുറ്റളവിലാണ്. വട്ടവടയിലേക്ക് ഏതാണ് നൂറ് കിലോമീറ്ററോളം ദൂരമുണ്ട്.












Click it and Unblock the Notifications