വിവാഹം കഴിഞ്ഞ് 2 മണിക്കൂറിനുള്ളില്‍ വരന്റെ പ്രഖ്യാപനം, വധുവിനെ മുത്തലാഖ് ചൊല്ലി; കാരണം ഇങ്ങനെ
ലഖ്‌നൗ: വിവാഹം ഏറ്റവും മികച്ച രീതിയില്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മള്‍ ഓരോരുത്തരും. എന്നാല്‍ കാര്യങ്ങള്‍ എത്ര നന്നാക്കിയാലും ചില പ്രശ്‌നങ്ങള്‍ തേടി വരും. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തൊരു കാര്യമാണ് ഇപ്പോള്‍ യുപിയില്‍ നിന്നുള്ള ഒരു വിവാഹത്തില്‍ സംഭവിച്ചിരിക്കുന്നത്. ആഗ്രയില്‍ നിന്നുള്ള ഒരു യുവാവ് സ്വന്തം ഭാര്യയെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മുത്തലാഖ് ചൊല്ലിയിരിക്കുകയാണ്.
സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായി. വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിലാണ് ഇയാള്‍ വധുവിനെ മുത്തലാഖ് ചൊല്ലിയത്. വധുവിന്റെ വീട്ടുകാര്‍ ഇയാള്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.അതേസമയം വരന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ കുറച്ചധികമായിരുന്നു. ഒരു ആഢംബര കാറും, കുറേയധികം ആഭരണങ്ങളുമായിരുന്നു വരന് സ്ത്രീധനമായി വേണ്ടിയിരുന്നത്. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വധുവിനെ തനിക്കൊപ്പം വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും, അവിടെ വെച്ച് തന്നെ ഉപേക്ഷിക്കുമെന്നും വരന്‍ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം വരന്റെ കുടുംബവും ഇയാളെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. വധുവിന്റെ പിതാവിനോട് യുവാവ് ആവശ്യപ്പെട്ടത് പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്ത് കൊടുക്കാനും ഇവര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നതെന്ന് ആഗ്ര പോലീസ് വെളിപ്പെടുത്തി. ഗൗരി, ഡോളി എന്നീ സഹോദരിമാരുടെ വിവാഹം പ്രിയാന്‍ഷു ഗാര്‍ഡനില്‍ നടക്കുമ്പോഴായിരുന്നു വരന്റെ ഭാഗത്ത് നിന്ന് അമ്പരപ്പിച്ച തീരുമാനങ്ങളുണ്ടായത്.
സഹോദരിമാരില്‍ മൂത്തവളായ ഗൗരിയുടെ നിക്കാഹ് ചടങ്ങ് വളരെ സാധാരണമായ രീതിയിലാണ് നടന്നത്. ആരും പ്രശ്‌നമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ പെണ്‍കുട്ടി ഡോളിയുടെ വിവാഹത്തിലാണ് വരന്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. ഇയാള്‍ കാര്‍ വേണമെന്ന് ആവശ്യപ്പെട്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ വരന്റെ ആവശ്യം അംഗീകരിക്കാന്‍ വധുവിന്റെ കുടുംബം തയ്യാറായില്ല. വലിയ തര്‍ക്കം ഇതേ തുടര്‍ന്നുണ്ടായി.
രണ്ട് മണിക്കൂറോളം വലിയ വാഗ്വാദങ്ങളാണ് ഉണ്ടായത്. തുടര്‍ന്ന് വരന്‍ പെണ്‍കുട്ടിയെ മുത്തലാഖ് ചൊല്ലി വിവാഹ വേദിയില്‍ നിന്ന് മടങ്ങി പോവുകയായിരുന്നു. ഇതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. വധുവിന്റെ വീട്ടുകാര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇക്കാര്യം.അതേസമയം വരനെതിരെ വധുവിന്റെ വീട്ടുകാര്‍ താജ്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. മറ്റ് 7 പേര്‍ക്കെതിരെയും കേസെടുത്തിയിട്ടുണ്ട്. വിവാഹത്തിനായി മുപ്പത് ലക്ഷം രൂപയാണ് ചെലവാക്കിയതെന്ന് വധുവിന്റെ സഹോദരന്‍ കമ്രാന്‍ വാര്‍സി പറഞ്ഞു. എന്നാല്‍ വരനായ ആസിഫ് കൂടുതല്‍ കാര്യങ്ങളാണ് ചോദിച്ചത്.
വളരെ വൈകിയാണ് വിവാഹത്തിന് പോലും വരന്‍ വന്നത്. തുടര്‍ന്ന് ഭക്ഷണത്തിനെയാണ് അവര്‍ കുറ്റംപറഞ്ഞത്. വരനായ ആസിഫ് വളരെ കടുംപിടുത്തത്തിലായിരുന്നു. തന്റെ ആവശ്യം അംഗീകരിക്കാതെ വധുവിനെ സ്വീകരിക്കില്ലെന്നായിരുന്നു നിലപാട്. ഒടുവില്‍ മുത്തലാഖ് ചൊല്ലി അയാള്‍ മടങ്ങിയെന്നും കമ്രാന്‍ പറഞ്ഞു. ആസിഫിനും, സഹോദരന്‍മാര്‍ക്കും, പിതാവിനുമെതിരെ അടക്കം കേസെടുത്തതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications