ഓണം 2023: അത് സ്ത്രീകളല്ല, സ്ത്രീവേഷത്തില്‍ പുരുഷ പൊലീസുകാരുടെ തിരുവാതിര; വൈറല്‍
തൃശൂര്‍: മലയാളികള്‍ ഓണാഘോഷത്തിന്റെ തിരക്കിലാണ്. ലോകത്തെവിടെയാണെങ്കിലും കേരളത്തിന്റെ ദേശീയോത്സവം ആഘോഷിക്കാത്ത മലയാളികള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ ഏത് ആഘോഷം വന്നാലും അതില്‍ പങ്കെടുക്കാന്‍ കഴിയാത്ത നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ടാകും. അതില്‍ മുന്‍പന്തിയിലാണ് പൊലീസ് സേനയിലുള്ളവര്‍. നമുക്ക് സുരക്ഷയൊരുക്കുക എന്നതാണ് പൊലീസുകാരുടെ പ്രാഥമിക കര്‍ത്തവ്യം എന്നതിനാല്‍ പല ആഘോഷങ്ങളും ഇവര്‍ക്ക് അന്യമായിരിക്കും.
എന്നാലും നല്ല ഒരു ഓണമായിട്ട് എങ്ങനെ ആഘോഷിക്കാതിരിക്കും എന്ന് ചിന്തിക്കുന്നവരും വിരളമല്ല. അങ്ങനെ ചിന്തിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ കാരണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും കടകളിലും എല്ലാം ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുകയാണല്ലോ. എന്നാല്‍ പിന്നെ പൊലീസ് സ്റ്റേഷനിലും ഓണാഘോഷമാകട്ടെ എന്നങ്ങ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ തീരുമാനിച്ചു.

വേറും ആഘോഷമല്ല. പുരുഷ പൊലീസുകാര്‍ തന്നെ പെണ്‍വേഷം കെട്ടി നല്ല ഒരു തിരുവാതിര കളി തന്നെ സംഘടിപ്പിച്ചു. എസ് പി ഒ മുതല്‍ എസ് ഐമാര്‍ വരെയുള്ള പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് തിരുവാതിരക്കളിക്ക് ചുവടുവെച്ചത്. സ്ത്രീകളെ പോലെ അണിഞ്ഞൊരു കൂളിംഗ് ഗ്ലാസും വെച്ച് കളറാക്കിയായിരുന്നു പൊലീസുകാരുടെ തിരുവാതിരക്കളി. ഇതോടെ കേസിനും പരാതിക്കും അവധി പറഞ്ഞ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഓണാഘോഷത്തിന്റെ തിമിര്‍പ്പിലുമായി.
എസ് ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്‍, ജെയ്‌സന്‍, എ എസ് ഐമാരായ ബാബു, റെജി, ജഗദീഷ്, എസ് പി ഒ ജാക്‌സണ്‍ എന്നിവരായിരുന്നു തിരുവാതിരക്കളിയിലെ താരങ്ങള്‍. തിരുവാതിരക്കളിയില്‍ മാത്രം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം അവസാനിച്ചില്ല. നാടകം, വടം വലി, കലാ - കായിക മത്സരങ്ങളും പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിലെ വേറിട്ട ഐറ്റമായി. ഡിവൈ എസ് പി സലീഷ് എന്‍.ശങ്കരന്‍, സി ഐ ഇ ആര്‍ ബൈജു, എസ് ഐ ഹരോള്‍ഡ് ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു സിആര്‍ പങ്ക് വെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.












Click it and Unblock the Notifications