പ്രീ വെഡ്ഡിംഗ് ഷൂട്ട് ഓപ്പറേഷന്‍ തിയേറ്ററില്‍, വീഡിയോ വൈറല്‍; എട്ടിന്റെ പണി ഉടന്‍ കിട്ടി
പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് കൊണ്ട് പുലിവാല് പിടിച്ച് കര്‍ണാടകയിലെ ഡോക്ടര്‍. പ്രതിശ്രുത വധുവിനൊപ്പം പ്രീ വെഡ്ഡിംഗ് ഷൂട്ട് ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു ഇയാള്‍ നടത്തിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററായിരുന്നു ഇത്. ഒരാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്ന തരത്തിലായിരുന്നു വീഡിയോ ചിത്രീകരിച്ചത്.
വീഡിയോ വൈറലായതോടെ സംസ്ഥാന സര്‍ക്കാര്‍ ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. അഭിഷേക് എന്നാണ് ഇയാളുടെ പേര്. ഇയാള്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടറാണ്. അതേസമയം ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇയാളെ പുറത്താക്കിയിരിക്കുകയാണ്.

ചിത്രദുര്‍ഗ ജില്ലയിലെ ബരമസാഗരയിലാണ് സംഭവം നടന്നത്. വീഡിയോയില്‍ ഡോ അഭിഷേക് ഒരു രോഗിയില്‍ സര്‍ജറി ചെയ്യുന്നത് കാണാം. പ്രതിശ്രുത വധു സര്‍ജറിക്ക് ആവശ്യമായ കാര്യങ്ങള്‍ എടുത്ത് നല്‍കുന്നതും വീഡിയോയിലുണ്ട്. കൃത്യമായ മെഡിക്കല്‍ ഉപകരണങ്ങളും അതിനൊപ്പമുള്ള സര്‍ജറി ലൈറ്റ് അറേഞ്ച്‌മെന്റുകളുമെല്ലാം പശ്ചാത്തലത്തിലുണ്ട്.
ക്യാമറ കൈകാര്യം ചെയ്തവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്റെ തീം മെഡിക്കല്‍ സര്‍ജറിയായിരുന്നു. സര്‍ജറിക്ക് ശേഷം രോഗി എഴുന്നേല്‍ക്കുന്നതും, ചിരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു.
അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനവും ഡോക്ടര്‍ അടക്കമുള്ളവര്‍ നേരിട്ടിരുന്നു. സര്‍ക്കാര്‍ ആശുപത്രിയാണ് എന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. കര്‍ണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു അഭിഷേകിനെ പുറത്താക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ജനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് സര്‍ക്കാര്‍ ആശുപത്രികള്‍, അല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ക്കുള്ളതല്ല. ഇത്തരം അച്ചടക്കമില്ലായ്മ ഡോക്ടര്‍മാരില്‍ നിന്ന് ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഗുണ്ടുറാവു പറഞ്ഞു. മറ്റുള്ള ജീവനക്കാര്‍ക്കും മന്ത്രി മുന്നറിയിപ്പ് നല്‍കി.
എല്ലാ ഡോക്ടര്‍മാരോടും മറ്റ് ആശുപത്രി സ്റ്റാഫുകളോടും ജാഗ്രതയോടെ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവര്‍ക്ക് സാധിക്കും. എല്ലാവരും അവരുടെ ജോലിയിലാണ് ശ്രദ്ധിക്കേണ്ടത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിയിട്ടുള്ള സൗകര്യങ്ങള്‍ പരമാവധി ഉപയോഗിച്ച് സാധാരണ ജനങ്ങള്‍ക്ക് വേണ്ട ആരോഗ്യ പരിരക്ഷ നല്‍കണമെന്ന് ഗുണ്ടുറാവു ആവശ്യപ്പെട്ടു. നേരത്തെ പ്രീ വെഡ്ഡിംഗ് ഷൂട്ട് ഇത്തരത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. അണ്ടര്‍ടേക്കര്‍ മോഡല്‍ ഫോട്ടോഷൂട്ടും ഇതുപോലെ വൈറലായിരുന്നു.












Click it and Unblock the Notifications