ഇറാനില്‍ മത്സ്യമഴ? റോഡിലാകെ നിറഞ്ഞ് മത്സ്യങ്ങള്‍; വീഡിയോ വൈറല്‍, എന്താണ് ഈ പ്രതിഭാസത്തിന് പിന്നില്‍
തെഹ്‌റാന്‍: ആകാശത്ത് നിന്ന് മത്സ്യങ്ങള്‍ മഴയായി പെയ്യുമോ? അങ്ങനെ ഒന്ന് കണ്ട് ഞെട്ടിയിരിക്കുകയാണ് ഇറാന്‍ നിവാസികള്‍. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. എന്നാല്‍ എന്താണ് ഇതിന്റെ കാരണമെന്ന് അന്വേഷിക്കുകയാണ് ശാസ്ത്രജ്ഞര്‍. പുറത്തുവന്ന വീഡിയോയിലാണ് മത്സ്യങ്ങള്‍ ആകാശത്ത് നിന്ന് വീഴുന്നതായി കാണുന്നത്.
ഇറാനിലെ യസൂജ മേഖലയില്‍ മെയ് അഞ്ചിനാണ് സംഭവം നടന്നതെന്ന് ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയ്ക്കിടെ ധാരാളം മീനുകള്‍ കരയില്‍ വീഴുകയായിരുന്നു. വിമാനത്തില്‍ നിന്ന് താഴേക്ക് വീഴുന്ന തണുത്ത് മരവിച്ച മാലിന്യങ്ങള്‍ പോലെയുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

അതേസമയം ഇതിന്റെ വീഡിയോ വ്യാജമാണെന്ന് പറയുന്നവരും ധാരാളമാണ്. ജീവനുള്ള മത്സ്യങ്ങളാണ് പലതുമെന്ന് വീഡിയോ എടുത്ത വ്യക്തി പറയുന്നുണ്ട്. തീരത്ത് നിന്ന് 280 കിലോമീറ്റര്‍ പിന്നിട്ട് കൊടുങ്കാറ്റ് എത്തിയപ്പോഴാണ് മത്സ്യമഴയുണ്ടായത്. എന്നാല്‍ ഈ പ്രതിഭാസത്തിന് മത്സ്യമഴ എന്ന് പേരുണ്ടെങ്കിലും ആകാശത്ത് നിന്ന് വീഴുന്നതല്ല മീനുകള്‍. നീരാവിയില്‍ നിന്നുണ്ടാവുന്നതുമല്ല ഇവ.
ഒരു പ്രതിഭാസത്തെ തുടര്‍ന്ന് ജലത്തിലെ മീനുകള്‍ താഴേക്ക് പതിക്കുന്നതാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇത് സംഭവിക്കുക. പലയിടങ്ങളിലും ഇത് മുമ്പ് സംഭവിച്ചിട്ടുണ്ട്. ടൊര്‍ണാഡോയെ തുടര്‍ന്നാണ് ഇവ സ്ഥിരമായി സംഭവിക്കാറുള്ളത്. കടലില്‍ നിന്ന് ടൊര്‍ണാഡോ ഉണ്ടാവുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുക.
ശക്തമായ ചുഴലിയില്‍ വെള്ളത്തിനൊപ്പം മീനുകളും വന്ന് അടിയും. സമുദ്രത്തില്‍ നിന്ന് ഇവ കരയിലേക്ക് വരുമ്പോള്‍ ആകാശത്ത് നിന്ന് മത്സ്യങ്ങള്‍ താഴേക്ക് വീഴും. ചുഴലിക്കാറ്റ് കടന്നുപോയ ശേഷമാണ് ഇത് സംഭവിക്കുക. അതുകൊണ്ട് ആകാശത്ത് നിന്ന് മത്സ്യം മഴയായി പെയ്യുന്നത് പോലെ തോന്നും.
സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇതിനെ ബൈബിളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബൈബിളില്‍ മത്സ്യമഴ പെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെന്നും, ഇത് അങ്ങനെ സംഭവിച്ചതാണെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ശാസ്ത്രീയമായി ഇവയ്ക്ക് വിശദീകരണമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.
അതേസമയം ഇറാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയും ഉണ്ടായിരുന്നു. നാഷണല്‍ ജിയോഗ്രാഫിക് പറയുന്നത് പ്രകാരം മൃഗങ്ങള്‍ മഴയായി പെയ്യാമെന്നാണ്. ശക്തമായ കാറ്റില്‍ മൃഗങ്ങള്‍ പറന്നുപോകാന്‍ സാധ്യത ഏറെയാണ്. തവളകള്‍, വവ്വാലുകള്‍, മണ്ണിരകള്‍, വെട്ടുകിളികള്‍, പക്ഷികള്‍, ഞണ്ടുകള്‍, പാമ്പുകള്‍, മത്സ്യം എന്നിവ ഇത്തരത്തില്‍ പറന്നുപോകാം.
ഇവ ചുഴലിക്കാറ്റിന് ശേഷം താഴേക്ക് വീഴാമെന്നും നാഷണല്‍ ജിയോഗ്രാഫിക് പറയുന്നു. ടൊര്‍ണാഡോയാണ് മത്സ്യമഴയ്ക്ക് കാരണമെന്ന് ശാസ്ത്രജ്ഞരും പറയുന്നു. കാറ്റിന് വേഗം കുറയുന്നത് വരെ ഇവ വായുവില്‍ തന്നെയായിരിക്കും. വേഗത കുറയുന്നതോടെയാണ് ഇവ താഴേക്ക് വീഴുന്നതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.












Click it and Unblock the Notifications