പ്രതിമാസം 1000 രൂപ ധനസഹായം; അഭയ കിരണം പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം
വിധവകളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരും അതത് സംസ്ഥാന സര്‍ക്കാരുകളും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ വിധവകളുടെ സംരക്ഷണത്തിനായി ഒന്നിലേറെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് അഭയ കിരണം എന്ന പദ്ധതി. വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലാണ് അഭയ കിരണം പദ്ധതി നടപ്പിലാക്കി വരുന്നത്.
മറ്റ് പദ്ധതികളെല്ലാം വിധവകള്‍ക്ക് നേരിട്ട് നല്‍കുന്നതാണ് എങ്കില്‍ അഭയ കിരണം പദ്ധതി വിധവകളെ സംരക്ഷിക്കുന്നവരെ കൂടി ലക്ഷ്യമിട്ടാണ് നടപ്പാക്കി വരുന്നത്. പ്രതിമാസം നിശ്ചിത സാമ്പത്തിക സഹായം നല്‍കുന്ന ഈ പദ്ധതിക്കായി എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നും ആരൊക്കെയാണ് ഗുണഭോക്താക്കള്‍ എന്നും നമുക്ക് ഒന്ന് പരിശോധിക്കാം.

ലക്ഷ്യം
വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന് ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വനിത ശിശു വികസന വകുപ്പ് ആണ് പ്രതിമാസം തോറും അഭയ കിരണം പദ്ധതിയുടെ ധനസഹായം നല്‍കുന്നത്. ഇതിനായി 99 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരിത്തിരിക്കുന്നത്. വിധവകളെ സംരക്ഷിക്കുകയോ അവര്‍ക്ക് കുടുംബാന്തരീക്ഷം നല്‍കി വീടിന്റെ സുരക്ഷിതത്വം ഒരുക്കുകയോ ചെയ്യാം.
ആരൊക്കെയാണ് ഗുണഭോക്താക്കള്‍?
50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് പദ്ധതിക്കായി അപേക്ഷിക്കാം. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സംരക്ഷണം നല്‍കുന്ന ബന്ധുവിന്റെയും സ്ത്രീയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് വേണം. പ്രതിമാസം 1000 രൂപയാണ് അഭയ കിരണം പദ്ധതി വഴി നല്‍കി വരുന്നത്.
ആവശ്യമായ രേഖകള്‍
അപേക്ഷക വിധവയാണെന്നും അവളുടെ ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും കാണിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം. വില്ലേജ് ഓഫീസര്‍ നല്‍കുന്ന മുന്‍ഗണന / ബിപിഎല്‍ റേഷന്‍ കാര്‍ഡ് / വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യമാണ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഫോം. അപേക്ഷയും അനുബന്ധ വിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശു വികസന പദ്ധതി ഓഫീസിലും ലഭിക്കുന്നതാണ്.
Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം
അപേക്ഷ കൊടുക്കേണ്ടത് എവിടെ?
കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം അനുബന്ധ രേഖകള്‍ സഹിതം ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് ആണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പ്രദേശത്തെ ശിശു വികസന പദ്ധതി ഓഫീസുമായോ അങ്കണവാടി വര്‍ക്കറുമായോ ബന്ധപ്പെടാവുന്നതാണ്. വിശദ വിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.












Click it and Unblock the Notifications