പ്രതിമാസം വെറും 210 രൂപ.. ലഭിക്കും ഉറപ്പായ പെന്‍ഷന്‍; അറിയാം അടല്‍ പെന്‍ഷന്‍ യോജനയെക്കുറിച്ച്
ദുര്‍ബല ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രാജ്യത്ത് സാമൂഹ്യക്ഷേമ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഒരു പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ അടല്‍ പെന്‍ഷന്‍ യോജനയിലേക്ക് 4.01 കോടി ആളുകള്‍ എന്റോള്‍ ചെയ്തിട്ടുണ്ട്.
വിവിധ പ്ലാനുകള്‍ക്ക് അനുസരിച്ച് പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ ആളുകളെ അനുവദിക്കുന്നു. 2015 ലെ കേന്ദ്ര ബജറ്റില്‍ അന്നത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്തൊക്കെയാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ എന്നും ആര്‍ക്കൊക്കെ പദ്ധതിയില്‍ അംഗങ്ങാളാകാം എന്നും നമുക്ക് പരിശോധിക്കാം.

അടല്‍ പെന്‍ഷന്‍ യോജന
60 വയസ് കഴിഞ്ഞ പാരന്‍മാര്‍ക്ക് പ്രതിമാസം 5,000 രൂപ വരെ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ഈ പദ്ധതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 60 വയസെത്താന്‍ ബാക്കിയുളള വര്‍ഷങ്ങള്‍, മാസം തോറും പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് വരിസംഖ്യ അടക്കേണ്ടത്.
അംഗങ്ങള്‍ നല്‍കുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കില്‍ പ്രതിവര്‍ഷം പരമാവധി 1000 രൂപയോ സര്‍ക്കാര്‍ വിഹിതമായി അടക്കും. പെന്‍ഷന്‍ ലഭിക്കുന്നതിനിടെ അക്കൗണ്ടുടമ മരിച്ചാല്‍ ജീവിതപങ്കാളിക്ക് തുടര്‍ന്നും പെന്‍ഷന്‍ തുക കിട്ടുന്നതാണ്. ജീവിത പങ്കാളിയുടെ മരണശേഷം മുതലും പലിശയും ചേര്‍ന്ന കോര്‍പ്പസ് തുക നോമിനിക്കും ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
25-ാം വയസില്‍ പദ്ധതിയില്‍ ചേരുന്ന ആള്‍ 35 വര്‍ഷം പ്രതിമാസം 376 രൂപ വെച്ച് അടക്കുമ്പോള്‍ 60-ാമത്തെ വയസ് തൊട്ട് മാസം 5000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. 40 വയസുളള ഒരാള്‍ 20 വര്‍ഷത്തേക്ക് പ്രതിമാസം 291 രൂപ അടച്ചാല്‍ ലഭിക്കുന്ന പെന്‍ഷന്‍ 1000 രൂപ ആയിരിക്കും. ഏറ്റവും ചുരുങ്ങിയ പ്രതിമാസ തവണ 42 രൂപയും ഏറ്റവും ഉയര്‍ന്നത് 1454 രൂപയുമാണ്. ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയും ഉയര്‍ന്ന പ്രതിമാസ പെന്‍ഷന്‍ 5000 രൂപയുമാണ് ലഭിക്കുക.
ആര്‍ക്കൊക്കെ പദ്ധതിയില്‍ അംഗമാകാം?
18 മുതല്‍ 40 വയസ് വരെ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരന്‍മാര്‍ക്കും സേവിങ്‌സ് ബാങ്ക് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉപയോഗിച്ച് ഈ പദ്ധതിയില്‍ അംഗമാകാന്‍. വരിക്കാരന്‍ പ്രതിമാസം 20 വര്‍ഷത്തേക്കെങ്കിലും നിശ്ചിത തുക ഈ പദ്ധതിയില്‍ അടച്ചിരിക്കണം. മൊബൈല്‍ നമ്പറും ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയില്‍ നിന്ന് പുറത്തു പോകാം. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സംഭാവനയും പലിശയും കഴിഞ്ഞുള്ള തുകയാണ് വരിക്കാരന് ലഭിക്കുക
സര്‍ക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്ക് അംഗമാകാന്‍ സാധിക്കും. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏതു ബാങ്കിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങാം. വീട്ടമ്മമാര്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്
അടല്‍ പെന്‍ഷന്‍ യോജന അപേക്ഷാഫോം
അടല്‍ പെന്‍ഷന്‍ യോജനയിലേക്കുള്ള അപേക്ഷാ ഫോറം http://www.jansuraksha.gov.in/FORMS-APY.aspx എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ഫോറം ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, ഒറിയ, മറാത്തി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ലഭ്യമാണ്.












Click it and Unblock the Notifications