രോഗികള്‍ക്ക് പ്രതിമാസം ധനസഹായം; എന്താണ് സമാശ്വാസം പദ്ധതി?; അറിയേണ്ടതെല്ലാം
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒന്നാണ് രോഗം. നമുക്ക് ചുറ്റും നിത്യരോഗികളായിട്ടുള്ള ഒരുപാട് പേര്‍ ജീവിക്കുന്നുണ്ട്. ഇവരില്‍ പലരും ദരിദ്രകുടുംബത്തില്‍ നിന്നുള്ളവരാണ് താനും. ഇത്തരക്കാരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സമാശ്വാസം. പ്രതിമാസം ഇത്തരം രോഗികള്‍ക്ക് ഒരു നിശ്ചിത തുക കൈമാറുന്ന പദ്ധതിയാണ് ഇത്.
പ്രധാനമായും നാല് വിഭാഗം രോഗികള്‍ക്ക് ആണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ദുര്‍ബല വിഭാഗത്തിന് പരിചരണവും സംരക്ഷണവും നല്‍കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം. സര്‍ക്കാരിനു കീഴില്‍ മറ്റേതെങ്കിലും പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ ഗുണഭോക്തക്കളാകാന്‍ അവസരമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍?
വൃക്ക തകാര്‍ സംഭവിച്ച് സ്ഥിരമായി ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ സര്‍ജറിക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, സിക്കിള്‍ സെല്‍ അനീമിയ അഥവാ അരിവാള്‍ രോഗം ബാധിച്ചവര്‍ എന്നിവര്‍ക്കാണ് സമാശ്വാസം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഈ നാല് വിഭാഗക്കാര്‍ക്കും നല്‍കുന്ന തുകയില്‍ വ്യത്യാസം ഉണ്ടായിരിക്കും. രോഗികള്‍ ബിപിഎല്‍ വിഭാഗത്തിന് കീഴിലുള്ളവരായിരിക്കണം.
ആവശ്യമായ രേഖകള്‍
ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവരാണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ വേണം. രോഗി മാസത്തില്‍ ഒരു തവണയെങ്കിലും ഡയാലിസിസിനു വിധേയമാകുന്നുവെന്നുള്ള സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗവിദഗ്ധര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സര്‍ട്ടിഫിക്കറ്റില്‍ ഡയാലിസിസ് ആരംഭിച്ച തീയതിയും രേഖപ്പെടുത്തേണ്ടതാണ്.
അപേക്ഷകന്റെ ലൈഫ് സര്‍ട്ടിഫിക്കറ്റും തുടര്‍ ചികിത്സാ സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിദഗ്ദ്ധനില്‍ നിന്നും ശേഖരിച്ച് 6 മാസത്തിലൊരിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് (കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍) സമര്‍പ്പിക്കണം. അപേക്ഷകന്റെ പേരില്‍ ദേശസാത്കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. പാസ് ബുക്കിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം ചേര്‍ക്കണം.
അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ബ്രാഞ്ചിന്റെ പേര്, ഐഎഫ്‌സിസി കോഡ് എന്നിവ അപേക്ഷയില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ഡയാലിസിസ് രേഖപ്പെടുത്തുന്ന ബുക്കിന്റെ പകര്‍പ്പ് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കേണ്ടതാണ്.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
അപേക്ഷിക്കേണ്ട സമര്‍പ്പിക്കേണ്ട വിധം
അപേക്ഷാ ഫോറം, ഐ.സി.ഡി.എസ് പ്രോജെക്ട് ആഫീസുകള്‍, പഞ്ചായത്താഫീസുകള്‍, കോര്‍പ്പറേഷന്‍/ മുനിസിപ്പല്‍ ഓഫീസുകള്‍/ അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ നിന്നും, സാമൂഹ്യ സുരക്ഷാ മിഷന്‍ വെബ്‌സൈറ്റ് / ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് നല്‍കണം. അന്വേഷണം നടത്തി ശുപാര്‍ശ സഹിതം അപേക്ഷ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കണം.
പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍ മാര്‍ഗം അയക്കേണ്ട മേല്‍വിലാസം
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍,
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,
രണ്ടാം നില, വയോജന പകല്‍ പരിപാലന കേന്ദ്രം,
പൂജപ്പുര, തിരുവനന്തപുരം - 695012
ഫോണ്‍ 04712341200, 2346016 (ഫാക്‌സ്)












Click it and Unblock the Notifications