പ്രതിമാസം 2000 രൂപ വരെ സഹായം; എന്താണ് മാതൃജ്യോതി പദ്ധതി? അറിയേണ്ടതെല്ലാം
നമുക്ക് ചുറ്റും ഭിന്നശേഷിക്കാരായ നിരവധി പേരുണ്ട്. അവരില്‍ പലര്‍ക്കും വരുമാനത്തിന് മറ്റുള്ളവരെ പോലെ സാധ്യതകള്‍ ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാരുടെ കുടുംബ ജീവിതത്തില്‍ സാമ്പത്തികമായ പല പ്രതിസന്ധികളും ഉണ്ടാകും. ഇത് മുന്നില്‍ കണ്ടുകൊണ്ട് സമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് മാതൃജ്യോതി. ഇത് വഴി ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് ധനസഹായം നല്‍കി വരുന്നു.
ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പദ്ധതിയില്‍ സാമ്പത്തിക സഹായം അനുവദിക്കുന്നത്. 23-06-2020 മുതല്‍ ആണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഭിന്നശേഷിക്കാരായ അമ്മമാക്ക് ഒരു കൈത്താങ്ങ് നല്‍കുക എന്നതാണ് പദ്ധതി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആര്‍ക്കൊക്കെയാണ് മാതൃജ്യോതി പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കുന്നത് എന്നും എങ്ങനെയാണ് സഹായം ലഭ്യമാക്കുക എന്നും നമുക്ക് പരിശോധിക്കാം.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍
ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് മാതൃജ്യോതി പദ്ധതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രകാരം ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ സഹായം ലഭിക്കും. കുഞ്ഞിന് രണ്ട് വയസാകുന്നത് വരെ മാത്രമെ സഹായം അനുവദിക്കൂ. മൂന്ന് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കാണ് രണ്ട് വര്‍ഷത്തെ ആനുകൂല്യം ലഭിക്കുക.
മൂന്ന് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കാലതാമസം വരുന്ന അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതല്‍ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെയുള്ള കാലയളവിലെ തുക മാത്രമെ ലഭിക്കൂ. വിവിധ ഭിന്നശേഷിക്കാര്‍ക്ക് അവരുടെ വൈകല്യത്തിന്റെ തോത് അനുസരിച്ചാണ് സാമ്പത്തിക സഹയം ലഭിക്കുക. അത് കണക്കാക്കുന്നത് ഇനി പറയുന്ന വിധമാണ്...
അന്ധത-80%, ഇന്റലക്ചല്‍ ഡിസബിലിറ്റി- 60%, സെറിബ്രല്‍ പാള്‍സി- 60%, ചലന വൈകല്യം - 80%, മസ്‌കുലാര്‍ ഡിസ്‌ട്രോഫി- 50%, മാനസികരോഗം - 60% എന്നിങ്ങനെയാണ് കണക്ക്. ഇതില്‍ ബധിരരും അന്ധരുമായവര്‍ക്ക് ഒന്നാമത്തെ മുന്‍ഗണനയും വിവിധതരം ബൗദ്ധികവൈകല്യങ്ങള്‍ ഉള്ളവര്‍ രണ്ടാം മുന്‍ഗണനയും മറ്റ് ഒന്നിലധികം വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് മൂന്നാം മുന്‍ഗണനയും ലഭിക്കും.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ബി പി ആല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്), ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജ് എന്നിവയാണ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അംഗനവാടിയുമായി ബന്ധപ്പെടുക.












Click it and Unblock the Notifications