വിധവയാണോ നിങ്ങള്‍..? സഹായഹസ്തം പദ്ധതിയില്‍ സഹായം ലഭിച്ചില്ലേ..? അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് വിധവകളുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് വിവിധ കണക്കുകളില്‍ പറയുന്നത്. ഇവരില്‍ തന്നെ ഭൂരിഭാഗം പേരും വളരെ പരിതാപകരമായ അവസ്ഥയിലാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് സാമ്പത്തികമായി പിന്തുണ നല്‍കി കൊണ്ടാണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് സഹായഹസ്തം.
വിധവകള്‍ക്ക് സ്വയം തൊഴിലിന് സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒറ്റത്തവണയുള്ള സാമ്പത്തിക സഹായമാണ് ഇത്. ആരൊക്കെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നും എങ്ങനെയാണ് ഗുണഭോക്താക്കളെ പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത് എന്നും നോക്കാം.

ആര്‍ക്കൊക്കെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്?
നിരാലംബരായ 55 വയസിന് താഴെയുള്ള വിധവകള്‍ക്കാണ് സഹായ ഹസ്തം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സ്വയം തൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്താനാണ് പണം അനുവദിക്കുന്നത്. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കൂടാന്‍ പാടില്ല. ഒരു വര്‍ഷം ഒരു ജില്ലയില്‍ നിന്ന് പരമാവധി 10 പേര്‍ക്ക് മാത്രമെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ. അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യൂവേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഒറ്റത്തവണയായി 30,000 രൂപയാണ് പദ്ധതി വഴി അനുവദിക്കുക. വനിതാശിശു വികസന വകുപ്പ് ആണ് പദ്ധതി നടപ്പാക്കി വരുന്നത്. സംരംഭം ഒറ്റയ്‌ക്കോ സംഘമായോ (വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവ സംഘം) നടത്താവുന്നതാണ്. കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിത കൂട്ടായ്മകള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സഹായ ഹസ്തം പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും.
മറ്റ് മുന്‍ഗണനകള്‍
ബിപിഎല്‍ / മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്ള വിധവകള്‍ക്കും സഹായ ഹസ്തം പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ എന്നീ വിധവകള്‍ക്കും മുന്‍ഗണന ലഭിക്കും.
പദ്ധതി വിധവകള്‍ക്ക് മാത്രമാണോ?
വിധവകളെ കൂടാതെ വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരും സഹായ ഹസ്തത്തിന് അര്‍ഹരാണ്. ആശ്വാസ കിരണം പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവര്‍ക്കും പദ്ധതിയില്‍ സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ സര്‍ക്കാര്‍ തലത്തിലോ സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകള്‍ ആനുകൂല്യം ലഭിക്കില്ല.












Click it and Unblock the Notifications