ലോകത്തിലെ ശക്തരായ സ്ത്രീകളിൽ നിർമല സീതാരാമൻ ഉൾപ്പെടെ 4 ഇന്ത്യക്കാർ; ഫോബ്സ് പട്ടിക പുറത്തുവിട്ടു
ബിസിനസ് മാഗസിനായ ഫോബ്സ് 2023 ലെ ലോകത്തിലെ എറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക പുറത്തുവിട്ടു. നാല് ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ആണ് പട്ടികയിൽ ഒന്നാമത്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള നാല് വനിതകളാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചത്. 32-ാം സ്ഥാനത്താണ് നിർമല സീതാരാമൻ. റോഷ്നി നാടാർ മൽഹോത്ര 60ാം സ്ഥാനത്താണ്, സോമ മൊണ്ടൽ 70ാം സ്ഥാനത്തും കിരൺ മജുംദാർ ഷാ 76ാം സ്ഥാനത്തുമാണ്.

നിർമല സീതാരാമൻ: 64 കാരിയായ നിർമല സീതാരാമൻ കേന്ദ്രമന്ത്രയും ബി ജെ പി നേതാവുമാണ്. 2022 ൽ ഫോർബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ 36ാം സ്ഥാനത്തായിരുന്നു.
റോഷ്നി നാടാർ മൽഹോത്ര: 42 കാരിയായി റോഷ്നി നാടാർ ഇന്ത്യൻ കോടീശ്വരിയാണ്. എച്ച് സി എൽ ടെക്നോളജീസിന്റെ ചെയർ പേഴ്സണാണ്. 2019 ൽ 54ാം സ്ഥാനവും 2020 ൽ 55ാം സ്ഥാനവുമായിരുന്നു റോഷ്നിക്ക്.
സോമ മൊണ്ടൽ: 60 കാരിയായ സോമ മൊണ്ടൽ സ്റ്റീൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർ പേഴ്സണാണ്. 2021 ജനുവരി മുതൽ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചു. ഭുവനേശ്വറിൽ ജനിച്ച് സോമ മൊണ്ടേൽ 1984 ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 2023 ലെ ETprime വിമൻ ലീഡർഷിപ്പ് അവാർഡുകളിൽ സി ഇ ഒ ഓഫ് ദി ഇയർ ആയി ആദരിക്കപ്പെട്ടു,
കിരൺ മജുംദാർ-ഷാ: എഴുപതുകാരിയായ കിരൺ മജുംദാർ ഷാ പ്രമുഖ ഇന്ത്യൻ കോടീശ്വരിയാണ്. ബെംഗളൂരുവിൽ ബയോകോൺ ലിമിറ്റഡും ബയോ കോൺ ബയോളജിക്സ് ലിമിറ്റഡും സ്ഥാപിക്കുകയും നയിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിനും രസതന്ത്രത്തിനും നൽകിയ സംഭാവനകൾക്ക് 2014 ൽ ഒത്മർ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2011 ൽ ഫിനാൻഷ്യൽ ടൈെസിന്റെ ബിസിനസ്സ് ലിസ്റ്റിലെ മികച്ച 50 വനിതകളിൽ ഇടംനേടി. 2019 ൽ ആഗോളതലത്തിൽ 68ാമത്തെ ശക്തയായ വനിതയായി ഫോബ്സ് തിരഞ്ഞെടുത്തു.
യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാമതും യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരീസ് മൂന്നാം സ്ഥാനത്തുമാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, മെലിൻഡ ഗേറ്റ്സ് ജെയ്ൻ ഫ്രേസർ എന്നിവരാണ് പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തുള്ള മറ്റ് വനിതകൾ.












Click it and Unblock the Notifications