'നിലപാട് എടുത്താൽ പിന്നെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കരുത്';തുറന്നുപറഞ്ഞ് രമ്യ നമ്പീശൻ
നടിയെന്ന നിലയിലും ഗായിക എന്ന നിലയിലും നർത്തകി എന്ന നിലയിലും തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് രമ്യ നമ്പീശൻ. രമ്യ സിനിമ രംഗത്ത് എത്തിയിട്ട് 20 വർഷത്തോളമാവുകയാണ്. അടുത്തുകാലത്തായി വളരെ അപൂർവ്വമായിട്ടേ രമ്യയെ മലയാള സിനിമയിൽ കാണാറുള്ളൂ. നിലപാടുകൾ പറഞ്ഞിതിന്റെ പേരിൽ രമ്യയ്ക്ക് അവസരങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന് പലരും കരുതുന്നുമുണ്ട്.
നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രമ്യ വളരെ ശക്തമായ നിലപാട് തന്നെ സ്വീകരിച്ചിരുന്നു. ഇപ്പോൾ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചിമൊക്കെ മനസ്സ് തുറക്കുകയാണ് രമ്യ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറക്കുന്നത്. തുടക്കത്തിൽ പ്രായത്തിന്റേതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അതിനാൽ തന്നെ വിമർശനങ്ങളിൽ ഭയന്നിരുന്നുവെന്നും രമ്യ പറയുന്നു.

എന്നാൽ അത് നല്ലതാണ്, അന്ന് അതില്ലായിരുന്നെങ്കിൽ താൻ ഇങ്ങനെ മാറില്ലായിരുന്നുവെന്നും രമ്യ പറഞ്ഞു. സിനിമയിലാണെങ്കിലും പാട്ടിലാണെങ്കിലും കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചു. വ്യക്തിയെന്ന നിലയിലും നടിയെന്ന നിലയിലും ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിൽ സംതൃപ്തയാണെന്നും രമ്യ പറയുന്നു.
നാല് ഭാഷകളിൽ മികച്ച ചലച്ചിത്ര പ്രവർത്തകർക്കൊപ്പം നല്ല സിനിമകളുടെ ഭാഗമായി കുടുംബം നൽകിയ പിന്തുണ പോലെ തനിക്ക് അവരെയും പിന്തുണയ്ക്കാനായെന്നും പുറത്ത് നിന്ന് നോക്കുന്നവർക്ക് രമ്യ ഉദ്ദേശിച്ച രീതിയിൽ വിജയിച്ചില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അതവരുടെ മാത്രം പ്രശ്നമാണെന്നും രമ്യ പറയുന്നു.
വൻ വീഴ്ചകൾ വരുമ്പോൾ അത് എങ്ങനെ പറ്റിയെന്ന് ചിന്തിക്കാറുണ്ട്. ഇത്തരം കാര്യങ്ങളിൽ വിഷമം തോന്നാതിരിക്കാൻ ഞാൻ അമാനുഷികയല്ല. സങ്കടം അനുഭവിച്ച് തന്നെ മുന്നോട്ട് പോകും. എല്ലാവരും കരയുകയും വിഷമിക്കുകയുമൊക്കെ ചെയ്യും. അതിന്റെ ദൈർഘ്യം വ്യത്യസ്തമാകുന്നതേയുള്ളൂ. ചിലർ ഒരു മാസം കരയും. കുറെ നാൾ വിഷമിച്ചിരിക്കും മറ്റു ചിലർ വളരെ വേഗം എഴുന്നേൽക്കും, താരം പറയുന്നു.
നിലപാടുകൾ എടുക്കുന്നതിനാൽ അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിനും രമ്യ ഉത്തരം നൽകുന്നു. നിലപാട് എടുത്താൽ പിന്നെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കരുത്. നല്ലത് വന്നാലും മോശം വന്നാലും ഉൾക്കൊള്ളണം.
ഒരാളെ അയാളുടെ നിലപാടുകളുടെ പേരിൽ തൊഴിലിടത്ത് ബുദ്ധിമുട്ടിക്കുന്നത് നല്ല പ്രവണതയല്ല. ഞാനതിനെ അതിജീവിക്കും, മറ്റൊരാൾക്ക് അങ്ങനെയാകണമെന്നില്ല. എന്നെ സംബന്ധിച്ച് സമാധാനമാണ് പ്രധാനം. കിടന്നാൽ സുഖമായി ഉറങ്ങണം, നിലപാടുകൾ എടുക്കാതിരുന്നാൽ ആ ഉറക്കം കിട്ടി എന്ന് വരില്ല , രമ്യ പറയുന്നു.












Click it and Unblock the Notifications