'എന്തൊരു നല്ലൊരച്ഛന്‍ എന്നായിരിക്കും പ്രതികരണം; ആ സംഭവത്തിന് ശേഷം ഞാനും ശബരിയും ചിന്തിച്ചു'

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. അടൂരില്‍ നടന്ന ഒരു പരിപാടിയില്‍ മകനുമായി വേദിയില്‍ എത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയതോടെയാണ് കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ച വിഷയമായത്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇത്തരത്തില്‍ മക്കളുമായി ഓഫീസിലും പരിപാടിക്കുമെത്തിയാല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു എതിര്‍ക്കുന്നവര്‍ പ്രധാനമായും ചോദിച്ചത്.

ദിവ്യക്ക് പിന്തുണ
എന്നാല്‍ ബെന്യാമിനെ പോലുള്ള എഴുത്തുകാര്‍ ദിവ്യ എസ് അയ്യര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ കളക്ടര്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തത് കാരണം വിവാദത്തിന്റെ ആഴം അറിഞ്ഞിട്ടില്ലെന്നാണ് കളക്ടര്‍ പ്രതികരിച്ചത്.

കളക്ടറുടെ പ്രതികരണം
ആളുകള്‍ക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടാകും. അനുകൂലിച്ചതിനെയും എതിര്‍ത്തതിനെയും സ്വാഗതം ചെയ്യുന്നു. അമ്മയെന്ന നിലയിലും കളക്ടര്‍ എന്ന നിലയിലും ആത്മാര്‍ഥതയോടെ പൂര്‍ണമായി ആസ്വദിച്ച് ചുമതലകള്‍ നിറവേറ്റുമെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതേ കുറിച്ച് കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കളക്ടര്‍. വനിത ഓണ്‍ലൈനോടായിരുന്നു കളക്ടറുടെ പ്രതികരണം.

അനുകൂലവും പ്രതികൂലവുമായ അഭിപ്രായം
അന്നത്തെ പരിപാടിയില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് ദിവ്യ എസ് അയ്യര്‍ പറയുന്നത്. ഞാന്‍ ഈ വിമര്‍ശനങ്ങളെ ആദ്യം മുതല്‍ തന്നെ പ്രതികൂല മനസ്ഥിതിയോടെയല്ല കണ്ടിരുന്നത്. എന്തു കാര്യത്തിലും അനുകൂലവും പ്രതികൂലവുമായ അഭിപ്രായം ഉള്ളവരുണ്ടാകും. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന പ്രതികരണം പലതും ക്ഷണ നേരം കൊണ്ടുണ്ടാകുന്നതാണ്.

ബ്ലെസി പറഞ്ഞത്
അന്നത്തെ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടകന്‍ ബ്ലെസി ആയിരുന്നു. എന്റെ പ്രസംഗത്തിന് ശേഷം അദ്ദേഹം പറഞ്ഞത് എത്ര മനോഹരമായ അനുഭവമായിരുന്നു എന്നാണ്. അന്ന് ആ വേദിയില്‍ ഉണ്ടായിരുന്ന ആര്‍ക്കും ഞാന്‍ മകനെ എടുത്ത് പ്രസംഗിച്ചതില്‍ അസ്വസ്ഥത ഉണ്ടായിട്ടില്ല.

മകനോടൊപ്പം ഇരിക്കണം
കുഞ്ഞിനെ എല്‍പ്പിക്കാന്‍ ആളില്ലാത്തത് കൊണ്ടല്ല. മകനോടൊപ്പം ഇരിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ ഔദ്യോഗികമല്ലാത്ത പരിപാടികളില്‍ കൊണ്ടു പോകുന്നത്. അത് എന്റെ അവകാശമാണെന്ന് ദിവ്യ പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ എല്ലായ്‌പ്പോഴും അമ്മയും കുഞ്ഞും അല്ലെങ്കില്‍ കുഞ്ഞും കുടുംബവും എന്ന രീതി നല്ലതല്ല.

ഞാനും ശബരിനാഥും ചിന്തിച്ചത്
അമ്മ എന്ന നിലയിലല്ലാതെ ഏത് തരം വ്യക്തിയാണ്. എങ്ങനെ സമൂഹത്തെ അഭിമുഖീകരിക്കുന്നു, മറ്റുള്ളവരുമായി എങ്ങനെ ആശയ വിനിമയം നടത്തുന്നു എന്നൊക്കെ അവന്‍ അറിഞ്ഞിരിക്കണം. ഇതൊക്കെ കണ്ടാണ് അവന്‍ വളരേണ്ടത്. വിവാദ പോസ്റ്റിന് ശേഷമുള്ള സ്വകാര്യ സംഭാഷണത്തില്‍ ഞാനും ശബരിനാഥും ചിന്തിച്ചത് ഇങ്ങനെയായിരുന്നു.

എന്തൊരു നല്ല അച്ഛനാണ്
ഒരച്ഛനാണ് കുട്ടിയെയും കൊണ്ട് വേദിയില്‍ കയറിയതെങ്കില്‍ എന്തൊരു നല്ല അച്ഛനാണ് എന്നായിരിക്കും പ്രതികരണം. അതൊരു വലിയ കാര്യമായി ആളുകള്‍ മനസിലാക്കും. സ്ത്രീ അത് ചെയ്യുമ്പോള്‍ നിസാര വത്കരിക്കുന്ന പ്രവണതയാണ് സമൂഹത്തിനുള്ളതെന്ന് ദിവ്യ പറഞ്ഞു.












Click it and Unblock the Notifications