'അച്ഛനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടിരുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാതി മലിവാൾ
കുട്ടിയായിരുന്നപ്പോൾ പിതാവിൽ നിന്നും ലൈംഗികാതിക്രമത്തിന് ഇരയായതായി ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ.

കുട്ടിയായിരുന്നപ്പോൾ പിതാവിൽ നിന്നും ലൈംഗികാതിക്രമത്തിന് ഇരയായതായി ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തപ്പോഴായിരുന്നു സ്വാതി മലിവാൾ ഇക്കാര്യം പറഞ്ഞത്. ഈ പരിപാടി തന്നെ വികാരഭരിതയാക്കിയെന്നും അവാർഡ് ജേതാക്കളുടെ പോരാട്ടകഥകൾ തന്റെ സ്വന്തം പോരാട്ടത്തെ ഓർമ്മിപ്പിച്ചെന്നും സ്വാതി മലിവാൾ പറഞ്ഞു.
"അച്ഛൻ എന്നെ ഒരുപാട് മർദിക്കുമായിരുന്നു. വീട്ടിൽ വന്നാൽ ഞാൻ കട്ടിലിനടിയിൽ ഒളിക്കും, എനിക്ക് ഭയങ്കര പേടിയായിരുന്നു. അക്കാലത്ത്, ഇത്തരം അതിക്രമങ്ങൾക്കെതിരെ സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാം എന്ന് ഞാൻ രാത്രി മുഴുവൻ ചിന്തിച്ചു. എന്റെ തലമുടിയിൽ പിടിച്ച് ഭിത്തിയിൽ ശക്തമായി ഇടിച്ചു. എന്നാൽ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യം എന്നിൽ ആളിക്കത്തിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു," സ്വാതി മലിവാൾ പറഞ്ഞു, നാലാം ക്ലാസ് വരെ താൻ പിതാവിനൊപ്പം താമസിച്ചുവെന്നം സ്വാതി മലിവാൾ പറഞ്ഞു.
2015ൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചതോടെ സ്വാതി മലിവാൾ ഡൽഹി വനിതാ കമ്മിഷന്റെ അധ്യക്ഷയായി. പിന്നീട് അവരുടെ കാലാവധി നീട്ടി. ഡിസിഡബ്ല്യുവിനെ നയിക്കുന്നതിന് മുമ്പ് അവർ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകയായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിയാന എഎപി മുൻ മേധാവി നവീൻ ജയ്ഹിന്ദിനെയാണ് സ്വാതി മലിവാൾ വിവാഹം കഴിച്ചത്. 2020ൽ അവർ വിവാഹമോചിതരായി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സ്വാതി മലിവാൾ രംഗത്തുവരാറുണ്ട്. ജനുവരിയിൽ, ഡൽഹിയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ തുടർച്ചയായ സംഭവങ്ങൾക്ക് ശേഷം, ഡൽഹിയിൽ രാത്രിയിൽ സുരക്ഷാ സ്ഥിതിഗതികൾ പരിശോധിക്കാൻ ചെന്ന സ്വാതി മലിവാളിനെ, മദ്യപിച്ചെത്തിയ ഒരു ക്യാബ് ഡ്രൈവർ കാറിന്റെ വിൻഡോയിൽ കൈ പൂട്ടി വലിച്ചിഴച്ചു.
അടുത്തിടെ, ദേശീയ വനിതാ കമ്മീഷൻ അംഗമായ നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ, എട്ടാം വയസ്സിൽ പിതാവിൽ നിന്നുള്ള ലൈംഗികാതിക്രമത്തിന്റെ നേരിട്ടുള്ള അനുഭവം വിവരിച്ചു. "ഒരു കുട്ടി ദുരുപയോഗം ചെയ്യപ്പെടുമ്പോൾ, അത് കുട്ടിയെ ജീവിതകാലം മുഴുവൻ മുറിവേൽപ്പിക്കുന്നു, അത് ഒരു പെൺകുട്ടിയെക്കുറിച്ചോ ആൺകുട്ടിയെക്കുറിച്ചോ അല്ല.
എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാൾ. എന്നെ അപമാനിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് വെറും 8 വയസ്സായിരുന്നു, എനിക്ക് 15 വയസ്സുള്ളപ്പോൾ അയാൾക്കെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായി," ഖുശ്ബു പറഞ്ഞു.












Click it and Unblock the Notifications