ഓപ്പൺ എ ഐയുടെ തലപ്പത്ത് എത്തിയ മിറാ മുറാടി ആരാണ്? പുറത്തായ സാമിനെക്കാളും മിടുക്കിയോ? അറിയാം
ചാറ്റ്ജിപിടിയുടെ സഹസ്ഥാപകനും സി ഇഒയുമായ സാം ആൾട്ട്മാനെ പുറത്താക്കാനുള്ള ബോർഡിന്റെ തീരുമാനത്തിന് പിന്നാലെ ഓപ്പൺ എ ഐയിലെ ചീഫ് ടെക്‌നോളജി ഓഫീസർ മിറാ മുറാടിയെ ഇടക്കാല സി ഇ ഒ ആയി നിയമിച്ചിരിക്കുകയാണ്. സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്മാൻ കമ്പനിയിൽ നിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഓപ്പൺ എ ഐ യെ മുന്നോട്ട് നയിക്കാൻ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ് സി ഇ ഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് എന്നാണ് കമ്പനി പറഞ്ഞത്. ടെക് ലോകത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. സാം ആൾട്ട്മാനെ പോലെയുള്ള ഒരാളെ പുറത്താക്കി കമ്പനി പൂർണവിശ്വാസത്തോടെ ഭാരിച്ച ഉത്തരവാദിത്തം ഏൽപ്പിച്ച മിറാ മുറാടിയെ കുറിച്ചാണ് ആളുകൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ആരാണ് ഓപ്പൺ എ ഐയുടെ പുതിയ സി ഇ ഒ സ്ഥാനത്ത് എത്തിയ മിറാ മുറാടി അറിയാം.

മിറാ മുറാടി അൽബേനിയയിൽ ജനിച്ച് കാനഡയിലാണ് വളർന്നത്. ഡാർട്ട്‌മൗത്ത് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു ഹൈബ്രിഡ് റേസ് കാർ നിർമ്മിച്ച് മിറാ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ തനിക്കുള്ള കഴിവ് പ്രകടിപ്പിച്ചു. 2011ൽ ഗോൾദ്മാൻ സാക്സിൽ ഇന്റേണായി. അതിനുശേഷം 2012 മുതൽ 2013 വരെ സോഡിയാക് എയ്റോസ്പേസിൽ ജോലി ചെയ്തു.
ആഡംബര ഇലക്ട്രിക് എസ് യുവിയായ മോഡൽ എക്സിന്റെ സീനിയർ പ്രൊജക്റ്റ് മാനേജരായി 2013 ൽ ടെസ്ലയിൽ ചേർന്നു. 2016 ൽ ടെസ്ല വിട്ട് വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റിക്കായി മോഷൻ സെൻസിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ലീപ് മോഷനിൽ ചേർന്നു.
2018 ൽ അപ്ലൈഡ് എ ഐയുടേയും പാർട്ണർഷിപ്പുകളുടേയും വിപിയായി മിറാ മുറാടി ഓപ്പൺ എ ഐയിൽ ചേർന്നു. ഓപ്പൺ എ ഐയുടെ ഉത്പന്നങ്ങൾ വാണിജ്യവത്ക്കരിക്കുന്നതിനും ഫീഡ്ബാക്കിലൂടെ അവ മെച്ചപ്പെടുത്തുന്നതിനുമായിരുന്നു ചുമതല.
ലോകത്തിലെ ഏറ്റവും നൂതനമായ എ ഐ സിസ്റ്റങ്ങളിൽ ചിലതായ ChatGPT, Dall-E, Codex എന്നിവ വികസിപ്പിച്ച നേതൃത്വ ടീമികുളിലും മിറയുടെ സന്നിധ്യമുണ്ടായിരുന്നു. കൂടാതെ ടീം എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്തു.
2022 മേയ് മാസത്തിൽ കമ്പനിയുടെ ഗവേഷണം, ഉൽപന്നം, സുരക്ഷാ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന മുറാടിയെ ഓപ്പൺ എ ഐയുടെ സി ടി ഒ ആയി സ്ഥാനക്കയറ്റം നൽകി. ഓപ്പൺ എ ഐയിൽ ഉന്നതസ്ഥാനം വഹിക്കുന്ന ആദ്യ വനിതയും അൽബേനിയൻ വംശജയുമായ ആദ്യ വ്യക്തിയാണ് മിറാ മുറാടി.












Click it and Unblock the Notifications